തിരുവനന്തപുരം: എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാനുള്ള തീരുമാനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഒരു കാരണവശാലും എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സാധാരണയായി സി.പി.ഐയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് അപമാനിക്കാറുള്ളതെന്നും എന്നാല്‍ ഇത്തവണ ബ്രൂവറി വിഷയത്തില്‍ എം.എന്‍ സ്മാരകത്തില്‍ പോയി സി.പി.ഐയെ അപമാനിക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
നിലപാടില്ലാത്ത പാര്‍ട്ടിയായി സി.പി.ഐ മാറിയെന്നും അവരുടെ ആസ്ഥാനത്ത് പോയി അവരുടെ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ തീരുമാനമാണ് മുഖ്യമന്ത്രി അടിച്ചേല്‍പ്പിച്ചതെന്നും മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും തീരുമാനമാണ് എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒയാസിസ് കമ്പനി അഴിമതിയുടെ വഴിയിലൂടെയാണ് വന്നതെന്നും കമ്പനിയുടേത് ഷേഡി പശ്ചാത്തലമാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് ഈ കമ്പനി കോഴക്കേസിലും ഭൂഗര്‍ഭജലം മലിനപ്പെടുത്തിയ കേസിലും പ്രതിയാണെന്നും പറഞ്ഞു.
‘എലപ്പുള്ളി ഉള്‍പ്പെടെ പാലക്കാട് ജില്ല രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശമാണ്. മലമ്പുഴ അണക്കെട്ടില്‍ നിന്നും വെള്ളം നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ വെള്ളം വറ്റി ക്യാച്ച്മെന്റ് ഏരിയയില്‍ കന്നുകാലികള്‍ മേയുന്ന അവസ്ഥയിലാണ് മലമ്പുഴ അണക്കെട്ട്. വരണ്ടു കിടക്കുന്ന ഒരു പ്രദേശത്താണ് മദ്യനിര്‍മ്മാണ ശാല ആരംഭിക്കുന്നത്. കമ്പനി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ ദിവസേന 80 എം.എല്‍.ഡി വെള്ളം വേണ്ടിവരും. കൊക്കക്കോള കമ്പനിക്ക് ആവശ്യമായിരുന്നതിനേക്കാള്‍ കൂടുതല്‍ ജലം മദ്യനിര്‍മ്മാണ കമ്പനിക്ക് വേണ്ടി വരും. വാട്ടര്‍ അതോറിട്ടി ജലം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്,’ പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
‘എന്നാല്‍ കമ്പനിയുമായി അത്തരത്തില്‍ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നാണ് നിയമസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രി മറുപടി നല്‍കിയത്. എഥനോള്‍ ഉത്പാദിപ്പിച്ചു നല്‍കുന്നതിനായി ഐ.ഒ.സി.എല്ലിന്റെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് വാട്ടര്‍ അതോറിട്ടി കത്ത് നല്‍കിയത്. അത്തരത്തില്‍ ഒരു കത്ത് സൂപ്രണ്ട് എഞ്ചിനീയര്‍ നല്‍കാന്‍ പാടില്ലാത്തതാണ്. എത്രമാത്രം വെള്ളം ആവശ്യമുണ്ടെന്ന് പോലും ഈ കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല. മഴവെള്ള സംഭരണി സ്ഥാപിച്ചാല്‍ ഒരു വര്‍ഷം പരമാവധി 40 ദശലക്ഷം ലിറ്റര്‍ മാത്രമേ ശേഖരിക്കാനാകൂ. അത് കമ്പനിയുടെ ഒരു ദിവസത്തെ ആവശ്യത്തിന് പോലും തികയില്ല. സര്‍ക്കാര്‍ പറയുന്ന കണക്കുകളൊന്നും ശരിയല്ല. തെറ്റായ വഴികളിലൂടെ കമ്പനി വന്നതു കൊണ്ടാണ് ജലത്തിന്റെ പ്രശ്നം ഉള്‍പ്പെടെ അവഗണിച്ച് മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
എല്‍.ഡി.എഫ് തീരുമാനിച്ചിട്ടാണ് ഒരു വിഷയം മന്ത്രിസഭയിലേക്ക് വരേണ്ടതെന്നും എന്നാല്‍ മുന്നണിയില്‍ പോലും തീരുമാനിക്കാത്ത വിഷയം മന്ത്രിസഭ അംഗീകരിച്ചതാണ് പ്രശ്നമെന്നും പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താന്‍ നടക്കുന്ന എക്സൈസ് മന്ത്രി ആദ്യം എല്‍.ഡി.എഫിലെ ഘടകകക്ഷികളെ ബോധ്യപ്പെടുത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇതുപോലെ ഇവര്‍ എല്ലാവരും കൂടി തീരുമാനിച്ചതാണല്ലോ കെ റെയില്‍, അത് നടപ്പാക്കാനായില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഒരു മന്ത്രി സംവാദത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും സ്ഥലവും തീയതിയും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് താന്‍ ഇന്നുവരെ ഒരാളെയും സംവാദത്തിന് വെല്ലുവിളിക്കാറില്ലെന്നും പണ്ട് തോമസ് ഐസക്കും സംവാദത്തിന് പ്രതിപക്ഷത്തെയാണ് വെല്ലുവിളിച്ചതെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദത്തിന്റെ തീയതി എക്സൈസ് മന്ത്രി തീരുമാനിക്കട്ടെയെന്നും പറഞ്ഞു.
