| Friday, 23rd April 2021, 9:50 pm

തീവ്ര വലതുപക്ഷ ജൂതമാര്‍ച്ചിന് പിന്നാലെ സംഘര്‍ഷം; നിരവധി ഫലസ്ഥീനികള്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: തീവ്ര വലതുപക്ഷ ജൂതന്മാര്‍ ജറുസലേമില്‍ നടത്തിയ അറബ് വിരുദ്ധ മാര്‍ച്ചിന് പിന്നാലെ സംഘര്‍ഷം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

നൂറിലേറെ ഫലസ്ഥീനികള്‍ക്കും 20 ഓളം പൊലീസുകാര്‍ക്കും പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ 105 പേരില്‍ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഫലസ്ഥീന്‍ റെഡ് ക്രസന്റ് പറഞ്ഞു. 20 ഓളം പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി ഇസ്രഈല്‍ പൊലീസും അറിയിച്ചു.

തീവ്ര വലതുപക്ഷ ജൂതന്മാരുടെ റാലി അവസാനിച്ചതിന് പിന്നാലെ, ഓള്‍ഡ് സിറ്റിയിലെ കവാടത്തില്‍ നിന്നും റാലിയില്‍ പങ്കെടുത്ത ചിലര്‍ ‘അറബികളുടെ മരണം’ എന്ന് ആക്രോശിച്ചുകൊണ്ട് ഫലസ്ഥീനികളെ ആക്രമിക്കുകയായിരുന്നു. ‘തീവ്രവാദികളുടെ മരണം’ എന്ന ബാനറും ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ സംഘര്‍ഷത്തില്‍ പൊലീസ് ഇടപെടുകയായിരുന്നു.

ലെഹാവ എന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജൂതന്മാര്‍ക്കും ഫലസ്ഥീനികള്‍ക്കുമിടയില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി ഇസ്രഈല്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.

ഏപ്രില്‍ 13ന് റമദാന്‍ ആരംഭിച്ചതു മുതല്‍ തന്നെ അല്‍ അഖ്‌സ പള്ളിയുടെ പരിസരത്ത് നേരിയ തോതില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഒത്തുകൂടാറുള്ള പൊതു സ്ഥലത്ത് സമാധാനത്തോടെ നടക്കാന്‍ പൊലീസ് അനുവദിക്കാറില്ലെന്ന് ഫലസ്ഥീനികള്‍ ആരോപിക്കുന്നു.

‘അല്‍ അഖ്‌സ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പാലസ്ഥീനികള്‍ ഇവിടെ വിശ്രമിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇസ്രയേലികള്‍ക്ക് അത് ഇഷ്ടമല്ല. ഇത് പരമാധികാരത്തിന്റെ പ്രശ്‌നമാണ്,’ ജറുസലേം നിവാസി പറഞ്ഞു.

എന്നാല്‍ ഫലസ്ഥീനികളുടെ സുരക്ഷയെ കണക്കിലെടുത്താണ് നടപടിയെന്നാണ് പൊലീസ് വാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Violent clashes in Jerusalem after Israeli far-right march

We use cookies to give you the best possible experience. Learn more