| Wednesday, 7th March 2018, 6:22 pm

ഹിന്ദുത്വ ഫാസിസത്തിനെതിരായ 'ഇടത് ഐക്യ'ത്തിന്റെ പ്രശ്‌നങ്ങള്‍

എഡിറ്റര്‍

ത്രിപുരയില്‍ ഇരുപത്തിഅഞ്ച് വര്‍ഷത്തോളം അധികാരത്തില്‍ ഇരുന്ന സി.പി.ഐ.എം മുന്നണിയെ പിന്തള്ളിക്കൊണ്ട് ബി.ജെ.പി സഖ്യം അധികാരത്തിലേറിയത് ജനാധിപത്യ ശക്തികളെ സംബന്ധിച്ചിടത്തോളം ശുഭോദാര്‍ക്കമായ ഒരു കാര്യമായിട്ടല്ല കാണുന്നത്. കാരണം ചാതുര്‍ വര്‍ണാധിഷ്ഠിതമായ ഒരു ജാതി സമ്പ്രദായത്തില്‍ അധിഷ്ഠിതമായി രൂപം കൊണ്ട ആര്‍.എസ്.എസ്‌ന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പേറുന്ന ബി.ജെ.പി പ്രതിസ്ഥാപിക്കപ്പെടുന്നത് ജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്.

ആര്‍.എസ്.എസ് രൂപം കൊണ്ട കാലത്തൊന്നും പൊതുരാഷ്ട്രീയ ജീവിതത്തില്‍ ഇടപെടാന്‍ പറ്റാതിരുന്ന ഒരവസ്ഥമാറിയത് നരേന്ദ്രമോദി അധികാരം കൈയടക്കിയ സാഹചര്യത്തിലാണ്. ഇങ്ങനെ കൈവന്ന പ്രതിലോമപരതക്കു കൂടുതല്‍ കരുത്ത് കിട്ടുന്നത് ഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളിലേക്ക് കൂടി അധികാരം പൂര്‍ണ്ണമാകുമ്പോഴാണ്.

ഭയാനകമായ ഇത്തരമൊരു പ്രതിപ്രയാണത്തെ നേരിടേണ്ടതിനെ കുറിച്ച് മറ്റു പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായ ചര്‍ച്ചകള്‍ നടക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ ധാരകളില്‍ നിന്ന് കൊണ്ടാണ്. അതില്‍ മുഖ്യധാരാ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സി.പി.ഐ, സി.പി.ഐ.എം പാര്‍ട്ടികളെ ഇടതുപക്ഷത്തിന്റെ ഐക്യനിരയും പ്രതിരോധ നിരയുമാായി അവതരിപ്പിച്ചു കൊണ്ടാണ് അത്തരം ചര്‍ച്ചകള്‍.

ഇവരൊക്കെ പറയുന്നത് ഫാസിസത്തിന്നെതിരായി സി.പി.ഐ.എം ഉള്‍പ്പെടെ യോജിച്ചു കൊണ്ട് ഒരു ബദല്‍ നിര വളര്‍ത്തണം എന്നാണ്. ഇത് പറയുമ്പോള്‍ 1920 -30തുകളില്‍ ഉദയംകൊണ്ട ഫാസിസവും, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഫാസിസ്റ്റ് അവസ്ഥകളും തമ്മില്‍ യാന്ത്രികമായ സമവാക്യങ്ങളില്‍ എത്തുന്നത് അനുയോജ്യമായ ഒന്നല്ല .

ജര്‍മ്മനിയിലെയും, ഇറ്റലിയിലെയും, ജപ്പാനിലെയും സാമ്രാജ്യത്വ ബൂര്‍ഷ്വാസി അതിന്റെ തന്നെ വൈരുദ്ധ്യങ്ങള്‍ മൂര്‍ഛിച്ചതിന്റെയും, അന്തര്‍ സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളുടെയും പരിണതിയെന്നോണം രൂപം കൊണ്ടതാണ് യൂറോപ്പ്യന്‍ ഫാസിസം.

കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സ; ദിമിത്രോവ് പറയുന്നത്, അഗാധമായ സാമ്പത്തിക കുഴപ്പം പൊട്ടിപുറപ്പെടുകയും, മുതലാളിത്തത്തിന്റെ പൊതു കുഴപ്പം നിശിതമായി മൂര്‍ഛിക്കുകയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ വിപ്ലവവല്‍ക്കരിക്കപ്പെടുകയും ചെയ്തതോടു കൂടി ഒരു സാമ്രാജ്യത്വ യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന ഒന്നാണ് ഫാസിസം എന്നതാണ്. അത് ഫിനാന്‍സ് മൂലധനത്തിന്റെ ഏറ്റവും പിന്തിരിപ്പനും അക്രമോത്സുകമായ ശക്തികളുമാണതെന്നാണ് 1935 ല്‍ പറഞ്ഞത്.

