ന്യൂദല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമം വര്‍ധിച്ചുവരുന്നതായി യുണൈറ്റഡ് ക്രിസ്ത്യന് ഫോറം (യു.സി.എഫ്) റിപ്പോര്‍ട്ട്. അടിയന്തിരവും രാഷ്ട്രീയപരവും നിര്‍ണായകവുമായ നടപടികള്‍ ഭരണനേതൃത്വം സ്വീകരിച്ചില്ലെങ്കില്‍ 2050ന് മുമ്പ് ഇന്ത്യയിലെ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ സ്വത്വവും നിലനില്‍പ്പും തന്നെ ഭീഷണിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ 2014ല്‍ 127 എണ്ണമായിരുന്നെങ്കില്‍ ഇത് 2024 ഡിസംബറോടെ 834 ആയി ഉയര്‍ന്നുവെന്നാണ് യു.സി.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉത്തര്‍പ്രദേശും ചത്തീസ്ഗഡിലുമാണ് ക്രിസ്ത്യാനികളോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നതെന്നും ഈ സംസ്ഥാനങ്ങളില്‍ ആക്രമണങ്ങളുടെ കണക്ക് യഥാക്രമം 209, 165 എന്നിങ്ങനെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ഒപ്പം നിലവില്‍ അക്രമികളെ ശിക്ഷിക്കാതിരിക്കുന്ന പ്രവണതയാണ് സംഭവങ്ങള്‍ നടപടി സ്വീകരിക്കാതിരിക്കുന്നതിന്റെ പിന്നിലെന്നും യു.സി.എഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് മാത്രം രാജ്യത്ത് ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ പതിനാലോളം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും യു.സി.എഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്ത്യന്‍ സമൂഹം കള്‍ച്ചറല്‍ പൊലീസിങ്ങിന് വിധേയമാകുന്നതായും ക്രിസ്ത്യാനികളെ പാര്‍ശ്വവത്ക്കരിക്കുന്നതായുമെല്ലാം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനികളെ പുറത്തുനിന്നും വന്നവരായും ചില സന്ദര്‍ഭങ്ങളില്‍ കമ്മ്യൂണിറ്റിയില്‍ പെടുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം ഇല്ലാതാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹം ഭീതിയോടെയാണ് കഴിയുന്നതെന്നും ആക്രമിക്കപ്പെട്ടവരുടെ എണ്ണം കേവലം സംഖ്യ മാത്രമല്ലെന്നും നിരവധി പേരുടെ കുടുംബവും ജീവിതവും തകര്‍ന്നുവെന്നും യു.സി.എഫ് പ്രസിഡന്റ് ഡോ. മൈക്കിള്‍ വില്യംസ് പറഞ്ഞു.
മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കുന്ന നിയമങ്ങള്‍ സുതാര്യമായി നടപ്പാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയുണ്ടെന്നും യു.സി.എഫ് പറയുകയുണ്ടായി.
Content Highlight: Violence against Christians in India is on the rise; If this situation continues, identity and survival will be threatened: Report