സൈബര്‍ പോരാളികളുടെ നിലവാരത്തിലേക്ക് പോയി സ്വയം ഇളിഭ്യയാകരുത്; കെ.ആര്‍ മീരക്കെതിരെ വിനു വി ജോണ്‍
Kerala News
സൈബര്‍ പോരാളികളുടെ നിലവാരത്തിലേക്ക് പോയി സ്വയം ഇളിഭ്യയാകരുത്; കെ.ആര്‍ മീരക്കെതിരെ വിനു വി ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 9:24 am

തിരുവനന്തപുരം: എഴുത്തുകാരി കെ.ആര്‍ മീരയ്ക്കെതിരെ വിമര്‍ശനവുമായി ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനു വി ജോണ്‍.

ആളുകളെ വിമര്‍ശിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകൂടിയായിരുന്ന കെ.ആര്‍ മീര ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിനു വി ജോണ്‍ പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ സൈബര്‍ പോരാളികളുടെ നിലാവാരത്തു നിന്ന് പറഞ്ഞ് മീര സ്വയം ഇളിഭ്യയാകരുതെന്നും വിനു ഏഷ്യാനെറ്റില്‍ പറഞ്ഞു.

ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാളിന്റെ അശ്ലീല ഫേസ്ബുക്ക് കമന്റുകള്‍ ചര്‍ച്ചയില്‍ വായിച്ചതിനെത്തുടര്‍ന്ന് പ്രേക്ഷകരോട് വിനു വി ജോണ്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ വിനുവിനെതിരെ കെ.ആര്‍ മീര രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മീരക്കെതിരെ വിനു രംഗത്തെത്തിയത്.

യാസിര്‍ എടപ്പാളിനെ വിളിച്ചുവരുത്തിയതിന്റെ പേരില്‍ താന്‍ പ്രേക്ഷകരോട് ക്ഷമചോദിച്ചിട്ടില്ലെന്നും വിനു അവകാശപ്പെട്ടു.

യാസിര്‍ എടപ്പാളിനെ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ വിളിച്ചുവരുത്തിയെന്ന് സാമൂഹമാധ്യമങ്ങളില്‍ പലരും പറഞ്ഞു നടക്കുന്നുണ്ടെന്നും എന്നാല്‍ അത് ശരിയല്ലെന്നും കെ.ആര്‍ മീരയെപ്പോലെ പ്രശസ്തരായവര്‍ ഇത് പറയുമ്പോള്‍ മറുപടി പറയാതെ വയ്യാ എന്നു പറഞ്ഞുകൊണ്ടായിരുന്നു വിനുവിന്റെ മറുപടി.

” ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന എഴുത്തുകാരില്‍ ഒരാളായ ശ്രീമതി കെ.ആര്‍ മീര ഇന്ന് എന്റെ പേരും ചാനലിന്റെ പേരും പറഞ്ഞിട്ട പോസ്റ്റാണ് ഞാന്‍ ഈ പറയുന്നതിന്റെ ആധാരം. അവര്‍ പറയുന്നു അശ്ലീലം നിറഞ്ഞ കമന്റുകള്‍ വായിക്കാന്‍ തയ്യാറായ സി.പി.ഐ.എം. പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിര്‍ എടപ്പാളിന്റെ സാന്നിധ്യത്തേക്കാള്‍ അവതാരകനെ അലട്ടിയത്.

അവതാരകന്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ചത് യാസിര്‍ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ല, യാസിര്‍ എടപ്പാള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല, ഏഷ്യാനെറ്റ് ന്യൂസില്‍ വന്നിട്ടില്ല,” വിനു പറഞ്ഞു.

വിമര്‍ശനം ഗൗരവത്തോടെ ഉള്‍ക്കുന്നുവെന്നും എന്നാല്‍ മീരയെ പോലെ ഒരിക്കല്‍ മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന ഒരാള്‍ ഇത്തരം വിമര്‍ശനം നടത്തുമ്പോള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് സൈബര്‍ പോരാളികളുടെ നിലവാരത്തിലേക്ക് താഴരുതെന്നും വിനു പറഞ്ഞു.

ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാളിന്റെ അശ്ലീല ഫേസ്ബുക്ക് കമന്റുകള്‍ ചാനല്‍ ചര്‍ച്ചയില്‍ വായിച്ചതിനെത്തുടര്‍ന്ന് പ്രേക്ഷകരോട് വിനു വി ജോണ്‍ മാപ്പ് പറഞ്ഞ സംഭവത്തിലാണ് കെ.ആര്‍ മീര രംഗത്തെത്തിയത്.

സ്വതന്ത്ര പത്രപ്രവര്‍ത്തകയായ സുനിത ദേവദാസിന് എതിരെയുള്ള യാസിറിന്റെ അശ്ലീല പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധി വായിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവര്‍ത്തകയായ സുനിത ദേവദാസിന് എതിരെയുള്ള യാസിറിന്റെ അശ്ലീല പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധി വായിച്ചതിന് പിന്നാലെയായിരുന്നു വിവാദത്തിന് തുടക്കമായത്.

കേട്ടാലറയ്ക്കുന്ന അശ്ലീല വാക്കുകള്‍ ചര്‍ച്ചയില്‍ ഉപയോഗിച്ചതിനു പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് അവതാരകന്‍ രംഗത്തെത്തിയിരുന്നു. ഈ മാപ്പപേക്ഷയെ ചോദ്യം ചെയ്ത് സുനിത രംഗത്തെത്തിയിരുന്നു. സുനിതയെ പിന്തുണച്ചാണ് മീര രംഗത്തെത്തിയത്. ഈ വിവാദങ്ങളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്ന് സുനിത പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് കെ.ആര്‍ മീര പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മീരയുടെ പ്രതികരണം.

അവതാരകന്‍ പ്രേക്ഷകരോടു ക്ഷമ ചോദിച്ചതു യാസിര്‍ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ല. തെറി എഴുതിയതിന് യാസിര്‍ എടപ്പാളോ യാസിര്‍ എടപ്പാളിനെ ഗവണ്‍മെന്റ് പീഡിപ്പിക്കുന്നു എന്നു പരാതിപ്പെടുന്ന ബന്ധുമിത്രാദികളോ യാസിര്‍ എടപ്പാളിനു വേണ്ടി വാദിക്കാന്‍ ചാനലിലെത്തിയ ആരെങ്കിലുമോ യാസിര്‍ എടപ്പാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാക്കളോ ഇതുവരെ സുനിതയോടു മാപ്പു പറഞ്ഞിട്ടില്ല. അതിന് യാതൊരു സാധ്യതയുമില്ല, മീര ഫേസ്ബുക്കിലെഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vinu V John aginst K.R Meera