കീഴാറ്റൂര്‍ വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുതല്‍ കെ.എന്‍. ഗണേഷ് വരെ മാര്‍ക്‌സിനെയും, എംഗല്‍സിനെയും കൂട്ടു കൂട്ടുപിടിച്ചുകൊണ്ട് രംഗത്ത് വന്നത് പലരും ഇതിനകം ശ്രദ്ധിച്ചുകാണും. അതില്‍ ക്രൂര ഫലിതമായി തോന്നിയത് പി ജയരാജന്‍ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനമാണ്.
തുടക്കം തന്നെ മാര്‍ക്‌സിനെ ഉദ്ധരിച്ചാണ് തങ്ങളും ഏറ്റവും നല്ല പ്രകൃതി സ്‌നേഹികള്‍ ആണെന്ന അവകാശവാദം ഉന്നയിക്കുന്നത്. എന്നിട്ട് കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിന് ന്യായീകരണം ചമയ്ക്കുന്നു. മാര്‍ക്‌സിസം പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സുസ്ഥിരമാക്കുന്ന ഒന്നാണ്.
പ്രകൃതിയുടെ അന്യവല്‍ക്കരണത്തെപറ്റി മാര്‍ക്‌സിന്റെ തന്നെ ഈ വാക്കുകളിലുണ്ട്.
” മുതലാളിത്ത ഉല്‍പാദനം മനുഷ്യനും ഭൂമിയും തമ്മിലുള്ള ഉപാപചയ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു. മനുഷ്യന്‍ ഭക്ഷണമായും വസ്ത്രമായും മണ്ണില്‍ നിന്നെടുത്ത് ഉപഭോഗം ചെയ്യുന്ന മൂലകങ്ങള്‍ മണ്ണിലേക്ക് തിരിച്ചു നല്‍കപ്പെടുന്നില്ല. അതിനാല്‍ മണ്ണിന്റെ ഉര്‍വ്വരത ശാശ്വതമായ് നില നില്‍ക്കാതെ പോകുന്നു. മുതലാളിത്ത കൃഷിയിലെ എല്ലാ പുരോഗതിയും അതിനാല്‍ തൊഴിലാളിയേയും മണ്ണിനെയും രണ്ടിനെയും കൊള്ളയടിക്കുന്ന കലയിലുള്ള പുരോഗതിയാണ്. മണ്ണിന്റെ ഉര്‍വ്വരത ഉയര്‍ത്തുന്നതിനുള്ള എല്ലാ താല്‍ക്കാലിക വിജയവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന്റെ ഉര്‍വരത നശിപ്പിക്കുന്നതിലേക്കുള്ള കാല്‍വെപ്പാണ്. അങ്ങനെ എല്ലാ സമ്പത്തിന്റെയും അടിസ്ഥാന സ്രോതസായ മണ്ണിനെയും മനുഷ്യരെയും ഒരേസമയം നശിപ്പിച്ചുകൊണ്ട് മുതലാളിത്ത ഉത്പാദനം അതിന്റെ സാങ്കേതിക വിദ്യകളും സാമൂഹ്യ പ്രക്രിയകളും വളര്‍ത്തുന്നത്.”
അതായത് അടിസ്ഥാനപരമായി നിലവിലുള്ള വര്‍ഗ്ഗാധിപത്യത്തിനകത്ത് വികസനം എന്നത് ജനങ്ങളുടെ പൊതുവായ ഒന്നല്ല. അതില്‍ ഉള്ളടങ്ങിയ വര്‍ഗ്ഗ പക്ഷപാതിത്വമാണ് കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കുന്നത്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഇന്ന് ഹൈവേ വികസനം എന്നു പറയുന്നതും, പയ്യന്നൂരിലെ പെട്രോളിയം സംഭരണ വികസനം എന്നു പറയുന്നതും ഒരു മുതലാളിത്ത വികസന പരിപ്രേക്ഷ്യത്തില്‍ നിന്നാണ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്.
സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ബൂര്‍ഷ്യാ സാമൂഹ്യഘടനയില്‍ അതിന് രാഷ്ട്രീയ നേതൃത്വം കൊടുക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ അധികാരത്തില്‍ വരുമ്പോഴേക്കും മാര്‍ക്‌സിസം എന്നത് ഒരു മേമ്പൊടി ആവുകയും പ്രയോഗത്തില്‍ അത് മുതലാളിത്ത യുക്തിയില്‍ അധിഷ്ഠിതമാവുകയും, അതിന്റെ പ്രയോഗങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.
ജയരാജന്‍ തന്റെ ലേഖനത്തില്‍ ഒരു വശത്ത് പ്രകൃതി സ്‌നേഹം പറയുന്നു. മറുവശത്ത് കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് ! പ്രത്യേക ഭൂമിശാസ്ത്ര ഘടന നില നില്‍ക്കുന്ന കേരളത്തിന്റെ സാഹചര്യത്തില്‍ ഇവിടുത്തെ നെല്‍വയല്‍ വിസ്തൃതി, ഭൂമിയുടെ കിടപ്പ് , വിഭവങ്ങള്‍ കാലാവസ്ഥ എന്നിവയൊക്കെ സംബന്ധിച്ചിടത്തോളം വികസനത്തെക്കുറിച്ചുള്ള മുതലാളിത്തത്തിന്റെ ലോജിക്കാണ് അദ്ദേഹത്തെ നയിക്കുന്നത്.
പ്രസ്തുത ലേഖനത്തില്‍ പറയുന്നത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ റോഡ് വികസനം ആവശ്യമാണെന്നാണ്. ശാസ്ത്രീയമായ നിലപാട് ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രത്യക്ഷ യുക്തിയിലുള്ള പരിഹാരങ്ങളിലേ എത്താനാവൂ. വാഹന പെരുപ്പവും, ഗതാഗത തടസവും ഇതിന് ന്യായീകരണമായി പറയുമ്പോള്‍ ഇന്നത്തെ ഇതേ പ്രശ്‌നം അധികം വര്‍ഷങ്ങള്‍ കഴിയാതെ തന്നെ വീണ്ടും ഉണ്ടാകും. ഇതേ യുക്തിയിലാണെങ്കില്‍ വീണ്ടും സ്ഥലമെടുപ്പ് വേണ്ടി വരും. ഇങ്ങനെ നമുക്ക് മുന്നോട്ട് പോകാന്‍ പറ്റുമോ?
അപ്പോള്‍ ഇതിനൊരു ശാസ്ത്രീയ പരിഹാരമാണ് വേണ്ടത്. ഒരു കോര്‍പ്പറേറ്റ് സമ്പദ്ഘടനക്കകത്ത് ജനകീയവും ശാസ്ത്രീയവുമായ ബദലുകള്‍ക്ക് ഭരണകൂടം സന്നദ്ധമല്ല. അതാണ് ഇപ്പോള്‍ ഹൈവേ വികസനത്തിന്റെ പേരില്‍ കണ്ടു കൊണ്ടിരിക്കുന്നത്. അവശേഷിക്കുന്ന വയലുകള്‍ വരെ നികത്തിക്കൊണ്ട് സംഭവിക്കുന്നത് വന്‍ പാരിസ്ഥിതിക തകര്‍ച്ചയും തലമുറയോടുള്ള ക്രൂരതയുമാണ് അരങ്ങേറുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൈവേ വികസനത്തിന് വേണ്ടി എടുത്തിട്ട 30 മീറ്റര്‍ വീതിയില്‍ 6 വരി പാത നിര്‍മ്മിക്കാമെന്നിരിക്കെ 45 – 50 മീറ്ററില്‍ ഹൈവേ ഉണ്ടാക്കുന്നതിന്റെ താല്‍പര്യമാണ് പരിശോധിക്കേണ്ടത്.
