| Friday, 23rd December 2022, 4:50 pm

ലോകകപ്പ് ചട്ട ലംഘനം; നാല് താരങ്ങളെ ഫിഫ വിലക്കുമെന്ന് സൂചന

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് മത്സരങ്ങൾക്ക് ഖത്തറിന്റെ മണ്ണിൽ തിരശീല വീണു. ടൂർണമെന്റ് അവസാനിക്കുമ്പോൾ നിരവധി വികാരങ്ങളിലൂടെയാണ് ഫുട്ബോൾ ആരാധകർ കടന്ന് പോയത്. സന്തോഷവും, സങ്കടവും, ആഹ്ലാദവും, ഞെട്ടലുകളുമെല്ലാം ആരാധകർക്ക് അനുഭവപ്പെട്ട ഫുട്ബോൾ ലോകകപ്പ് അവസാനിച്ചതോടെ പല നിർണായകമായ നടപടികളിലേക്കും കടക്കുകയാണ് ഫിഫ.

ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന താരങ്ങൾ വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്ന്പോകാറ്.

തൽഫലമായി മത്സരത്തിലെ മോശം റിസൾട്ടുകളുടെ പേരിൽ പല താരങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റങ്ങൾ മൈതാനത്ത് ഉണ്ടായി.
എന്നാൽ അത്തരം കളിയുടെ മര്യാദക്ക് നിരക്കാത്ത പെരുമാറ്റങ്ങളിൽ കർശനനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഫിഫ.

ഉറുഗ്വേയും ഘാനയും തമ്മിലുള്ള നിർണായക മത്സരത്തിൽ വിജയിക്കാൻ സാധിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ കൊറിയക്ക് പിന്നിലായിപോയതോടെ ടൂർണമെന്റിൽ നിന്നും ഉറുഗ്വേക്ക് പുറത്ത് പോകേണ്ടി വന്നിരുന്നു.

ഇതോടെ ഉറുഗ്വേ താരങ്ങൾ രോഷാകുലരാവുകയും മത്സരം നിയന്ത്രിച്ച റഫറിമാർക്കെതിരെ വലിയ രീതിയിൽ പ്രതിഷേധിക്കുകയും തർക്കിക്കുകയും ചെയ്തിരുന്നു.

തങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ട രണ്ട് പെനാൽട്ടികൾ മത്സരം നിയന്ത്രിച്ച റഫറി നിഷേധിച്ചെന്നും കൂടാതെ ഉറുഗ്വേക്ക് എതിരെയുള്ള തീരുമാനങ്ങളാണ് ഫിഫ എപ്പോഴും കൈകൊള്ളുന്നതും എന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഫിഫക്ക് എതിരെ ഉന്നയിച്ച ഉറുഗ്വേ താരങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഫിഫ.

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫിഫ ഉറുഗ്വേ ഫുട്ബോൾ അസോസിയേഷന് കത്തയച്ചിരുന്നു.

ഉറുഗ്വേ താരങ്ങളായ എഡിസൺ കവാനി, ഫെർണാണ്ടോ മുസ്‌ലേര, ജോർ മരിയ ഗിമിനിസ്, ഡീഗോ ഗോഡിൻ എന്നീ താരങ്ങൾക്കെതിരെ
അച്ചടക്ക സംബന്ധമായ 11,12 നിയമങ്ങൾ ലംഘിച്ചു എന്നതാണ് ഫിഫ ഉന്നയിക്കുന്ന കുറ്റം.

സംഭവത്തിൽ കളിക്കാരുടെ പേരിൽ കുറ്റം തെളിയിക്കപ്പെട്ടാൽ ആറ് മാസത്തോളം ഫുട്ബോൾ കളിക്കുന്നതിൽ നിന്നും വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

ഫെബ്രുവരി വരെയെങ്കിലും താരങ്ങൾക്കെതിരെയുള്ള അന്വേഷണം നീളുമെന്നതിനാൽ ഉടനെ എന്തെങ്കിലും നടപടികൾ ഉറുഗ്വേ താരങ്ങൾക്ക് നേരിടേണ്ടി വരില്ല. എന്നാൽ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ സജീവമാകാനിരിക്കെ വിഷയത്തിൽ ഫിഫ നടപടികൾ നേരിടേണ്ടി വന്നാൽ കുറ്റാരോപിതരായ താരങ്ങൾക്ക് അത് വലിയ തിരിച്ചടിയായിരിക്കും.

Content Highlights:Violation of World Cup rules; Maybe FIFA will ban four players

We use cookies to give you the best possible experience. Learn more