നീ കേറി വാടാ, ഇത് ഞാന്‍ എന്റെ പേജിലൂടെ റിലീസ് ചെയ്യുമെന്ന് മമ്മൂക്ക; എന്തിനാണ് കോംപ്രമൈസ് ചെയ്യുന്നതെന്ന് ചോദിച്ചു: വിനോദ് കോവൂര്‍
Movie Day
നീ കേറി വാടാ, ഇത് ഞാന്‍ എന്റെ പേജിലൂടെ റിലീസ് ചെയ്യുമെന്ന് മമ്മൂക്ക; എന്തിനാണ് കോംപ്രമൈസ് ചെയ്യുന്നതെന്ന് ചോദിച്ചു: വിനോദ് കോവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th October 2023, 12:33 pm

മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ വിനോദ് കോവൂര്‍. ഒരു വ്യക്തിയെന്ന നിലയില്‍ തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിയമാണ് മമ്മൂക്കയെന്നും അദ്ദേഹം തനിക്ക് തന്നിട്ടുള്ള പരിഗണനയൊന്നും ഒരു കാലത്തും മറക്കാനാവില്ലെന്നുമാണ് വിനോദ് കോവൂര്‍ പറയുന്നത്.

ഒരു പാട്ടുപാടി താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് കണ്ട് തന്നെ മമ്മൂക്ക നേരിട്ട് വിളിച്ചതിനെ കുറിച്ചും താന്‍ സംവിധാനം ചെയ്ത ഷോട്ട് ഫിലിം ആവശ്യപ്പെടാതെ തന്നെ അദ്ദേഹം സ്വന്തം പേജിലൂടെ റിലീസ് ചെയ്തതിനെ കുറിച്ചുമൊക്കെയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് കോവൂര്‍ സംസാരിക്കുന്നത്.

‘ഞാന്‍ മമ്മൂക്കയ്ക്ക് എന്ത് ലിങ്ക് അയച്ചുകൊടുത്താലും അത് ഇരുന്ന് കണ്ട് അതിന്റെ ഫീഡ് ബാക്ക് തരും. ഇടയ്ക്കിടെ ഞാന്‍ ഫേസ്ബുക്കില്‍ പാട്ട് പാടി ഇടാറുണ്ട്. മറിമായത്തിന്റെ ഷൂട്ടിനിടെ ഞാനൊരു പാട്ട് പാടി എന്റെ മൊബൈലില്‍ ഒരാളെ കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ച് എന്റെ ഫേസ്ബുക്കില്‍ വെറുതെ ഇട്ടിരുന്നു.

ഇത് കണ്ട ഉടനെ മമ്മൂക്ക എനിക്ക് റിപ്ലേ അയച്ചു. ‘വിനോദേ ഞാന്‍ പാട്ടുകേട്ടു. നീ നന്നായിട്ട് പാടിയിട്ടുണ്ട്. പക്ഷേ ഇത് വെറുതെ ഒരു മരച്ചോട്ടില്‍ ഇരുന്ന് പാടേണ്ട പാട്ടല്ല. അതിനകത്ത് ഒരു കഥയുണ്ട്. അതിലൊരു സത്യമുണ്ട്. അതിലൊരു അമ്മയുണ്ട്, മോളുണ്ട്, പാലമുണ്ട്. ഇതൊന്ന് മനസില്‍ കാണ്. അത് ചിത്രീകരിക്ക്. അങ്ങനെ ചിത്രീകരിച്ചാല്‍ അത് എത്രയാള്‍ക്കാരുടെ മനസില്‍ കയറിക്കൂടും’ എന്നേ മമ്മൂക്ക പറഞ്ഞുള്ളൂ.

പിറ്റേ ദിവസം ഞാന്‍ ഒരു ക്യാമറാമാനെ ഏല്‍പ്പിക്കുന്നു. ഭാര്യയെ തിരയുന്നു, മകളെ തിരയുന്നു, പാലം തിരയുന്നു. ഇതെല്ലാം രണ്ട് ദിവസം കൊണ്ട് റെഡിയാക്കി അത് ഷൂട്ട് ചെയ്തു. അത് മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തു. അതിന് അദ്ദേഹം തന്ന വാക്കുകള്‍ എനിക്ക് ദേശീയ അവാര്‍ഡ് ആണ്.