Don”t Miss: കീഴാറ്റൂരിലേത് പൂര്‍ണമായും ഒരു ജല സമരമാണ്
1990 കളില്‍ തീവ്രതയാര്‍ജ്ജിച്ച ആഗോളീകരണ പരിപാടികള്‍ രാജ്യത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നു വരികയുണ്ടായി.1998-2004 വരെയുള്ള വാജ്‌പേയി സര്‍ക്കാരും , 2004-14 കാലത്തെ മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാരുമാണ് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് പ്രത്യേക അനുമതികള്‍ കൊടുത്തുകൊണ്ട് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തമെന്ന ,ബി.ഒ.ടി പദ്ധതികള്‍ കോര്‍പ്പറേറ്റ് ഊഹ കുത്തകകള്‍ക്ക് ഒരു നിക്ഷേപവും നടത്താതെ കോടിക്കണക്കിനു രൂപ കവര്‍ന്നെടുക്കാന്‍ ഇതിലൂടെ സാധിക്കും. പൊതുഭൂമി, ജനങ്ങളുടെ വരുമാനം എന്നിവയെല്ലാം വിദഗ്ധമായി കൊള്ളചെയ്ത് കോര്‍പ്പറേറ്റ് സമ്പദ് സമാഹരണം സുഗമമായി നടത്താന്‍ കഴിയുന്ന ഏര്‍പ്പാടായി പി.പി.പി – ബി.ഒ.ടി. പദ്ധതികള്‍ മാറ്റിയെടുക്കപ്പെട്ടു. കോടികളുടെ ലാഭമാണ് കോര്‍പ്പറേറ്റുകള്‍ ഇതിലൂടെ കൈയടക്കുന്നത്.
ഇത്തരമൊരു പരിപാടി കേരളത്തില്‍ ഇടപ്പള്ളി- മണ്ണുത്തി പാതയില്‍നിന്ന് തുടക്കമിട്ടിരിക്കുകയാണ്. ഈപരിപാടിയാണ് കേരളം മുഴുവന്‍ അനുവദിക്കാന്‍ പോകുന്നത്. ഇത് ജനങ്ങളുടെ വികസനമല്ല നടക്കുന്നത് മറിച്ച് കോര്‍പറേറ്റുകളുടെ വികസനമാണ് നടക്കുന്നത്.
ഈ പ്രശ്‌നം കീഴാറ്റൂരിലേക്ക് വരുമ്പോള്‍ കോടികളുടെ പണം മാത്രമല്ല നഷ്ടമാകുന്നത് ഒരു ദേശത്തിന്റെ ജൈവ കലവറയാണ്. ചെറുതും വലുതുമായ ജീവജാലങ്ങളുടെ കേന്ദ്രമാണത്. ഭൂമിയിലെ വിഷാംശങ്ങളെ അത് സ്വീകരിച്ചു കൊണ്ട് ഒരു ജൈവ ആവാസവ്യവസ്ഥയുടെ സംരക്ഷണമാണ് തണ്ണീര്‍ത്തടങ്ങള്‍. കൃഷി അതിന്റെ ചെറിയൊരു ഭാഗംമാത്രമാണ്. കൃഷി ചെയ്തില്ലെങ്കിലും തണ്ണീര്‍ത്തടത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്.250 ഏക്കറോളം ഭൂമി നികത്തപ്പെടുമ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ജൈവ താളമാണ് നഷ്ടമാകുന്നത്.
ജയരാജന്റെ ഭാഷയില്‍ ഇവിടെ വയല്‍ മാത്രമാണ് നികത്തപ്പെടുന്നത്. ആറര കിലോമീറ്റര്‍ നീളത്തില്‍ 45 മീറ്റര്‍ വീതിയിലും റോഡ് ഉയര്‍ത്തേണ്ടിയിരിക്കുമ്പോള്‍ അതിനാവശ്യമായ മണ്ണിന്റെ ലഭ്യതയെ പറ്റി മിണ്ടുന്നില്ല. വയല്‍ നികത്താന്‍ ഇവിടേക്ക് എട്ടുലക്ഷത്തോളം ലോഡ് മണ്ണാണ് വേണ്ടി വരിക. അതിനായി വടക്കന്‍ മലബാറിലെ ഒരുപാട് കുന്നുകള്‍ ഇല്ലാതാക്കപ്പെടും. ഇത് മൂലമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതമോ? ചെങ്കല്‍ കുന്നുകളില്‍ നിന്നാണ് നീരൊഴുക്കുകള്‍ സമതല പ്രദേശങ്ങളിലേക്കും മറ്റും വരുന്നത്. വീതി കുറഞ്ഞ് അതീവ പാരിസ്ഥിതിക സവിശേഷതകളുള്ള ഈ കൊച്ചു കേരളത്തിലാണ് പ്രകൃതിയോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത കടന്നാക്രമണം നടത്തുന്നത്.