ഇതിനെ പുത്തന്‍ അധിനിവേശത്തിന് കീഴ്‌പ്പെട്ട് നില്‍ക്കുകയും, ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകളെ 1930 കളിലേതിന് യാന്ത്രികമായി സമീകരിച്ചു കൊണ്ടുള്ള നിലപാടുകളില്‍ നിന്നാണ് അത്തരത്തിലുള്ള ചര്‍ച്ചകള്‍. ചരിത്രം ഒരിക്കലും ഒരേ പോലെ ആവര്‍ത്തിക്കില്ല. ഇന്റര്‍നാഷനലിന്റെ ഏഴാം കോണ്‍ഗ്രസ്സില്‍ ദിമിത്രോവ് അവതരിപ്പിച്ച റിപ്പോര്‍ട്ടും, മറുപടി പ്രസംഗവും ഉണ്ട്.

യൂറോപ്പ്യന്‍ ഫാസിസം 1930 കളിലെ മഹാമാന്ദ്യത്തെ അതിജീവിക്കാനും, സാമ്പത്തിക -സൈനിക ശക്തി സമാഹരിക്കാനുമാണെങ്കില്‍ ഇന്ത്യയില്‍ സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി ചെയ്യുന്നതില്‍ അധിഷ്ഠിതമാണ് ഹിന്ദുത്വ സവര്‍ണ്ണ ഫാസിസം. അത് ശക്തിപ്പെടുന്നതാകട്ടെ “90 കളില്‍ ആരംഭിച്ച ആഗോളീകരണ സാമ്പത്തിക നയവുമായി ബന്ധപ്പെട്ടും, വര്‍ഗ്ഗീയമായി അതിന്റെ ഊര്‍ജ്ജം സമാഹരിച്ചുമാണ്. പശുവിന്റെ പേരില്‍ ആള്‍ക്കാരെ കൊല്ലുന്നതും, രാമക്ഷേത്ര നിര്‍മ്മാണത്തിന് യാത്ര ആരംഭിച്ചതും, ഗൗരി ലങ്കേഷിന്റെ വധവും, ഇപ്പോള്‍ ത്രിപുരയില്‍ അരങ്ങേറുന്ന ആക്രമണങ്ങളും ഭീതിതമായ സംഭവങ്ങള്‍ തന്നെയാണ്.

ജനാധിപത്യ ശക്തികളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയും , പ്രതിരോധിക്കേണ്ടതും തന്നെയാണ് ഈ ഹിന്ദുത്വ ഫാസിസം. ബൂര്‍ഷ്വാ പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഫാസിസത്തിന്റെ ഈ തേരോട്ടത്തിനു മുന്നില്‍ നിസ്സഹായാവസ്ഥയാണ്. എന്നാലിതിന് ഒരു നിലപാടെടുക്കാന്‍ പറ്റുക ഇടതുപക്ഷ ശക്തികള്‍ക്കാണ്. എന്നാലിന്ന് ഇടതു പക്ഷത്തിന്റെ മുഖത്ത് നില്‍ക്കുന്ന സി.പി.ഐ.എം , സി.പി.ഐ പാര്‍ട്ടികള്‍ മുന്നോട്ടു വെക്കുന്നത് കോണ്‍ഗ്രസ്സ് അടക്കമുള്ള ഭരണവര്‍ഗ്ഗ പാര്‍ട്ടികളുടെ ചേരുവകകളെ പിന്തുണച്ചും, ഐക്യപ്പെടുത്തിയും ബി.ജെ.പിയെ എതിര്‍ക്കാമെന്നതാണ്.

അത്തരമൊരു പരീക്ഷണത്തിന്റെ കാലയളവായിരുന്നു ഒന്നാം യു.പി.എക്ക് തങ്ങളുടെ 64 അംഗങ്ങളെ കൊണ്ട് പിന്തുണ നല്‍കിക്കൊണ്ടുണ്ടാക്കിയ ഒന്നാം യു.പി.എ മന്ത്രി സഭയും, തുടര്‍ന്നുള്ള ഐക്യമന്ത്രിസഭകളും. ഈ കാലയളവില്‍ ഹിന്ദുത്വ ഫാസിസം പിറകോട്ട് പോവുകയല്ല ചെയ്തത്. അത് സമൂഹ ശരീരത്തില്‍ തിടം വെക്കുകയാണ് ചെയ്തത്. ഇവിടെ ഫാസിസത്തിന്റെ അടിസ്ഥാനം ആഗോളീകരണ നയങ്ങള്‍ തന്നെയാണ്.

യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയത് ഈ നയങ്ങളാണ്. ഇടതുപക്ഷം എന്നവകാശപ്പെടുന്ന സി.പി.ഐ.എം, സി.പി.ഐ കക്ഷികള്‍ക്ക് ഈ നയങ്ങള്‍ക്കെതിരായി ഒന്നും ചെയ്യാനും സാധിച്ചില്ല. നോക്കുകുത്തികളായി തീര്‍ന്നു അക്കാലങ്ങളില്‍.

ഈ അനുഭവം മുന്നിലിരിക്കെ തന്നെയാണ് ഇവര്‍ വീണ്ടും കോണ്‍ഗ്രസ്സ് ഐക്യത്തെ കുറിച്ച് പറയുന്നത്. ഫാസിസത്തിന്നെതിരായ നീക്കം കേവലം പാര്‍ലമെന്ററി തലത്തില്‍ പരിഹരിക്കാന്‍ പറ്റുന്നതല്ലെന്ന് ഇവരുടെ തന്നെ അനുഭവങ്ങളാണ്. അതില്‍ നിന്നവര്‍ക്ക് പാഠം ഉള്‍ക്കൊള്ളാന്‍ തയാറല്ല. കാരണം അതിനെ നയിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രശ്‌നമാണത്. ലളിത സൂത്ര വാക്യങ്ങളില്‍ അഭയം തേടുന്ന അമാര്‍ക്‌സിസ്റ്റ് നിലപാടുകള്‍ പ്രതി വിപ്ലവത്തെ തന്നെയാണ് സേവിക്കുക .

ഇങ്ങനെ കോണ്‍ഗ്രസ്സ് സഖ്യത്തിന്നപ്പുറം ചിന്തിക്കാത്ത സി.പി.ഐ, സി.പി.ഐ.എം പാര്‍ട്ടികളാണ് ഒരു വശത്തെങ്കില്‍, പുറമെയുള്ള ചില ഒറ്റപ്പെട്ട സംഘങ്ങള്‍ “” ഇടതു ഐക്യം “” ഫാസിസത്തിന് പരിഹാരം എന്ന മട്ടില്‍ പറയുകയും, ചില സോഷ്യല്‍ മീഡിയാ ഗ്രൂപ്പൂകളിലും , ചാനലുകളിലും കയറി അതിനു വേണ്ടി വാദിക്കുന്നതും കേള്‍ക്കാവുന്നതാണ്.

ഇതില്‍ ഒരു പ്രധാന വ്യക്തി 2003 ല്‍ സി.പി.ഐ (എം.എല്‍ ) സംസ്ഥാന നേതൃത്വത്തില്‍ നിന്നും പുറത്താക്കപ്പെടുകയും, പിന്നീടത് ഒരു ചെറു സംഘമായി നില്‍ക്കുകയും ചെയ്ത പി.സി.ഉണ്ണിച്ചെക്കന്‍ വിഭാഗമാണത്. മറ്റൊന്ന് ഭാസുരേന്ദ്ര ബാബുവിനെ പോലുള്ളവരും, സി.എം.പിയുടെ അരവിന്ദാക്ഷന്‍ വിഭാഗമൊക്കെയാണ്. ഇവരെ പോലുള്ളവര്‍ക്ക് ഇപ്പോള്‍ ത്രിപുര റിസള്‍ട്ട് ഇടതു മുന്നണിയില്‍ ഒരു ഇടം കിട്ടാനുള്ള ആഘോഷമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്താണ് ഇടതു ഐക്യമെന്നു ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന പലരും ഇന്നത്തെ സാഹചര്യത്തില്‍ ഈ മുദ്രാവാക്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരായിരിക്കില്ല . എന്നാല്‍ അതെങ്ങനെ ഉണ്ടാകും എന്നതാണ് നാം ചിന്തിക്കേണ്ടത് .അതിന് സ ;ദിമിത്രോവ് തന്നെ ഐക്യമുന്നണിയുടെ ഉള്ളടക്കവും, രൂപത്തെയും പറയുന്നത് ശ്രദ്ധിക്കുക;

“”തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനുവേണ്ടി സമരം ചെയ്യാനുള്ള വെറും ആഹ്വാനത്തില്‍ മാത്രമായി നാം ഒതുങ്ങി നില്‍ക്കരുത്.ജനങ്ങളുടെ മര്‍മ്മ പ്രധാനമായ ആവശ്യങ്ങളില്‍ നിന്നുയരുന്ന, വളര്‍ച്ചയുടെ ആ ഘട്ടത്തില്‍ അവരുടെ സമരശേഷിക്കനുസൃതമായ മുദ്രാവാക്യങ്ങളും സമര രൂപങ്ങളും നാം കണ്ടെത്തുകയും മുന്നോട്ട് വെക്കുകയും ചെയ്യണം.

