ഡെറാഡൂണ്‍: മുസ്‌ലിങ്ങളെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് ഉത്തരാഖണ്ഡില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം നേതാക്കള്‍. ജൂണ്‍ 18ന് ഡെറാഡൂണില്‍ വെച്ചാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുക.
നേരത്തെ സാമുദായിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഉത്തരകാശിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വ്യാപാരികളോട് സംഘപരിവാര്‍ സംഘടനകള്‍ കടകള്‍ അടച്ചിട്ട് സംസ്ഥാനം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവാവും ചേര്‍ന്ന് 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് മെയ് 26 മുതലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ഇത് ‘ലവ് ജിഹാദാ’ണെന്ന് പ്രദേശവാസികള്‍ ആരോപിക്കുകയാരുന്നു.
കുറ്റക്കാരായ ഉബെദ് ഖാന്‍, ജിതേന്ദ്ര സൈനി എന്നിവര്‍ മെയ് 27ന് അറസ്റ്റിലായിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിം കടകളും വീടുകളും നശിപ്പിക്കുകയായിരുന്നു.
ജൂണ്‍ 5നകം ഉത്തരകാശിയിലെ പുരോല മാര്‍ക്കറ്റില്‍ നിന്ന് മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ച് സംസ്ഥാനം വിട്ട് പോകണമെന്ന പോസ്റ്ററുകളും സംഘപരിവാര്‍ പതിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പല മുസ്‌ലിം വ്യാപാരികളും കടകള്‍ അടച്ചിടാനും ജില്ല വിട്ട് പോകാനും തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷ പ്രവര്‍ത്തികള്‍ ചര്‍ച്ച ചെയ്‌തെന്നും മഹാപഞ്ചായത്ത് ജൂണ്‍ 18ന് ചേരുമെന്നും മുസ്‌ലിങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള സംഘടനയായ മുസ്‌ലിം സേവ സംഘാതന്റെ മീഡിയ ചുമതലയുള്ള വസീം അഹമദ് പറഞ്ഞു.
‘ഉത്തരാഖണ്ഡിലെ മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദേഷ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച ഡെറാഡൂണിലെ ഷെഹര്‍ ഖാസി മുഹമ്മദ് അഹ്മദ് ഖാസിമിയുടെ അധ്യക്ഷതയില്‍ മുസ്‌ലിം മതനേതാക്കളുടെ യോഗം ചേര്‍ന്നു.
മുസ്‌ലിം മതനേതാക്കളുടെ മഹാപഞ്ചായത്ത് ജൂണ്‍ 18ന് ചേരും. ഡെറാഡൂണ്‍, ഉദ്ദം സിങ് നഗര്‍, ഹല്‍ദ്വാനി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള ജനങ്ങള്‍ പങ്കെടുക്കും,’ അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിയുടെ പേരില്‍ സമുദായത്തെ മുഴുവനും വേട്ടയാടരുതെന്ന് അഹമദ് ഖാസിമിയും പറഞ്ഞു.
‘മലമുകളില്‍ താമസിക്കുന്ന നിഷ്‌കളങ്കരായ മുസ്‌ലിങ്ങളോട് പുറത്ത് പോകാന്‍ നിര്‍ബന്ധിക്കുന്നു. കുറ്റം ചെയ്ത ആരായാലും ശിക്ഷിക്കപ്പെടണം.
എന്നാല്‍ സമുദായം മുഴുവന്‍ വേട്ടയാടപ്പെടരുത്. ഒരു വ്യക്തിയുടെ പേരില്‍ സമുദായത്തിലെ മറ്റുള്ളവര്‍ തൊഴില്‍ രഹിതരാകരുത്,’ അദ്ദേഹം പറഞ്ഞു.
നിഷ്‌കളങ്കരെ ശിക്ഷിക്കരുതെന്നാണ് മഹാപഞ്ചായത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘപരിവാര്‍ സംഘടനകള്‍ മുസ്‌ലിം മതനേതാക്കളുടെ റാലി നടത്തില്ലെന്ന് അറിയിച്ചു. ജൂണ്‍ 15ന് അവരും മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മഹാപഞ്ചായത്ത് നടത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ദേവഭൂമി രക്ഷാ അഭിയാന്റെ സ്ഥാപകന്‍ സ്വാമി ദര്‍ശന്‍ ഭാര്‍തി പറഞ്ഞു.
ഡെറാഡൂണില്‍ മഹാപഞ്ചായത്ത് നടത്താന്‍ ആരും തങ്ങളോട് അനുമതി ചോദിച്ചിട്ടില്ലെന്നും അനുമതി തേടിയാല്‍ വേണ്ട നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കാമെന്നും ഡെറാഡൂണ്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ശിവകുമാര്‍ ബരണ്‍വാല്‍ പറഞ്ഞു.
മുസ്‌ലിങ്ങളുടെ കട നശിപ്പിച്ചതിനെ തുടര്‍ന്ന് മെയ് 29ന് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. യമുന ഘാടി ഹിന്ദു ജാഗ്രിതി സംഘാതന്‍ എന്ന സംഘടനയും ജൂണ്‍ 3ന് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
നഗരത്തില്‍ വ്യാപാരത്തിനായെത്തിയ പുറത്തുനിന്നുള്ളവരെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘാതന്‍ പുരോല സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് ഒരു പരാതിയും നല്‍കി.
എന്നാല്‍ മുസ്‌ലിങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയും കടകള്‍ വീണ്ടും തുറക്കുന്നതിനുള്ള സുരക്ഷ തേടിയും മുസ്‌ലിം കുടുംബങ്ങളും മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം സീനിയര്‍ പൊലീസുകാരുമായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വെള്ളിയാഴ്ച നടത്തിയ യോഗത്തില്‍ സംസ്ഥാനത്ത് ‘ലവ് ജിഹാദ്’ കേസുകള്‍ വര്‍ധിക്കുന്നെന്ന വിവാദ പരാമര്‍ശം നടത്തുകയുണ്ടായി.
content highlights: Violence against Muslims in Uttarakhand; Muslim religious leaders to conduct Maha Panchayat; The Sangh Parivar will stop it