ഇവിടെ മനസിലാക്കേണ്ടത് തണ്ണീര്‍ത്തടങ്ങളും, കുന്നുകളും ഇല്ലാതാക്കപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സമീപ വര്‍ഷങ്ങളില്‍ ഡങ്കിപ്പനിയും, ചിക്കുന്‍ ഗുനിയും വ്യാപകമായി ഇവിടെ പടര്‍ന്നു പിടിച്ചത് നമ്മുടെ ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളാണ്. രോഗം പരത്തുന്ന കൊതുകുകളും, കൂത്താടികളും ഉണ്ടായിരുന്നത് വെള്ളം കെട്ടി നില്‍ക്കുന്ന തണ്ണീര്‍ തടങ്ങളിലാണ്. സ്വാഭാവികമായും അവിടെ ഉണ്ടാകുന്ന തവളകളും, മാക്രികളുമാണ് ആ കൊതുകുകളെ ആഹാരമായി തിന്ന് തീര്‍ക്കുന്നത്. ഇന്ന് മൂന്നരകോടിയിലധികം ജനസംഖ്യയുള്ള കേരളത്തില്‍ വയലുകള്‍ 1,97,000 ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. ഇവിടെയാണ് അവശേഷിച്ചിരിക്കുന്ന വയലുകള്‍ വരെ വീണ്ടും നികത്തപ്പെടുന്നത്. നമ്മുടെ തണ്ണീര്‍ തടങ്ങളും കുന്നുകളും നികത്തപ്പെടുന്നതോടു കൂടി അതിന്റെ പ്രത്യാഘാതം സങ്കീര്‍ണ്ണവും, ഭീകരമായിരിക്കും.
ജയരാജന്‍ കേവല പരിസ്ഥിതിവാദമെന്ന് പറഞ്ഞ് ബൂര്‍ഷ്വാ വികസനവാദത്തിന്റെ വക്താവാകുകയാണ് ഇവിടെ. അദ്ദേഹം അതിനുവേണ്ടി കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ വരെ അപഹസിക്കുന്നുമുണ്ട്. സമരത്തില്‍ അണിനിരന്ന ആളെ നോക്കി സമരത്തെ വിലയിരുത്തുന്നത് മാര്‍ക്‌സിസ്റ്റ് രീതിയല്ല. ആ സമരത്തിന് ആധാരമായ മുദ്രാവാക്യം , ഭാവി സാധ്യത എന്നിവ കൂടി പരിഗണിക്കുമ്പോഴാണ് അത് ചര്‍ച്ചയാവുന്നത്. കീഴാറ്റൂരിലെ വയല്‍ സംരക്ഷണ സമരം അത്തരത്തിലാണ് പ്രസക്തമാവുന്നത്.
ജയരാജന്‍ തന്റെ സര്‍ക്കാര്‍ ഹരിത കേരളം പദ്ധതി നടപ്പാക്കുന്നു, വയല്‍ സംരക്ഷണ പരിപാടികള്‍ നടത്തുന്നു എന്നൊക്കെ പറയുമ്പോള്‍ മറുവശത്ത് ആഗോളീകരണ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതാകട്ടെ വിഴിഞ്ഞം പദ്ധതിയും, അതിരപ്പിളളി പദ്ധതിയും, ബി.ഒ.ടി റോഡ് വികസനവുമായിട്ടാണ് കേരളീയരുടെ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ വനവും, വര്‍ഷങ്ങളുടെ ജൈവ പ്രക്രിയയിലൂടെ ഉണ്ടായ തണ്ണീര്‍ത്തടങ്ങളും നഷ്ടമാകുമ്പോള്‍ അതിന് പകരം വെക്കാനാവില്ല. അതാണ് എംഗല്‍സ് പറയുന്നത്: ” പ്രകൃതിയുടെ ഭാഗമായാണ് നാമെല്ലാം കഴിഞ്ഞ് കൂടുന്നത്. മറ്റ് ജീവജാലങ്ങളില്‍ നിന്ന് മനുഷ്യന്‍ വ്യത്യസ്തനാകുന്നത് പ്രകൃതി നിയമങ്ങളെ കുറിച്ചുള്ള വര്‍ദ്ധിച്ച അറിവും അതിനെ മെച്ചപ്പെട്ട രീതിയില്‍ പ്രയോഗിക്കാനുമുള്ള സാധ്യതയാലുമാണ് ”
