തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ അതുവഴി യാത്രചെയ്ത കലാഭവന്‍ സോബിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.
അപകടം നടന്നതിനു തൊട്ടു പിന്നാലെ ഒരാള്‍ ഓടിപ്പോയതായി കണ്ടുവെന്നും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപ്പോകുന്നതും കണ്ടുവെന്നും സോബി പറഞ്ഞു. ഇക്കാര്യം ബാലഭാസ്‌ക്കറിന്റെ മാനേജര്‍ പ്രകാശ് തമ്പിയെ അറിയിച്ചിരുന്നതായും സോബി പറഞ്ഞു.
ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കൂടാതെ ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനേയും സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ തിരയുകയാണ്.
അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കറിന്റെ കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ എന്നയാളായിരുന്നു. ഇത് ഭാര്യ ലക്ഷ്മിയും സ്ഥിരീകരിച്ചതാണ്. വിഷ്ണുവാണ് അര്‍ജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്.
വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി ഉണ്ണിയും വെളിപ്പെടുത്തിയിരുന്നു. മകന്റെ മരണത്തിന് പിന്നിലും ഇവര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇവര്‍ ബാലഭാസ്‌കറിന്റെ ചില പരിപാടികള്‍ കോഡിനേറ്റ് ചെയ്തിരുന്നെന്നും അതിന് അവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നെന്നും അല്ലാതെ മറ്റു ബന്ധങ്ങളില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.
2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ പിന്നീട് ചികിത്സയില്‍ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു.