| Monday, 17th June 2024, 9:25 am

നിയമലംഘനം നടന്നെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ശിവസേന ഉദ്ധവ് വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ : മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ വോട്ടെണ്ണലിനിടെ നിയമ ലംഘനം നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചു. 48 വോട്ടിന് ജയിച്ച ശിവസേന സ്ഥാനാർഥി രവീന്ദ്ര വയ്ക്കരുടെ ബന്ധു നിയമവിരുദ്ധമായി വോട്ടെടുപ്പ് കേന്ദ്രത്തിൽ പ്രവേശിച്ചിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചത്.

ഇതിന് പിന്നാലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ബന്ധുവിനെ പ്രവേശിപ്പിച്ചതിനെതിരെയും തപാൽ വോട്ടുകൾ എണ്ണിയതിലെ പ്രശ്നങ്ങൾ ഉന്നയിച്ചും ഹൈക്കോടതിയെ സമീപിക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം അറിയിച്ചു.

സംഭവം വിവാദമായ പശ്ചാത്തലത്തിൽ എൻ.ഡി.എ ഘടക കക്ഷിയായ ഷിൻഡെ വിഭാഗം ശിവസേന നേതാവും എം.പി യുമായ രവീന്ദ്ര വയ്ക്കരുടെ ബന്ധു മങ്കേഷ് പണ്ടിൽക്കർക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. രവീന്ദ്ര വയ്ക്കരുടെ മരുമകൻ മങ്കേഷ് പണ്ടിൽക്കർ ഇ.വി.എമ്മുമായി ബന്ധിപ്പിച്ച ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെങ്കിലും, മങ്കേഷ് പോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എതിർസ്ഥാനാർത്ഥിയാണ് വിഷയം പുറത്ത് കൊണ്ട് വന്നത്.

മുബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് 48 വോട്ടുകൾക്കാണ് എൻ.ഡി.എ സ്ഥാനാർഥി രവീന്ദ്ര വയ്ക്കർ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ഗോരേഗാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഈ മാസം നാലിന് വോട്ടെണ്ണൽ നടക്കുമ്പോൾ, മങ്കേഷ് അവിടെ വെച്ച് സംശയാസ്പദമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.

വൈകീട് 4.30വരെ നേരിയ വോട്ടിന് ഇന്ത്യ മുന്നണിയുടെ അമോൽ ക്രിതികർ ആയിരുന്നു മുന്നിൽ. ഇന്ത്യ മുന്നണി ഇവിടെ വിജയിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അസാധുവാക്കപ്പെട്ട പോസ്റ്റൽ വോട്ടുകളേക്കാൾ വിജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറവായതോടെ വീണ്ടും വോട്ടെണ്ണാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടു തവണ വോട്ടെണ്ണിയതോടെ 48 വോട്ടിന് രവീന്ദ്ര വയ്ക്കർ വിജയിക്കുകയായിരുന്നു. റീകൗണ്ടിങ് നടന്ന സമയത്ത് മങ്കേഷ് നിരന്തരം ഫോൺ ഉപയോഗിച്ചിരുന്നതാണ് സംശയം ജനിപ്പിച്ചത്. വീണ്ടും വോട്ടെണ്ണണമെന്ന്‌ ഇന്ത്യ മുന്നണി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല.

അതേ സമയം വോട്ടിങ് യന്ത്രം തുറക്കാൻ ഒ.ടി.പി മൊബൈൽ ഫോണിൽ അയക്കാറില്ലെന്നും ഇലെക്ട്രോണിക്കലി സബ്മിറ്റ്ഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം പ്രകാരമുള്ള പോസ്റ്റൽ ബാലറ്റുകളും കൈ കൊണ്ടാണ് എണ്ണാറുള്ളതെന്നും കമ്മീഷൻ വ്യക്തമാക്കി.

Content Highlight: violation of law occurred: election commission

We use cookies to give you the best possible experience. Learn more