| Wednesday, 17th August 2022, 2:30 pm

ഒരു കാലത്ത് സച്ചിന്റെ കൂടെയുണ്ടായിരുന്നു; കാംബ്ലിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു കാലത്ത് സച്ചിന്‍ ടെന്‍ഡഡുല്‍ക്കറിന്റെ കൂടെ ഇന്ത്യന്‍ ടീമില്‍ നടന്നുകയറിയ താരമാണ് വിനോദ് കാംബ്ലി. ഹാരിസ് ഷീല്‍ഡ് ട്രോഫിയില്‍ 664 റെക്കോഡ് ബ്രേക്കിങ് കൂട്ടുകെട്ട് പങ്കിട്ടതിന് ശേഷമാണ് കാംബ്ലിയും സച്ചിനും ലോക ശ്രദ്ധനേടിയത്. താമസിയാതെ തന്നെ ഇരുവരും ഇന്ത്യന്‍ ടീമില്‍ എത്തിയിരുന്നു. പക്ഷേ അവരുടെ കരിയര്‍ വിപരീത ദിശയിേലക്ക് സഞ്ചരിക്കുകയായിരുന്നു.

സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമായി വളര്‍ന്ന് പന്തലിച്ചപ്പോള്‍ കാംബ്ലിക്ക് ക്രിക്കറ്റില്‍ നിന്നും നേരത്തെ തന്നെ വിരമിക്കേണ്ടി വന്നു.

ആദ്യ ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 113 ശരാശരിയില്‍ 793 റണ്‍സ് നേടിയായിരുന്നു അദ്ദേഹം ക്രിക്കറ്റില്‍ വരവറിയച്ചത്. പക്ഷെ ജീവിതശൈലി അദ്ദേഹത്തിന്റെ ഫോമിനെ സ്വാധീക്കുകയും, താമസിയാതെ അദ്ദേഹം ടീമിന് പുറത്താകുകയും ചെയ്തു.

ഇപ്പോഴിതാ തനിക്ക് പണമില്ലെന്നും കുടുംബത്തെ നിലനിര്‍ത്താന്‍ ജോലി ആവശ്യമാണെന്നും വെളിപ്പെടുത്തിരിക്കുകയാണ് കാംബ്ലി. ബി.സി.സി.ഐയില്‍ നിന്നുള്ള 30,000 രൂപ പെന്‍ഷനാണ് തന്റെ ഏക വരുമാന മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, പെന്‍ഷന്‍ നല്‍കിയതിന് അദ്ദേഹം ബി.സി.സി.ഐയോട് നന്ദി പറഞ്ഞു. കാംബ്ലി വിരമിച്ചിട്ട് 20 വര്‍ഷത്തിലേറെയായി. ഉപജീവനത്തിനായി നിരവധി റിയാലിറ്റി ഷോകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

2019 ലെ മുംബൈ ടി-20 ലീഗില്‍ ഒരു ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയുടെ ഭാഗമായിട്ടും പ്രവര്‍ത്തിച്ചിരുന്നു.

ജോലിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനോടും (എം.സി.എ) ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയോടും കാംബ്ലി അപേക്ഷിച്ചു.

‘ഞാന്‍ വാംഖഡെയിലോ ബി.കെ.സിയിലോ ജോലിക്കായി എം.സി.എയുമായി ബന്ധപ്പെട്ടിരുന്നു. എനിക്ക് ഒരു കുടുംബത്തെ നോക്കെണ്ടതുണ്ട്. സി.ഐ.സിയിലും ജോലി അന്വേഷിച്ച് പോയിരുന്നു. പക്ഷെ അവര്‍ എനിക്ക് ഒരു ഓണററി ജോലിയാണ് വാഗ്ദാനം ചെയ്തത്,’ കാംബ്ലി പറഞ്ഞു.

മുംബൈ അമോല്‍ മുസുംദാറിനെ മുഖ്യ പരിശീലകനായി നിലനിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ എനിക്ക് ജോലി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറിന് അറിയാമെന്ന് കംബ്ലി പറയുന്നു. ഒരു സുഹൃത്തെന്ന നിലയില്‍ സച്ചിന്‍ എപ്പോഴും തന്നെ സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയില്‍ അദ്ദേഹം കാംബ്ലിക്കൊരു റോള്‍ നല്‍കി. പക്ഷേ തനിക്ക് അവനില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് കാംബ്ലി പറയുന്നത്.

‘ഞാന്‍ വളരെ ദരിദ്രമായ ഒരു കുടുംബത്തില്‍ നിന്നാണ് വന്നത്, സച്ചിന്‍ എപ്പോഴും ഒരു സുഹൃത്തായി എനിക്കൊപ്പം നിന്നിട്ടുണ്ട്. പക്ഷെ ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല,’ കാംബ്ലി കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് ക്രിക്കറ്റിലെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. എന്നാല്‍ ഒരു കാലം കഴിഞ്ഞപ്പോള്‍ ക്രിക്കറ്റില്‍ നിന്നും കാംബ്ലി പതിയെ മറഞ്ഞുപോകുകയായിരുന്നു.

Content Highlight: Vinod Kambli is going through financial crisis and looking for a Job

Latest Stories

We use cookies to give you the best possible experience. Learn more