പാര്‍ട്ടി നല്‍കിയ ഉറച്ച് ലംഘിച്ചു, മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി, ഇനി പ്രതീക്ഷ കോടതിയില്‍: പി.വി. അന്‍വര്‍
Kerala News
പാര്‍ട്ടി നല്‍കിയ ഉറച്ച് ലംഘിച്ചു, മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി, ഇനി പ്രതീക്ഷ കോടതിയില്‍: പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2024, 5:05 pm

നിലമ്പൂര്‍: ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി.വി. അന്‍വറിന്റെ വാര്‍ത്താസമ്മേളനം. താന്‍ നല്‍കിയ പരാതികളില്‍ നടക്കുന്ന അന്വേഷണം കൃത്യമല്ലെന്നും എസ്.പി. ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനാക്കി ചിത്രീകരിച്ചെന്നും പാര്‍ട്ടി അത് തിരുത്തിയില്ലെന്നും അനവര്‍ കുറ്റപ്പെടുത്തി.

താന്‍ കള്ളക്കടത്തുകാരുടെ ആളാണെന്ന സംശയം മുഖ്യമന്ത്രി കേരളീയ പൊതുസമൂഹത്തിന് നല്‍കിയെന്നും പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും പറഞ്ഞ അന്‍വര്‍ പാര്‍ട്ടി തനിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചത് പി. ശശി എഴുതി നല്‍കിയ തിരക്കഥയാണെന്നും താന്‍ പറയുന്നതില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ അദ്ദേഹത്തിന് മലപ്പുറത്തെ പാര്‍ട്ടി സെക്രട്ടറിയെ ഒന്ന് വിളിക്കാമായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നല്‍കിയ പരാതികളും അട്ടിമറിക്കപ്പെടുമെന്ന് ഭയക്കുന്നതായും അന്‍വര്‍ പറഞ്ഞു. തന്റെ പിന്നാലെ പൊലീസുണ്ടെന്നും താന്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്റെ വീടിന് സമീപം പൊലീസുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. തന്നെ കുറ്റവാളിയാക്കി പരാതികള്‍ അട്ടിമറിക്കുമോ എന്ന് ആശങ്കപ്പെടുന്നതായും അന്‍വര്‍ പറഞ്ഞു. ഇനി തന്റെ പ്രതീക്ഷ കോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തേ കേസില്‍ കുറ്റവാളികളാക്കപ്പെട്ട ചിലരുടെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമായിരുന്നു അന്‍വറിന്റെ വാര്‍ത്താ സമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

താന്‍ ഉന്നയിച്ച പരാതികളില്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും അന്‍വര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്വര്‍ണം മുക്കിയതായി വെളിപ്പെടുത്തുന്ന കുടുംബത്തിന്റെ വീഡിയോ സഹിതമായിരുന്നു അന്‍വറിന്റെ വാര്‍ത്താ സമ്മേളനം

പരസ്യപ്രസ്താവനകള്‍ അവസാനിപ്പിച്ചതിന് ശേഷമാണ് അന്‍വര്‍ വീണ്ടും ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയിരിക്കുന്നത്. തന്റെ ആത്മാഭിമാനം മുറിപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാണ് അന്‍വര്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Chief Minister criticizes Anwar and defends Sasi

എം.വി. ഗോവിന്ദന്‍ നിവൃത്തികേട് കൊണ്ടാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിക്ക് പോലും സംസാരിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാറിന്റെ 8 കൊല്ലത്തെ സംഭാവനയെന്ന് പറയുന്നത് ഉദ്യോഗസ്ഥ പ്രമാണിത്തവും പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടതുമാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ ശാപം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള നെക്‌സസാണെന്നും അതില്‍ എല്ലാ പാര്‍ട്ടി നേതാക്കളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നെക്‌സസ് സംസ്ഥാന തലത്തില്‍ മാത്രമല്ല പ്രാദേശിക തലത്തില്‍ വരെയുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഈ പോക്ക് പോയാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും കോടിയേരി ബാലകൃഷ്ണന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ തനിക്ക് ഇന്ന് ഇതുപോലുള്ള അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

തനിക്ക് ജനങ്ങളോട് പറയാനുള്ളത് നിലമ്പൂരില്‍ പൊതു സമ്മേളനം വിളിച്ചുപറയുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. 95 ശതമാനം ജനങ്ങള്‍ക്കും മുഖ്യമന്ത്രിയോട് വെറുപ്പായിട്ടുണ്ടെന്നും അത് താന്‍ അദ്ദേഹത്തോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അവസാനമായി എ.കെ.ജി. സെന്ററില്‍ പൊതുദര്‍ശനത്തില്‍ വെക്കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതൃപതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമോ എന്ന ചോദ്യത്തിന് താന്‍ ഇനി നിയമസഭയില്‍ തന്നെയുണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

നിയമസഭയില്‍ താന്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗമായി ഇരിക്കാന്‍ തയ്യാറല്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു. സി.പി.ഐ.എം. രാജിവെക്കാന്‍ ആവശ്യപ്പെട്ടാല്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് അത് നടക്കില്ലെന്നും അന്‍വര്‍ മറുപടി പറഞ്ഞു.

content highlights: Violated party’s firm, CM made me guilty, now hope in court: P.V. Anwar