ഭാസുരേന്ദ്ര ബാബു, പി.സി ഉണ്ണിച്ചെക്കന്‍

മുതലാളിത്ത ചൂഷണത്തില്‍ നിന്നും ഫാസിസ്റ്റ് മൃഗീയതയില്‍ നിന്നും സ്വയം രക്ഷിക്കാന്‍ ഇന്ന് എന്ത് ചെയ്യണമെന്ന് നാം ജനങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കണം.

അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ മര്‍മ്മ പ്രധാനമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ തരത്തിലുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ സഹായത്തോടു കൂടി വിശാലമായ ഐക്യമുന്നണി ഉണ്ടാക്കാന്‍ നാം അത്യദ്ധ്വാനം ചെയ്യണം. ഇതിനര്‍ത്ഥം;

ഒന്ന്; പ്രതിസന്ധിയുടെ അനന്തര ഫലങ്ങളുടെ ഭാരം ,ഭരണ വര്‍ഗ്ഗങ്ങളുടെ ചുമലുകളിലേക്ക് ,മുതലാളിമാരുടെയും ,ചുമലുകളിലേക്ക് മാറ്റാനുള്ള സംയുക്ത സമരങ്ങള്‍.

രണ്ട്; എല്ലാ വിധത്തിലുള്ള ഫാസിസ്റ്റ് കടന്നാക്രമങ്ങള്‍ക്കെതിരായി ,ബൂര്‍ഷ്വാ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതിന്നെതിരായി,അദ്ധ്വാനിക്കുന്നവരുടെ അവകാശങ്ങളെയും, നേട്ടങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സംയുക്ത സമരങ്ങള്‍ …””
ഇതാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ഫാസിസത്തിന്റെ അടിത്തറയെ തകര്‍ക്കുന്ന നിലപാട് .

അതായത് ഫാസിസത്തെ പ്രധാനം ചെയ്യുന്ന ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരായ ഒരു ബദല്‍ പരിപാടിയാണത്. അത്തരമൊരു പരിപാടിക്ക് മുന്‍കൈ എടുക്കുമ്പോള്‍ ഒരു പൊതു മിനിമം പരിപാടി മുന്നോട്ട് വെക്കണം. അത് ലോകത്തെയും, ഇന്ത്യയെയും ശരിയായി നോക്കിക്കാണാനും യൂറോപ്പ്യന്‍ ഫാസിസത്തില്‍ നിന്നും വ്യതിരക്തമാക്കുന്ന ഇവിടുത്തെ മൂലധന ബന്ധങ്ങളെയും, അതിന്റെ ആഗോളീകരണ നയങ്ങള്‍ക്കെതിരായും ഒരു ജനകീയ നിരയെ ദിമിത്രോവ് പറഞ്ഞത് പോലെ സമരസജ്ജമാക്കാന്‍ സാധിക്കണം .

അത്തരമൊരു നീക്കംജനം വിശ്വാസത്തിലെടുക്കണമെങ്കില്‍ 34 വര്‍ഷത്തെ ബംഗാള്‍ അനുഭവവും, 25 വര്‍ഷത്തെ ത്രിപുര അനുഭവവും തുറന്നു വ്യക്തമാക്കണം. ഈ തിരിച്ചടികള്‍ക്ക് പറ്റിയ നയങ്ങള്‍ ഏറ്റു പറഞ്ഞു നന്ദിഗ്രാം,സിംഗൂര്‍ അടക്കമുള്ള തെറ്റുകള്‍ സമ്മതിക്കണം.

അതെ പോലെ ജാതിയടക്കമുള്ള വിഷയങ്ങളില്‍ ശരിയായ കാഴ്ചപ്പാട് വേണം. യൂറോപ്പ്യന്‍ ഫാസിസത്തില്‍ നിന്നുള്ള ഒരു വേര്‍തിരിവാണ് ഇവിടുത്തെ ജാതി പ്രശ്‌നം. ജര്‍മ്മനിയിലെ ആര്യവംശാഭിമാനം ഊതിവീര്‍പ്പിച്ചത് പോലെ എളുപ്പമല്ല ഇവിടുത്തെ ഹിന്ദുത്വഫാസിസം. ജാതിയിലധിഷ്ഠിതമാണ് ഹിന്ദുത്വം. അത് നേരിടുന്ന ജാതിയുടെ ആഭ്യന്തര വൈരുദ്ധ്യം പുറത്ത് കൊണ്ട് വന്ന് ശരിയായി കൈകാര്യം ചെയ്യണമെങ്കില്‍ സംവരണമടക്കമുള്ള വിഷയങ്ങളില്‍ കൈക്കൊണ്ട സമീപനം മാറ്റണം.