ഇങ്ങനെ ഇത്രമാത്രം പാരിസ്ഥിതിക അവബോധമുള്ള മാര്‍ക്‌സിസത്തെ ജയരാജന്‍ തങ്ങളുടെ തെറ്റായ വികസന നയത്തിന് വേണ്ടി ഉദ്ധരണികള്‍ ഉപയോഗിക്കുന്നത് സമൂഹത്തില്‍ മാര്‍ക്‌സിസത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പാടുപെടുന്ന വലതുപക്ഷ ബുദ്ധിജീവികള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കുമാണ് സഹായം ചെയ്യുന്നത്. ജയരാജന്‍ ഇത്തരമൊരു വലതുപക്ഷ യുക്തിയിലേക്കും പ്രയോഗ നിലപാടുകളിലേക്കും എത്തുന്നത് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ- പ്രത്യയശാസ്ത്ര നിലപാടുകളുമായി ബന്ധപ്പെട്ടാണ്. അതിന് മാര്‍ക്‌സിസവുമായി ബന്ധമുള്ളതല്ല. ബൂര്‍ഷ്വാ രാഷ്ട്രീയം അടിമുടി അതിനെ സ്വാധീനിക്കപ്പെട്ടാല്‍ അതിന്റെ എല്ലാ യുക്തികളും അതേ മട്ടില്‍ തന്നെയായിരിക്കും. അതാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് പറഞ്ഞ ബദല്‍ നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണിക്കാന്‍ പറ്റാതെയാവുന്നത്.
ആഗോളീകരണ നയത്തിനനുകൂലമായി മോദിയുടെ ബി.ഒ.ടി വികസന രീതി നേഷണല്‍ ഹൈവേ അതോറിറ്റിയിലൂടെ കേരളത്തില്‍ നടപ്പാക്കുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോലീസിനെ വിന്യസിച്ചു കൊടുത്തും പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടായിസത്തിന് പ്രേരിപ്പിച്ചും കോര്‍പ്പറേറ്റ് വികസന പാതക്ക് നമ്മുടെ കൃഷി ഭൂമി ഇല്ലാതാക്കുന്നത് ചരിത്രത്തിന് മുന്നില്‍ വിചാരണ ചെയ്യപ്പെടുമെന്നത് തീര്‍ച്ചയാണ്. അതിന്റെ എല്ലാ യുക്തികളും അതേ മട്ടില്‍ തന്നെയായിരിക്കും. അതാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് പറഞ്ഞ ബദല്‍ നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണിക്കാന്‍ പറ്റാതെയാവുന്നത്.
ആഗോളീകരണ നയത്തിനനുകൂലമായി മോദിയുടെ ബി.ഒ.ടി വികസന രീതി നേഷണല്‍ ഹൈവേ അതോറിറ്റിയിലൂടെ കേരളത്തില്‍ നടപ്പാക്കുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോലീസിനെ വിന്യസിച്ചു കൊടുത്തും, പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടായിസത്തിന് പ്രേരിപ്പിച്ചും , സമരപന്തലുകള്‍ കത്തിച്ചും കോര്‍പ്പറേറ്റ് വികസന പാതക്ക് സംരക്ഷണം നല്‍കുകയാണ്. തെറ്റായതും, അശാസ്ത്രീയവുമായ വികസന പദ്ധതികള്‍ക്ക് വേണ്ടി നമ്മുടെ കൃഷി ഭൂമിയടക്കം ഇല്ലാതാക്കപ്പെടുന്ന നയപരിപാടികള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ തങ്ങള്‍ പരിസ്ഥിതി സംരക്ഷകരാണെന്ന് പറയുന്നത് തികഞ്ഞ വഞ്ചനയാണ്. മുയലിനോടൊപ്പം ഓടുകയും, വേട്ടക്കാരനോടപ്പം വേട്ടയാടുകയും ചെയ്യുകയാണ് ജയരാജന്‍ തന്റെ ലേഖനത്തിലൂടെ വെളിവാക്കുന്നത്.