അഹമ്മദാബാദ്: മാര്‍ച്ച് 25ന് ഗുജറാത്തിലെ വഡാവലി ഗ്രാമത്തിലുണ്ടായ വര്‍ഗീയ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ട്. വഡാവലിയിലെ വാഗ്ജിപാര പ്രദേശത്തെ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടായിരുന്നു കലാപമെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
1200 മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന വാഗ്ജിപാരയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വഡാവലി നാഗരിക് അധികാര്‍ സമിതി എന്ന പേരിലുള്ള വസ്തുതാന്വേഷണ സംഘമാണ് റിപ്പോര്‍ട്ടു തയ്യാറാക്കിയത്.
രണ്ടു വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്കു വഴിവെച്ചത്. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മുസ്‌ലിം വിദ്യാര്‍ഥി തകോഡി ഗ്രാമത്തിലുള്ളയാളും താക്കൂര്‍ വിദ്യാര്‍ഥി സുന്‍സര്‍ ഗ്രാമത്തിലുള്ളവനുമാണ്. “തര്‍ക്കത്തില്‍ ഉള്‍പ്പെട്ട രണ്ടു കുട്ടികളും വഡാവലി സ്വദേശികളല്ല. എന്നിട്ടും അവരെന്തിനാണ് വഡാവലിയെ ആക്രമിച്ചത്?” എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ “അവര്‍ക്ക് വ്യക്തമായും മറ്റെന്തോ കാരണമുണ്ട്.” എന്ന് വഡാവലിയില്‍ വസ്തുതാന്വേഷണ സംഘത്തെ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തയാളും ഗുജറാത്ത് കലാപത്തെ അതിജീവിച്ചയാളുമായ റഹിംഭായ് ഷെയ്ക്ക് പറയുന്നു.
ഏതാണ്ട് പത്തുകിലോമീറ്ററോളം അകലെ നില്‍ക്കുന്ന മൂന്നു ഗ്രാമങ്ങളില്‍ നിന്നുള്ള 5000ത്തോളം പേരാണ് വഡാവലിയിലെ മുസ്‌ലീങ്ങളെ ലക്ഷ്യമിട്ടെത്തിയത്. കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്രയും വലിയ ഒരു ജനക്കൂട്ടം ഇവിടെയെത്തിയത്. ഇതും സംഭവം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
” മൂന്നു ഗ്രാമങ്ങളില്‍ നിന്നായി 5000ത്തോളം ആളുകള്‍ കുറച്ചുമണിക്കൂറിനുള്ളില്‍ ഇങ്ങനെ ഒത്തുകൂടുക സാധ്യമല്ല. വീട് കത്തിക്കാന്‍ അവര്‍ ഉപയോഗിച്ചത്രത്തോളം പെട്രോളും മണ്ണെണ്ണയും വടിവാളുകളും മറ്റായുധങ്ങളുമൊന്നും ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ സംഘടിപ്പിക്കാനാവില്ല.” വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായി മാര്‍ച്ച് 27ന് വഡാവലി സന്ദര്‍ശിച്ച അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഷംഷാദ് പഥാന്‍ പറയുന്നു.
അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാള്‍ വഡാവലി സ്വദേശിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ ആയിരുന്നെന്ന് കലാപത്തെ അതിജീവിച്ചവര്‍ മൊഴിനല്‍കിയതായി വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയേറെ ആളുകളെയും ആയുധങ്ങളും ഇന്ധനങ്ങളും സംഘടിപ്പിക്കുന്നതിലും ഇയാള്‍ക്കു വലിയ പങ്കുണ്ടെന്നും ഇരകള്‍ പറയുന്നു.
കലാപം നടക്കുന്നതിനു തൊട്ടുമുമ്പ് ഒരു അധ്യാപകന്‍ കുട്ടികളെയും മുതിര്‍ന്നവരെയും പ്രേരിപ്പിച്ചതായും ശിവസേനയുമായി ബന്ധമുള്ള ഒരാള്‍ മുസ്‌ലീങ്ങളെ ഭീഷണിപ്പെടുത്തിയതായും കലാപ ബാധിത പ്രദേശങ്ങളിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് റിസര്‍വ്വ് പൊലീസില്‍ ജവാന്മാരായ സമീപ ഗ്രാമത്തിലെ രണ്ടു യുവാക്കളും അക്രമികള്‍ക്കൊപ്പമുണ്ടായിരുന്നെന്നും ഇവര്‍ ഇവരുടെ സ്വകാര്യ ആയുധങ്ങള്‍ വെടിവെയ്ക്കാന്‍ ഉപയോഗിച്ചെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പഥാന്‍ പറയുന്നു.
പൊലീസിന് കലാപ ഇരകള്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും എഫ്.ഐ.ആറില്‍ ഇവരുടെ പേരുപരാമര്‍ശിച്ചിട്ടില്ലെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഏപ്രില്‍ 28ന് വഡാവലി ഗ്രാമത്തില്‍ ഉള്‍പ്പെടെ ഗുജറാത്തിലെ 1828 ഗ്രാമപഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ് കലാപമുണ്ടായത്.
വാര്‍ഡ് മെമ്പര്‍മാരെയും സര്‍പഞ്ചുകളെയും വോട്ടിലൂടെയല്ലാതെ പരസ്പര സമ്മതത്തോടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംരാസ് ഗ്രാമപഞ്ചായത്താണ് ഈ ഗ്രാമത്തിലുള്ളത്. രണ്ടരവര്‍ഷം ഹിന്ദു സര്‍പഞ്ചിനെയും തുടര്‍ന്നുള്ള രണ്ടരവര്‍ഷം മുസ്‌ലിം സര്‍പഞ്ചിനെയും തെരഞ്ഞെടുക്കുന്നതാണ് വഡാവലിയിലെ രീതി.
ഹിന്ദു സര്‍പഞ്ചായിരുന്ന മിനേഷ് പട്ടേലിന്റെ കാലവധി പൂര്‍ത്തിയായതിനാല്‍ മാര്‍ച്ച് 25ന് ഇവിടെ ഒരു യോഗം നടക്കുകയും സുല്‍താന്‍ഭായ് ഖുറേഷിയെ അടുത്ത സര്‍പഞ്ചായി നിയമിക്കുകയും ചെയ്തു. അന്നു വൈകുന്നേരമാണ് ഇവിടെ അക്രമമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.