കാര്‍ഷികമേഖലയില്‍ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ വികസന നയങ്ങളില്‍ ബൂര്‍ഷ്വാ യുക്തികള്‍ ഉപേക്ഷിക്കണം. പാരിസ്ഥിക ഇടപെടലുകള്‍ വേണം. ഇന്ത്യയിലെ വ്യത്യസ്ത ദേശീയ ജനവിഭാഗങ്ങളുടെ സവിശേഷതകള്‍ മനസ്സിലാക്കി അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം.

ഇത്തരത്തില്‍ നിലവിലുള്ള ഭരണ വര്‍ഗ്ഗരാഷ്ട്രീയത്തിന് ബദലായ ഒരു പ്രക്ഷോഭ നിര വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന രാഷ്ട്രീയത്തിലേക്ക് വരുന്നുണ്ടെങ്കില്‍ മാത്രമാണ് ഒരു ഇടതുപക്ഷ ഐക്യത്തിന്റെ കാഴ്ചപ്പാട് സാര്‍ത്ഥകമാവുക.

എന്നാലിന്ന് സി.പി.ഐ, സി.പി.ഐ.എം പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അത്തരമൊരു ആലോചന പോലും ഇല്ലെന്നതാണ് ഇപ്പോഴും നിലനില്‍ക്കുന്ന അനുഭവം.ആഗോളീകരണ നയങ്ങള്‍ തന്നെയാണ് അവശേഷിച്ചിരിക്കുന്ന കേരള ഭരണത്തിലും കൈക്കൊള്ളുന്നത്. കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂര്‍ പ്രക്ഷോഭമടക്കം വിരല്‍ ചൂണ്ടുന്നത് അതാണ്.

“ഇടത് ഐക്യ” മെന്നത് മുകളില്‍ സൂചിപ്പിച്ച ചില ഒറ്റപ്പെട്ട സംഘങ്ങളുടെ വയറ്റു പിഴപ്പിന്റെ രാഷ്ട്രീയം പരിഹരിക്കാനുള്ള വിഷയമായി പറയാമെന്നല്ലാതെ രാജ്യത്ത് വര്‍ഗീയ ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടണമെങ്കില്‍ ഒരു ബദല്‍ രാഷ്ട്രീയം വെക്കാത്തിടത്തോളം അത് അപ്രസക്തമാണ്.

അതെ സമയം ഇന്ത്യയിലെ പല ഭാഗങ്ങളിലും ഭരണകൂട നയങ്ങള്‍ക്കെതിരായ് ജനങ്ങളുടെ ചെറുത് നില്‍പ്പുകള്‍ ചെറുതും ,വലുതുമായി നടക്കുന്നുണ്ട്. ആ പ്രക്ഷോഭങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കപ്പെടണം . പശ്ചിമ ബംഗാളിലെ 24 പാര്‍ഗ്ഗനാസ് ജില്ലയില്‍ നടക്കുന്ന ബാംഗൂര്‍ പ്രക്ഷോഭം അങ്ങനെയൊരു ജനകീയ നേതൃത്വത്തിലാണ് നടക്കുന്നത് . സി.പി.ഐ (എം.എല്‍)റെഡ്സ്റ്റാര്‍ ഉള്‍പ്പെടയുള്ള “”മുഖ്യധാരക്ക് “” പുറത്തുള്ള ഇടതുപക്ഷമാണ് നേതൃത്വം കൊടുക്കുന്നത്.

ഇത് പോലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും, മറ്റു ജനാധിപത്യ പ്രതിരോധ പ്രസ്ഥാനങ്ങളും ഐക്യപ്പെട്ടു കൊണ്ടുള്ള ഒരു സമര നിര ഉണ്ടായി വരുന്നതിലൂടെ മാത്രമേ ഹിന്ദുത്വ ഫാസിസത്തില്‍ അണിനിരക്കുന്ന സാധാരണ ബഹുജനങ്ങളെ അതില്‍ നിന്നും മാറ്റിയെടുക്കുകയും ,അതിലൂടെ ഫാസിസത്തിന്റെ വളര്‍ച്ചയെ നേരിടാനുമാവുകയുള്ളൂ .

എഡിറ്റര്‍

We use cookies to give you the best possible experience. Learn more