| Sunday, 26th August 2012, 2:45 am

ആസാമില്‍ വീണ്ടും കലാപം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ബോഡോ  തീവ്രവാദികളും ന്യൂനപക്ഷസമുദായവും തമ്മിലുളള സംഘര്‍ഷത്തെ തുടര്‍ന്ന് ആസാമിലെ ചിരാഗ് ജില്ലയില്‍ അഞ്ചുപേര്‍ മരിച്ചു. ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ മാതൃഗ്രാമത്തിലേക്ക് തിരികെവന്നപ്പോഴാണ് ആക്രമണമുണ്ടായത്.[]

വീണ്ടും അക്രമമുണ്ടായ സാഹചര്യത്തില്‍ ചിരാഗ് ജില്ലയില്‍ അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്.

ഈ സംഭവത്തോടെ ആസാമില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 85 ആയെന്നാണ് ഔദ്യോഗിക കണക്ക്. അഞ്ച് ലക്ഷത്തോളം ആളുകള്‍ വീട് നഷ്ടപ്പെട്ട് വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലായി കഴിയുന്നുണ്ട്.

ആസാം സംഘര്‍ഷത്തെതുടര്‍ന്ന് രണ്ടായിരത്തിലധികം ആളുകള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തില്‍ നടന്ന വംശീയ കലാപത്തില്‍ 80 ലധികം ആളുകളാണ് മരിച്ചത്.

അതിനിടെ കൊക്രജാര്‍, ചിരാഗ് ജില്ലകളില്‍ നിന്നും കുടിയിറക്കപ്പെട്ട ബോഡോ വിഭാഗക്കാര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും സ്വന്തം വീടുകളിലേക്ക് തിരിച്ചുവരുന്നുണ്ട്. എന്നാല്‍ താല്‍ക്കാലിക അഭയ കേന്ദ്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലീംകള്‍ അവിടെ തന്നെ തങ്ങുകയാണ്.

മുസ്‌ലീംകള്‍ ഏറെയുള്ള ധുബ്രി ജില്ലയിലെ ആറ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ സര്‍ക്കാര്‍ ഇതിനകം തന്നെ അടച്ചുപൂട്ടിയിട്ടുണ്ട്. ധുബ്രിയിലെ 133 അഭയകേന്ദ്രങ്ങളിലായി 1.5 ലക്ഷം പേരാണ് താമസിക്കുന്നത്. വെറും 29,000 ആളുകളാണ് ധുബ്രിയിലെ അഭയകേന്ദ്രങ്ങളില്‍ നിന്നും പോയത്.

We use cookies to give you the best possible experience. Learn more