എം.പിയാണെന്നറിഞ്ഞിട്ടും പൊലീസ് അക്രമിച്ചെന്ന് എ.എ. റഹീം; ദല്‍ഹിയില്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ചിനെതിരെ പൊലീസ് അതിക്രമം, നേതാക്കളെ കസ്റ്റഡിയിലെടുത്തു
national news
എം.പിയാണെന്നറിഞ്ഞിട്ടും പൊലീസ് അക്രമിച്ചെന്ന് എ.എ. റഹീം; ദല്‍ഹിയില്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ചിനെതിരെ പൊലീസ് അതിക്രമം, നേതാക്കളെ കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th June 2022, 1:34 pm

ന്യൂദല്‍ഹി: അഗ്നിപഥിനെതിരെയുള്ള ഡി.വൈ.എഫ്.ഐ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ ദല്‍ഹി പൊലീസിന്റെ അതിക്രമം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് ആക്രമണമുണ്ടായത്.

നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സമരത്തില്‍ നിന്ന് തോറ്റ് പിന്മാറില്ലെന്നും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും എ.എ. റഹീം പ്രതികരിച്ചു. ദല്‍ഹി പൊലീസ് കസ്റ്റഡിയടുത്തതിന് പിന്നാലെയാണ് റഹീമിന് പ്രതികരണം.

വളരെ ക്രൂരമായി, ജനാധിപത്യവിരുദ്ധമായാണ് പൊലീസ് പെരുമാറിയത്. പരിപൂര്‍ണമായും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു പൊലീസ്. ജനാധിപത്യപരമായി നിരായുധരായി സമരം ചെയ്ത ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ക്രൂരമായി പൊലീസ് ആക്രമിച്ചത്. തങ്ങളെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വരെ സംഘര്‍ഷപരമായ അവസ്ഥായണെന്നും എ.എ. റഹീം പറഞ്ഞു.

ഒരു വനിതാപ്രവര്‍ത്തകയുടെ വസ്ത്രം തന്നെ പൊലീസ് വലിച്ചുകീറി. ബസിനകത്ത് വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുകയാണ്. എം.പിയാണെന്നറിഞ്ഞിട്ടും തനിക്കെതിരെ പൊലീസ് അതിക്രമമുണ്ടായി. ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമര്‍ത്തി എത്രകാലം നരേന്ദ്ര മോദി സര്‍ക്കാരിന് ഭരിക്കാനുകുമെന്നും റഹീം ചോദിച്ചു.

‘ഒരു സംശയവും വേണ്ട ഇനിയും ഞങ്ങള്‍ ഈ തെരുവിലേക്ക് മടങ്ങിവരും. ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ യുവതീ യുവാക്കള്‍ ഇനിയുമെത്തും. അതിന് മോദിയുടെ പൊലീസിന് ഞങ്ങളെ തടയാനാകില്ല. വരും മണിക്കൂറുകളില്‍ ഇടത് യുവജന പ്രസ്ഥാനങ്ങളെയാകെ ഏകോപിപ്പിച്ച് ഡി.വൈ.എഫ്.ഐ സമരം സംഘടിപ്പിക്കും,’ റഹീം കൂട്ടിച്ചേര്‍ത്തും.

അഗ്നിപഥ് എന്ന ബി.ജെ.പി സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പ്രതിഷേധിച്ച നേതാക്കള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും പ്രസ്താവനയിലൂടെ പ്രതികരിച്ചു.

‘രാജ്യത്തെ തൊഴില്‍ അന്വേഷകരായ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയെ കുരുതി കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് സ്‌കീമിനെതിരെ ഡി.വൈ.എഫ്.ഐ ദല്‍ഹിയില്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.

രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈന്യത്തെ കരാര്‍ വല്‍ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ പൊലീസ് തടയുകയും അതിക്രമം അഴിച്ചുവിടുകയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ സഖാവ് എ.എ.റഹിം ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരിക്കയാണ്.

കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്മാറും വരെ ഈ യുവജന വഞ്ചനയെക്കെതിരായ സമര മുഖത്ത് ഡി.വൈ.എഫ്.ഐയുണ്ടാകും,’ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേന്ദ്രം അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി പ്രഖ്യാപിച്ചത്. 17നും 23നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ചേര്‍ക്കാനുള്ള പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.

പെന്‍ഷന്‍ പോലുമില്ലാതെ ഇവരെ നാല് വര്‍ഷത്തിന് ശേഷം പിരിച്ചുവിടാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് ആയിരക്കണക്കിന് യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.