പഞ്ച്കുളയിലേത് ഗുര്‍മീത് പദ്ധതിയിട്ടതുപ്രകാരം ദേര നടപ്പിലാക്കിയ അക്രമങ്ങളെന്ന് കലാപത്തിന് സാക്ഷ്യംവഹിച്ച പൊലീസുകാരന്‍
India
പഞ്ച്കുളയിലേത് ഗുര്‍മീത് പദ്ധതിയിട്ടതുപ്രകാരം ദേര നടപ്പിലാക്കിയ അക്രമങ്ങളെന്ന് കലാപത്തിന് സാക്ഷ്യംവഹിച്ച പൊലീസുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th August 2017, 9:07 am

പഞ്ച്കുള: ദേര സച്ചാ സൗധാ മേധാവി ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനാക്കിയുളള കോടതി വിധിക്കു പിന്നാലെയുണ്ടായ അക്രമസംഭവങ്ങള്‍ മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥന്‍. ദേരയ്ക്കുവേണ്ടിയാണ് ഇത് നടപ്പിലാക്കിയതെന്നും അദ്ദേഹം സമര്‍പ്പിച്ച പരാതിയില്‍ ആരോപിക്കുന്നു.

ആക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് ആരോപിച്ച് ഗുര്‍മീതിനും ദേരയുടെ കുരുക്ഷേത്ര കോഡിനേറ്റര്‍ ജാബിര്‍ സിങ്ങിനുമെതിരെ ഹരിയാന പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീ ഭഗ്‌വാനാണ് പരാതി നല്‍കിയത്.

കലാപം സൃഷ്ടിച്ചതിനും പൊതുസേവകരുടെ ജോലി തടസപ്പെടുത്താന്‍ ക്രിമിനല്‍ സേനയെ ഉപയോഗിച്ചതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വധശ്രമത്തിനും ദേരയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.


Must Read: സ്ത്രീകളുടെ ചേലാകര്‍മ്മം; പി.കെ ഫിറോസിനും യൂത്ത് ലീഗിനുമെതിരെ സമസ്ത ഇ.കെ വിഭാഗം; വിമര്‍ശനം കനത്തപ്പോള്‍ യൂത്ത് ലീഗിനെ പ്രശംസിച്ച പോസ്റ്റ് വലിച്ച് മുനവ്വറലി തങ്ങള്‍


ആഗസ്റ്റ് 23 മുതല്‍ പഞ്ച്കുളയില്‍ വിന്യസിച്ച ടീമില്‍ ശ്രീ ഭഗവന്‍ ഉണ്ടായിരുന്നു. “മൂന്നുമണിയോടെ ദേരയുടെ അനുയായികള്‍ക്ക് ബാബയെ കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ച വിവരം ലഭിച്ചു. ദേര തലവന്‍ മുന്‍ നിശ്ചയിച്ച പ്രകാരം കുരുക്ഷേത്ര കോഡിനേറ്റര്‍ ജാബിര്‍ സിങ് ആയിരക്കണക്കിന് അനുയായികളുമായി നിരോധനാജ്ഞ മറികടന്ന് മുന്നോട്ടു കുതിക്കുകയാണുണ്ടായത്.” എന്നാണ് അദ്ദേഹം പറയുന്നത്.

“തുടക്കത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മജിസ്‌ട്രേറ്റ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ അക്രമികള്‍ കെട്ടിടങ്ങള്‍ക്ക് തീയിടാനും പൊലീസിനുനേരെ തീയിടാനും തുടങ്ങിയതോടെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു.” എഫ്.ഐ.ആറില്‍ പറയുന്നു.