സ്വകാര്യ സര്‍വകലാശാല ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷമാണ് കാര്യോപദേശക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയും ഇതേ ആവശ്യമാണ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നതെന്നും സംവരണ ഫീസും സംബന്ധിച്ച് വ്യക്തത ഉണ്ടാക്കേണ്ടതുണ്ടെന്നും കിഫ്ബി ടോള്‍ അനുവദിക്കില്ലെന്നതായിരുന്നു പ്രതിപക്ഷ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സി.പി.ഐയും അതേ നിലപാടില്‍ എത്തിയിട്ടുണ്ടെന്നും അവരുടെ തീരുമാനം എല്‍.ഡി.എഫിലോ കാബിനറ്റിലോ സമ്മതിപ്പിക്കാന്‍ പറ്റുമോ എന്നത് സി.പി.ഐയുടെ മാത്രം പ്രശ്നമാണെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ സംസ്ഥാന കമ്മിറ്റിയില്‍ ഓഫീസില്‍ വെച്ച് തന്നെയാണ് സി.പി.ഐക്ക് മുഖ്യമന്ത്രി പണി കൊടുത്തതെന്നും സി.പി.ഐയുടെ തീരുമാനത്തിനു മേല്‍ മുഖ്യമന്ത്രിയുടെ തീരുമാനം അടിച്ചേല്‍പ്പിക്കപ്പെട്ടുവെന്നും സംരംഭങ്ങള്‍ സംബന്ധിച്ച് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.
‘എം.എസ്.എം.ഇകള്‍ വലിയ തോതില്‍ വര്‍ധിച്ചെന്നാണ് വ്യവസായ മന്ത്രി പറഞ്ഞത്. 3,55000 സംരംഭങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് പറഞ്ഞത്. 2021-ല്‍ എം.എസ്.എം.ഇയുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയ്ല്‍ എന്നുകൂടി ചേര്‍ത്തു. അത് എല്ലാ സംസ്ഥാനത്തും മാറ്റമുണ്ടാക്കി.
ആന്ധ്രാപ്രദേശില്‍ 2020-21-ല്‍ 65174 സംരംഭങ്ങള്‍ 2021-22 ല്‍ 147000 ആയി വര്‍ധിച്ചു. നിലവില്‍ 678000 സംരംഭങ്ങളാണ് അവിടെയുള്ളത്. കര്‍ണാടകത്തില്‍ 152000 ഉണ്ടായിരുന്നത്, നിര്‍വചനം മാറ്റിയപ്പോള്‍ 314000 ആയി. ഇപ്പോള്‍ 676000 ആണ്. സംരംഭങ്ങളൊക്കെ പാവപ്പെട്ടവന്‍ ലോണെടുത്ത് തുടങ്ങുന്ന പെട്ടിക്കടകളും പലചരക്ക് കടകളും പച്ചക്കറിക്കടകളും ബാബര്‍ഷോപ്പും ബേക്കറിയും വര്‍ക് ഷോപ്പും ഉള്‍പ്പെടെയുള്ളവയാണ്.
ഇതൊക്കെ സര്‍ക്കാരിന്റെ ക്രെഡിറ്റിലേക്ക് എങ്ങനെയാണ് പോകുന്നത്? ഇതൊക്കെ എല്ലാക്കാലത്തും ഉണ്ടായിരുന്നതല്ലേ? ഇത്തരത്തില്‍ തുടങ്ങുന്ന എത്ര സംരംഭങ്ങള്‍ പൂട്ടിപ്പോകുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ പഠിക്കേണ്ടത്. ഓണ്‍ലൈന്‍ വ്യാപാരവും മാളുകളും വന്നതോടെ ചെറുകിട മൊത്തവ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുകയാണ്. എന്നിട്ടാണ് സംസ്ഥാനത്ത് 355000 കൊണ്ടു വന്നെന്ന് പറയുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ കൊവിഡ് കാലത്തേതു പോലെ ജനങ്ങളെ ഇവര്‍ കബളിപ്പിക്കും.
