ഫലസ്തീനിനെതിരെ അതിക്രമം; ഇസ്രഈലുമായുള്ള ബന്ധം വിഛേദിച്ച് ബാഴ്സലോണയിലെ ഇടതുപക്ഷ മേയർ
World News
ഫലസ്തീനിനെതിരെ അതിക്രമം; ഇസ്രഈലുമായുള്ള ബന്ധം വിഛേദിച്ച് ബാഴ്സലോണയിലെ ഇടതുപക്ഷ മേയർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2023, 11:01 pm

മാഡ്രിഡ്,സ്പെയ്ൻ: ഫലസ്തീനെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇസ്രഈലുമായുള്ള ബന്ധം താൽക്കാലികമായി വിഛേദിച്ച് ബാഴ്സലോണ. ഇസ്രാഈലുമായി 25 വർഷത്തോളം നീണ്ടുനിന്ന സഹകരണമാണ് ബാഴ്സലോണ താൽക്കാലികമായ നിർത്തിവെച്ചത്.

ഇടതുപക്ഷ പാർട്ടിയായ ബാഴ്സലോണ എൻ കോമൂ (Barcelona En comu) പ്രവർത്തകയായ ബാഴ്സലോണ മേയർ ഏഡാ കോളാണ് (Ada Coalu) ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെഴുതിയ കത്തിലാണ് ബാഴ്സലോണ നഗരം ഇസ്രഈലുമായുള്ള ബന്ധം താൽക്കാലികമായി നിർത്തി വെച്ചതായി അറിയിച്ചത്.

ഫലസ്തീനിൽ മനുഷ്യാവകാശം ലംഘിച്ച് നടത്തുന്ന വ്യവസ്ഥാപിതമായ അതിക്രമണ പ്രവർത്തനങ്ങളിൽ വിയോജിപ്പറിയിച്ചാണ് ഏഡാ കോൾ ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

” ഇസ്രഈലുമായുള്ള ബന്ധം താൽക്കാലികമായി നിർത്തിവെക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഇസ്രഈൽ ഫലസ്തീൻ ജനതക്ക് മേൽ നടത്തുന്ന വ്യവസ്ഥാപിതമായ അതിക്രമങ്ങൾ മനുഷ്യാവകാശ ലംഘനമാണ്. അത് കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല,’ ഏഡാ കോൾ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ബാഴ്സലോണ നഗരത്തിൽ താമസിക്കുന്ന നൂറിലേറെ സംഘടനകളും നാലായിരത്തിലേറെ വ്യക്തികളും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രഈലുമായുള്ള ബന്ധം നിർത്തിവെക്കാൻ ബാഴ്സലോണ തീരുമാനിച്ചത്.

ഇടതുപക്ഷ പ്രവർത്തകയായ കോൾ പ്രാദേശിക രാഷ്‌ട്രീയം വിട്ട് ഇന്റർനാഷണൽ പൊളിറ്റിക്സിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിശദീകരണം.

എന്നാൽ ബാഴ്സലോണയിലെ ജനങ്ങളുടെ താൽപര്യത്തിനെതിരായ നടപടിയാണ് ഇസ്രാഈലുമായുള്ള ബന്ധം നിർത്തിവെക്കാനുള്ള മേയറുടെ തീരുമാനമെന്ന് ഇസ്രഈലി വിദേശകാര്യ വകുപ്പ് വക്താവായ ലിയോർ ഹയാത്ത്‌ അഭിപ്രായപ്പെട്ടു.

ഫെഡറേഷൻ ഓഫ് സ്പാനിഷ് ജ്യൂവിഷ് കമ്മ്യൂണിറ്റിയും സ്പാനിഷ് മേയറുടെ തീരുമാനത്തെ എതിർത്ത്‌ രംഗത്ത് വന്നിട്ടുണ്ട്.

2015 ജൂൺ 13ന് ബാഴ്സലോണ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഏഡാ കോളാണ് ബാഴ്സലോണ വനിതാ മേയർ ആകുന്ന ആദ്യ വ്യക്തി.

അതേസമയം സ്പെയ്നിലെ വടക്ക് കിഴക്കൻ സ്വയം ഭരണ പ്രാവിശ്യയായ ബാഴ്സലോണക്ക് സ്വതന്ത്രമായി നിയമ നിർമാണത്തിന് അധികാരമുണ്ട്.

 

Content Highlights:Violence against Palestine; Barcelona mayor cuts ties with Israel