ന്യൂദല്‍ഹി: തലസ്ഥാന നഗരത്തില്‍ കനത്ത പൊടിക്കാറ്റും മഴയും. കാലാവസ്ഥ രൂക്ഷമായതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. റോഡ് ഗതാഗതവും നിലച്ചു.
റണ്‍വേയില്‍ പൊടിക്കാറ്റ് കാഴ്ച തടസപ്പെടുത്തിയതിനാല്‍ ദല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. പത്തോളം വിമാനങ്ങള്‍ തിരിച്ചു വിട്ടു. ഡല്‍ഹി മെട്രോ സര്‍വീസും നിര്‍ത്തി വച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തലസ്ഥാനത്ത് ശക്തമായ പൊടിക്കാറ്റ് വീശിയത്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതും ഗതാഗത തടസമുണ്ടാവാന്‍ കാരണമായി. മണിക്കൂറില്‍ 50 മുതല്‍ 70 വരെ വേഗത്തിലാണ് കാറ്റ്.
ദല്‍ഹിയിലും സമീപ പ്രദേശത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ച വരെ ചൂടുള്ള കാലാവസ്ഥയായിരുന്നു ദല്‍ഹിയില്‍. ഉച്ചയ്ക്ക് ശേഷമാണ് കാലവസ്ഥ മാറി മഴ പെയ്തത്. വൈകീട്ടോടെ ശക്തമായി കാറ്റ് വീശുകയായിരുന്നു.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.