ലോകത്ത് ഏറ്റവും മനോഹരമായി കൊവിഡിനെ കൈകാര്യം ചെയ്ത സംസ്ഥാനമെന്ന നറേറ്റീവ് ഇവരുണ്ടാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് അതിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനവുമായിരുന്നു കേരളം,’ പ്രതിപക്ഷ നേതവ് പറഞ്ഞു.
എന്താണ് ഈ സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്നലെ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും എത്ര ലക്ഷം രൂപയുടെ വര്‍ധനവാണ് നല്‍കിയതെന്നും അതാണോ സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും കുടിശിക നല്‍കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പരിഹസിച്ച മന്ത്രിമാരുള്ള മന്ത്രിസഭയാണ് പി.എസ്.എസി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ വര്‍ധന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പാര്‍ട്ടിക്കാര്‍ക്കാണ് ശമ്പള വര്‍ധനവ് നല്‍കിയതെന്നും എത്ര കോടി രൂപയാണ് ചെലവഴിച്ചതെന്നും പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചവരാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും മൂന്നു മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ പദ്ധതിക്ക് കോടികളാണ് നല്‍കാനുള്ളതെന്നും എന്നാല്‍ മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള പണം പോലും നല്‍കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം എന്നിട്ടാണ് പി.എസ്.സി അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചതെന്നും വിമര്‍ശിച്ചു.
സ്വന്തക്കാര്‍ക്ക് വേണ്ടി ഞങ്ങള്‍ എന്തു ചെയ്യുമെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയും വെല്ലുവിളിക്കുകയുമാണെന്നും ഈ വേതന വര്‍ധന പിന്‍വലിക്കണമെന്നും സമരം ചെയ്യുന്ന പാവങ്ങളെ അപമാനിക്കുന്നതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ പ്രശ്നം ഉണ്ടെന്നു പറഞ്ഞ് ലീഗ് ഒരു അതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ വെറുതെ വാര്‍ത്ത ഉണ്ടാക്കുകയാണെന്നും കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ദൃഢമായ ബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസില്‍ ഒരു വഴക്കുമില്ലെന്നും മൂന്നു വര്‍ഷത്തിനിടെ എവിടെയെങ്കിലും ഗ്രൂപ്പ് യോഗം നടന്നിട്ടുണ്ടോയെന്നും ചോദിച്ചു.
പ്രതിപക്ഷം സര്‍ക്കാരുമായി പോരാടുന്ന വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി ശശി തരൂര്‍ ലേഖനം എഴുതിയപ്പോള്‍ അതിലെ കണക്കുകള്‍ ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
‘അത് തെളിയിക്കുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പിലെ എക്കോസിറ്റം മൂല്യം കേരളത്തെ സംബന്ധിച്ചടുത്തോളം വളരെ മോശമാണ്. 1.7 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ്. അതേസമയം കര്‍ണാടകത്തിന്റേത് 1590 കോടിയാണ്. കേരളം ഉണ്ടാക്കിയ 1.7 ബില്യണ്‍ യു.എസ് ഡോളറില്‍ ഒരു ബില്യന്‍ ഡോളറും ഒരു കമ്പനിയുടേതാണ്. 254 ശതമാനം വളര്‍ച്ചയെ കുറിച്ച് പറഞ്ഞതും ഒരു കമ്പനിയാണ്. ആ കമ്പനിയുടെ ക്ലയിന്റാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍.
ശശി തരൂരുമായി കൊമ്പുകോര്‍ക്കാനോ വഴക്കിടാനോയില്ല. അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണ്. അദ്ദേഹത്തെ ശാസിക്കാനോ തിരുത്താനോ ഉള്ള ശേഷിയുള്ളവരല്ല ഞങ്ങള്‍. അദ്ദേഹവുമായി ഒരു തര്‍ക്കത്തിലും ഞങ്ങള്‍ പോകുന്നില്ല. കോണ്‍ഗ്രസിന്റെ നേതൃത്വം ഒരു വിഷയത്തിലും ഐക്യമില്ലായ്മ കാട്ടിയിട്ടില്ല. എല്ലാവരുമായും ആലോചിച്ചിട്ടാണ് ഓരോ തീരുമാനങ്ങളും എടുക്കുന്നത്. ഓരോ വാര്‍ത്തകള്‍ വരുന്നതിന് എന്ത് ചെയ്യാന്‍ പറ്റും.
