തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് അമിത വേഗം മൂലമാണെന്ന് സാങ്കേതിക പരിശോധനാ ഫലം. മോട്ടോര്‍വാഹന വകുപ്പ് ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അപകട സമയത്ത് കാറിന്റെ വേഗം 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരുന്നുവെന്നാണ് സാങ്കേതിക വിദഗ്ധരുടെ കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി.
അപകടം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാലഭാസ്‌കര്‍ മരിക്കാനിടയായ അപകടം ആസൂത്രിതമാണോ എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധനാ ഫലംകൂടി ഇനി ലഭിക്കാനുണ്ട്.
ബാലഭാസ്‌കറുടെ മരണവുമായി തിരുവനനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ ബന്ധിപ്പിക്കുന്നതിന് തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.