കൊല്‍ക്കത്ത: പ്രാദേശിക തെരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പിയുടെ അക്രമം. മോട്ടോര്‍ സൈക്കിളിലെത്തിയ മുഖം മൂടി ധരിച്ച 40 പേരാണ് പോളിംഗ് ബൂത്തുകള്‍ക്ക് നേരെ ബോംബെറിയുകയും വോട്ടിംഗ് യന്ത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തത്.
“ജയ് ശ്രീറാം” വിളികളോടെയാണ് സംഘം ബൂത്തുകളിലേക്ക് ഇരച്ചെത്തിയത്. ഏത് പാര്‍ട്ടിയാണെന്ന് ചോദിച്ചപ്പോഴാണ് തങ്ങള്‍ ബി.ജെ.പിക്കാരാണെന്ന് ഇവര്‍ വിളിച്ച് പറഞ്ഞത്.
ഡാര്‍ജിലിംഗ്, കുര്‍സിയോംഗ്, കലിംപോംഗ് തുടങ്ങിയിടങ്ങളിലാണ് പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ബി.ജെ.പി ആക്രമണം നടന്നതിന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളില്‍ ദ്രൂതകര്‍മ്മ സേനയെ (ആര്‍.എ.എഫ്) വിന്യസിച്ചിട്ടുണ്ട്.
ദോംകല്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷമാണ് ഇവിടെ സംഘര്‍ഷം ആരംഭിച്ചത്.
സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്.