| Tuesday, 1st June 2021, 9:47 pm

കൊടകര കുഴല്‍പ്പണക്കേസില്‍ ചാനല്‍ ചര്‍ച്ച; ലൈവിനിടെ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഭീഷണി സന്ദേശമയച്ചെന്ന് വിനു വി. ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി. ജോണിന് നേരെ ഭീഷണി. ചര്‍ച്ചയുടെ അവസാനമായപ്പോഴേക്കാണ് വിനുവിന്റെ ഫോണിലേക്ക്് ഭീഷണി സന്ദേശമെത്തിയത്.

ചര്‍ച്ചയ്ക്കിടെ വിനു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ഉയര്‍ന്ന കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നല്‍കി.

വിനുവിന്റെ വാക്കുകള്‍:

നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജില്‍ പോലും അതുണ്ട്. തല്‍ക്കാലം ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നാണ്. ഞാന്‍ പേര് പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയും.

അതായത് ഈ ചര്‍ച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചോളൂ. ഇനി എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെങ്കില്‍ എന്തും അന്വേഷിക്കാം. സ്വാഗതം.

വെറുതെ പറയുന്നതല്ല. ഇത് പറയുമ്പോള്‍ പോലും പൊള്ളുന്ന ഉദ്യോഗസ്ഥര്‍ കേരളത്തില്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട്, മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്.

ഇ.ഡി ഏമാന്‍മാരുടെ ഭീഷണിയൊക്കെ കൈയില്‍ വെച്ചാല്‍ മതിയെന്ന് മാത്രമെ എനിക്ക് പറയാന്‍ കഴിയൂ. കൂടുതല്‍ സ്മാര്‍ട്ടാകേണ്ട് പറഞ്ഞാല്‍ പേടിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്നെ എനിക്ക് ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളൂ.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം ഒ.ബി.സി. മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെതിരെ വധഭീഷണി മുഴക്കിയ തൃശൂര്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബി.ജെ.പി. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് കഴിഞ്ഞ ദിവസം ഋഷി പല്‍പ്പു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ. ആര്‍ ഹരി ഭീഷണിപ്പെടുത്തിയെന്ന് ഋഷി പല്‍പ്പു പരാതിയില്‍ പറയുന്നത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമാണ് ഋഷി പല്‍പ്പു നടത്തുന്നതെന്നാണ് ബി.ജെ.പി. ജില്ലാ നേതൃത്വത്തിന്റെ ആരോപണം.

കുഴല്‍പ്പണ കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബി.ജെ.പി. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് ഋഷി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ആറ് വര്‍ഷത്തേക്കാണ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം തന്നെ അറിയിച്ചതെന്ന് ഋഷി പല്‍പ്പു പറഞ്ഞിരുന്നു.

കെ. സുരേന്ദ്രന്‍ വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നോ എന്നാണ് ചോദിച്ചത്. ഇട്ടു എന്ന് മറുപടി പറഞ്ഞതോടെ നിങ്ങളെ ചുമതലയില്‍ നിന്ന് നീക്കുകയാണെന്നാണ് അധ്യക്ഷന്‍ പറഞ്ഞത്. തനിക്ക് ഔദ്യോഗികമായി നോട്ടീസ് തരികയോ വിശദീകരണം തരികയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vinu V John Asianet News Threat Kodakara Hawala Money BJP

Latest Stories

We use cookies to give you the best possible experience. Learn more