ചില മാധ്യമങ്ങളില്‍ എല്ലാ ദിവസവും വാര്‍ത്തകളാണ്. മാധ്യമങ്ങള്‍ തലക്കെട്ടിനു വേണ്ടിയാണ് സംസാരിക്കുന്നത്. ശശി തരൂരിനെതിരെ വി.ഡി സതീശന്‍ എന്ന് വരുത്താനാണ് ശ്രമം. അത് എന്റെ കയ്യില്‍ നിന്നും കിട്ടില്ല. ഞാന്‍ അദ്ദേഹത്തിന് എതിരല്ല. അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയിപ്പിക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്ത ആളാണ് ഞാന്‍. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് സ്റ്റാര്‍ട്ടപ് മിഷന്റെ കണക്കാണ്. അത് തെറ്റാണെന്നു മാത്രമെ പറഞ്ഞിട്ടുള്ളൂ. 2015ലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ് ആരംഭിച്ചത്. എന്നിട്ടാണ് യു.ഡി.എഫിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇല്ലെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിച്ചല്ലോ, വി.ഡി. സതീശന്‍ പറഞ്ഞു.
ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പണ്ട് യു.ഡി.എഫ് ഭരണകാലത്ത് ഇന്‍വെസ്റ്റേഴ്സ് മീറ്റ് നത്തിയപ്പോള്‍ കേരളത്തെ വില്‍പനയ്ക്ക് വച്ചിരിക്കുന്നുവെന്നാണ് ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞതെന്നും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വില്‍ക്കാന്‍ പോകുന്നു എന്നുവരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നത് കേരളത്തിന്റെ ആഗ്രഹമാണെന്നും നവകേരള സദസ് പോലുള്ള രാഷ്ട്രീയ കാമ്പയിനുകളാണ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതെന്നും കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് വേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങളെയും പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍.ഡി.എഫുമായി ചേര്‍ന്നുള്ള ഒരു സമരത്തിനുമില്ലെന്നും കടല്‍ മണല്‍ ഖനനം സംബന്ധിച്ച വിഷയം പ്രതിപക്ഷമാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ഖനനത്തിന് എതിരായ സമരം യു.ഡി.എഫ് ആരംഭിച്ചുകഴിഞ്ഞു. യു.ഡി.എഫും ഘടകകക്ഷികളും വിവിധ പരിപാടികള്‍ തീരുമാനിച്ചിട്ടുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് എതിരായി പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. പ്രമേയം പാസാക്കി അയയ്ക്കുകയും ചെയ്തു. ഇന്ന് നിയമസഭയില്‍ നടക്കുന്ന പരിപാടിയില്‍ യു.ജി.സി ഭേദഗതിക്ക് എതിരെ എന്ന വാക്ക് മാറ്റിയത് എന്തിനെന്ന് അറിയില്ല. യു.ജി.സിക്ക് അനുകൂലമാണോ ആ പരിപാടി? വാള്‍ എടുക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണ്,’ പ്രതിപക്ഷ നേതാവ് ചോദിച്ചു.
എസ്.എഫ്.ഐ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി പൊലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരും ക്രിമിനലുകളും ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചപ്പോള്‍ അത് രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അതിനെതിരെ കോടതിയില്‍ കേസുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ റാഗിങ് കേസുകളിലും എല്ലാ അക്രമ സംഭവങ്ങളിലും പ്രതി സ്ഥാനത്ത് നില്‍ക്കുന്ന എസ്.എഫ്.ഐക്കാണ് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും എസ്.എഫ്.ഐയുടെ ക്രിമിനില്‍ പ്രവര്‍ത്തികള്‍ക്ക് സ്വന്തം അധികാരം ദുരുപയോഗം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പോലും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു.
ആ ക്രിമിനലുകളെയാണ് സംരക്ഷിക്കുന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ മറ്റൊരു വ്യാഖ്യാനമാണ് എസ്.എഫ്.ഐ സമ്മേളനത്തില്‍ ക്രിമിനലുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Violent protest against decision to start brewery at Elappulli; The opposition will not allow it under any circumstances; V.D. Sathishan