| Thursday, 25th February 2021, 3:50 pm

ബി.ജെ.പി ഹര്‍ത്താലിനിടെ അക്രമം; ചേര്‍ത്തലയില്‍ 3 കടകള്‍ തീവെച്ചു നശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആര്‍.എസ.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. അലപ്പുഴ ചേര്‍ത്തലയില്‍ അടച്ചിട്ട കടകള്‍ക്ക് നേരെയാണ്  അക്രമണമുണ്ടായത്.

മൂന്ന് കടകളാണ് അക്രമികള്‍ തീ വെച്ചു നശിപ്പിച്ചത്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ത്തല നഗരത്തില്‍ പോലീസും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ എട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ ആയിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വയലാര്‍ തട്ടാംപറമ്പ് നന്ദു (22) വെട്ടേറ്റ് മരിച്ചത്. പ്രദേശത്തുണ്ടായ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണു മരണം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് നടന്ന എസ്.ഡി.പി.ഐയുടെ വാഹനപ്രചരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വയലാറില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വെട്ടിയവരെയും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ജാഥക്ക് നേരെ ആര്‍.എസ്.എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്.ഡി.പി.ഐ നേതാക്കളുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Violence during BJP hartal; In Cherthala, 3 shops were destroyed by fire

We use cookies to give you the best possible experience. Learn more