കൊല്ലം: വയലിന്‍സ്റ്റ് അലോഷ്യസ് ഫെര്‍ണാണ്ടസ്(78) അന്തരിച്ചു. കൊല്ലം കുരീപ്പുഴ സ്വദേശിയാണ്. കൊല്ലം ബീച്ചിലും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും വയലിന്‍ വായിച്ച് നടന്ന് ശ്രദ്ധേയനായ വ്യക്തിയാണ് അലോഷി ചേട്ടന്‍ എന്ന് ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്ന അലോഷ്യസ് ഫെര്‍ണാണ്ടസ്.
വെള്ളിയാഴ്ച വൈകിട്ട് കോയിവിള ബിഷപ്പ് ജറോം അഗതി മന്ദിരത്തില്‍വെച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിന് സമീപം അവശനിലയില്‍ കണ്ടെത്തിയ അലോഷിയെ പൊലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.
തുടര്‍ന്ന് അവിടെ നിന്ന് പുറത്തിറങ്ങിയ അലോഷ്യസിനെ ശക്തികുളങ്ങരയില്‍വച്ച് ജീവകാരുണ്യ പ്രവര്‍ത്തകരാണ് കോയിവിള അഗതിമന്ദിരത്തിലെത്തിച്ചിരുന്നത്. സംസ്‌കാരം ശനിയാഴ്ച ഇരവിപുരം സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ നടക്കും.
‘ജീവിതം വയലിനില്‍ വായിച്ച് തീര്‍ത്ത് ഇരവിപുരത്തിന്റെ ബീഥോവന്‍, വയലിന്‍ വാദകനായ ശ്രീ. അലോഷി വിടവാങ്ങുന്നു. തിരകളോട് വയലിനില്‍ സംവദിച്ച്, സംഗീതംകൊണ്ട് തീരങ്ങളോട് കലഹിച്ച്, ഒരു ബൊഹീമിയന്‍ ഗാനം വയലിനില്‍ പകുതി പാടിനിര്‍ത്തി ആ ജീവിതവ്യഥകള്‍ക്ക് ഇവിടെ വിരാമമാകയാണ്.
വയലിനില്‍ ജീവിതം വായിച്ചുതീര്‍ത്ത ആ മഹാനായ കലാകാരന് അന്ത്യാഭിവാദ്യം,’ എന്നാണ് എം. നൗഷാദ് എം.എല്‍.എ അലോഷിയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയത്.
CONTENT HIGHLIGHT: Violinist Aloysius Fernandes (78) passed away