| Wednesday, 8th March 2023, 5:20 pm

ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള അക്രമം; ടുണീഷ്യയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് ലോകബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ നേര്‍ക്കുള്ള അക്രമത്തിന് പിന്നാലെ ടുണീഷ്യയുമായുള്ള സഹകരണം താല്‍കാലികമായി നിര്‍ത്തി വെച്ച് ലോകബാങ്ക്. നേരത്തേ ടുണീഷ്യന്‍ പ്രസിഡന്റ് കെയ്‌സ് സയിദ് അന്യമത വിദ്വേഷം നടത്തിയിട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം ഉണ്ടാകുന്നത്.

സയിദിന്റെ പരാമര്‍ശത്തിന് പിന്നാലെ രാജ്യത്ത് അക്രമങ്ങളുണ്ടായെന്നും അദ്ദേഹം വംശീയാധിക്ഷേപങ്ങളെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് അഭിപ്രായപ്പെട്ടു.

സ്ഥിതിഗതികള്‍ പരിശോധിച്ച് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടുണീഷ്യയുമായുള്ള കൂടിക്കാഴ്ച ഉണ്ടാകില്ലെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം സയിദ് നടത്തിയ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശം ആഫ്രിക്കന്‍ കുടിയേറ്റക്കാരെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു.

‘ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ടുണീഷ്യയുടെ ജനാധിപത്യ വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സൗത്ത് സഹ്‌റാന്‍ ആഫ്രിക്കക്കാരുടെ അനധികൃത കുടിയേറ്റം ഒത്തുതീര്‍പ്പാക്കാന്‍ 2011 മുതല്‍ പണം വാങ്ങുന്ന പാര്‍ട്ടികള്‍ ടുണീഷ്യയില്‍ ഉണ്ട്,’ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

തിങ്കളാഴ്ച അമേരിക്കയും സയിദിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

‘സൗത്ത് സഹ്‌റാന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരെ കുറിച്ച് സയിദ് നടത്തിയ പരാമര്‍ശത്തിലും കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത ടുണീഷ്യയുടെ നടപടികളിലും വളരെ അധികം ആശങ്കപ്പെടുത്തുന്നു,’ അമേരിക്കന്‍ സ്റ്റേറ്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

കുടിയേറ്റക്കാരെയും മറ്റും സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ ടുണീഷ്യ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുങ്ങിക്കിടക്കുന്ന 1.9 ബില്യണ്‍ ഡോളറിന്റെ ജാമ്യം സംബന്ധിച്ച് ഐ.എം.എഫുമായി ചര്‍ച്ച നടക്കാനിരിക്കവേ ലോകബാങ്ക് എടുത്ത തീരുമാനം സയിദ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കും. ലോകബാങ്കും ഐ.എം.എഫും രണ്ട് സ്ഥാപനങ്ങളാണെങ്കിലും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.

കുടിയേറ്റക്കാര്‍ക്കെതിരെയും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുമുള്ള ഈ പ്രസംഗം ഫേസ്ബുക്ക്, ട്വിറ്റര്‍, ടിക്‌ടോക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയായിരുന്നുവെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴാണ് സയിദിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം വരുന്നത്.

പാശ്ചാത്യ ഉദ്യോഗസ്ഥരോടുമുള്ള സയിദിന്റെ പെരുമാറ്റത്തെ സംബന്ധിച്ച് നേരത്തേ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം യൂറോപ്പിലെ ഉന്നത ട്രേഡ് ഉദ്യോഗസ്ഥനായ എസ്തര്‍ ലിഞ്ചിനെ പുറത്താക്കണമെന്ന് സയിദ് ആവശ്യപ്പെട്ടിരുന്നു.

ടുണീഷ്യയിലെ അക്രമത്തില്‍ നിരവധി ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്ക് ജോലിയും വീടും നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവരെ ടുണീഷ്യന്‍ സര്‍ക്കാര്‍ തടവിലാക്കിയിട്ടുണ്ട്.

content highhlight: violence against African immigrants; World Bank suspends cooperation with Tunisia

We use cookies to give you the best possible experience. Learn more