ഇതാണ് വിനോദേ, ഇത് നിനക്ക് കഴിയും. പിന്നെ എന്തിനാണ് നീ കോംപ്രമൈസ് ചെയ്യുന്നത്. ഞാന്‍ ഇത് എന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും, എന്ന് മമ്മൂക്ക ഇങ്ങോട്ട് പറഞ്ഞു. അദ്ദേഹം അത് റിലീസ് ചെയ്ത ശേഷം എവിടുന്നൊക്കെയാണ് എനിക്ക് വിളി വന്നത് എന്ന് അറിയില്ല.

എന്റെ പാട്ടിനെ കുറിച്ചും അഭിനയത്തിനെ കുറിച്ചും ലൊക്കേഷനെ കുറിച്ചുമൊക്കെ ആളുകള്‍ വിളിച്ച് സംസാരിച്ചു. ഒരു വ്യക്തി നമ്മളില്‍ സ്വാധീനിക്കുന്നതിന്റെ ഏറ്റവും വലിയ ഘടകമാണ്. അത്.

അതുപോലെ ഞാന്‍ ആദ്യമായി ഒരു ഷോട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. ഞാന്‍ ഒരുപാട് ഷോട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഷോട്ട് ഫിലിമില്‍ അഭിനയിച്ച് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യം വിളിച്ച് അഭിനന്ദിച്ചതും മമ്മൂക്കയാണ്.

എന്റെ ഷോട്ട് ഫിലിം പൂര്‍ത്തിയാക്കി സ്റ്റുഡിയോയില്‍ ഇരുന്ന് കണ്ടപ്പോള്‍ എനിക്ക് തന്നെ ഒരു സംതൃപ്തി തോന്നി. ഞാന് വെറുതെ മമ്മൂക്കയ്ക്ക് മെസ്സേജ് അയച്ചു. ഞാന്‍ ഒരു ഷോട്ട ഫിലിം സംവിധാനം ചെയ്തിട്ടുണ്ടെന്നും എന്റെ കഥയാണെന്നും ഞാന്‍ തന്നെയാണ് മെയിന്‍ റോള്‍ ചെയ്തതെന്നും പറഞ്ഞു

നീ വാടാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉടനെ ഞാന്‍ കയറി എറണാകുളത്ത് എത്തി. മമ്മൂക്ക തെലുങ്ക് പടത്തിന് ഡബ്ബ് ചെയ്യുകയായിരുന്നു. എന്നെ കണ്ടയുടനെ അദ്ദേഹം ഹെഡ് ഫോണ്‍ മാറ്റി വെച്ച്, വിനോദേ എത്ര മിനുട്ടുണ്ട് ഷോട്ട് ഫിലിം എന്ന് ചോദിച്ചു. 9 മിനുട്ടെന്ന് ഞാന്‍ പറഞ്ഞു.

ഒരു പത്ത് മിനുട്ട് വിനോദിന്റെ ഷോട്ട് ഫിലിം കണ്ടിട്ട് വരാമെന്ന് പറഞ്ഞ് മമ്മൂക്ക അവിടെ നിന്ന് ഇറങ്ങി. തൊട്ടടുത്ത സ്റ്റുഡിയോയില്‍ ഞാനും മമ്മൂക്കയും ഒരു ടെക്‌നീഷ്യനും മാത്രം ഇരുന്ന് ഷോട്ട് ഫിലിം കണ്ടു. ഷോട്ട് ഫിലിം കണ്ടിട്ടും മമ്മൂക്ക ഇങ്ങനെ ഇരിക്കുകയാണ്. കുറച്ച് നേരത്തേക്ക് സയലന്‍സാണ്. മമ്മൂക്ക ഒന്നും പറയുന്നില്ല.

എന്താണ് ഒന്നും പറയാത്തത് എന്ന് ചോദിച്ചു. അദ്ദേഹം ആ സിനിമയെ കുറിച്ചും ആ കഥയെ കുറിച്ചുമൊക്കെ സംസാരിച്ചു. എന്റെ ജീവിതത്തിലെ അനുഭവമാണെന്ന് പറഞ്ഞു. എന്റെ അനുഭവത്തെ കുറിച്ച് ചോദിച്ചു. അതില്‍ അഭിനയിച്ചവരെ കുറിച്ചും ക്യാമറയെ കുറിച്ചും ചോദിച്ചു.

എനിക്ക് 100 ല്‍ 99 മാര്‍ക്ക് തന്നു. ഒരു മാര്‍ക്ക് എന്തിനാണ് കുറച്ചതെന്ന് ചോദിച്ചപ്പോള്‍ അത് തന്നാല്‍ നിനക്ക് അഹങ്കാരമായി പോകുമെന്ന് പറഞ്ഞു.

Content Highlight: Vinod Kovoor about Mammootty