| Thursday, 19th December 2019, 8:05 pm

ലക്‌നൗവില്‍ പ്രതിഷേധത്തിനിടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍പ്രദേശ്: പൗരത്വഭേദഗതി നിയമത്തിനെതിരെ ലക്‌നൗവില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് വകീല്‍ ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പൊലീസ് വെടിവെപ്പിലാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലക്‌നൗ ട്രോമാ സെന്റര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഹമ്മദിന്റെ വയറിലാണ് വെടിയേറ്റത്. പൗരത്വനിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്.
പ്രതിഷേധത്തെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ വെല്ലുവിളിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.

ലക്‌നൗവില്‍ നിരവധി വാഹനങ്ങള്‍ അഗ്നിനിക്കിരയാക്കി. നേരത്തെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

ലക്‌നൗ നഗരത്തിലെ ഓള്‍ഡ്‌സിറ്റി മേഖലയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്.
ദല്‍ഹിയില്‍ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓരോ ശ്രമങ്ങളും പരാജയപ്പെടുന്ന കാഴ്ച്ചയാണ്.

ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ദല്‍ഹിയില്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more