| Wednesday, 14th November 2018, 11:03 am

ഫാഷിസ്റ്റ് കാലത്തെ മാധ്യമപ്രവര്‍ത്തനം-കാരവന്‍ എഡിറ്റര്‍ വിനോദ് ജോസ് സംസാരിക്കുന്നു

ശ്രീജിത്ത് ദിവാകരന്‍

ഭരണാധികാരത്തിന് പൂര്‍ണ്ണമായും കീഴടങ്ങുന്ന മാധ്യമങ്ങളാണ് ഫാഷിസ്റ്റ് കാലത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയെക്കുറിച്ച് ഇപ്പോള്‍ പൊതുവെ പറയപ്പെടുന്ന ഒരു കാര്യവും അതാണ്. എന്നാല്‍ ഒഴുക്കിനെതിരെ നീന്തുന്ന ചില മാധ്യമങ്ങളും ഇവിടെയുണ്ട്. അതില്‍ നിര്‍ണ്ണായക സ്ഥാനത്തുള്ള മാഗസിനാണ് കാരവന്‍.

ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹതകള്‍, ആര്‍.എസ്.എസ് നേതൃത്വം എങ്ങനെയാണ് മിക്ക മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോധ എക്‌സ്പ്രസ് തുടങ്ങിയ ബോംബാക്രമണ- ഭീകരവാദത്തിന് ചുക്കാന്‍ പിടിച്ചതെന്ന് വെളിപ്പെടുത്തുന്ന അസീമാനന്ദയുടെ ദീര്‍ഘ അഭിമുഖം, മോദി ഇന്ത്യയെ രൂപപ്പെടുത്തിയ ആര്‍.എസ്.എസ് ഗുരു ഗോള്‍വാള്‍ക്കറുടെ വിഷലിപ്ത ആശയലോകത്തിന്റെ വിശദാംശങ്ങള്‍, ലോകമെമ്പാടുമുള്ള സവര്‍ണ്ണ-വലതുപക്ഷ ഫാഷിസ്റ്റ് ആശയലോകത്തിന് ഇന്ത്യയിലെ സമകാലിക ഭരണത്തോടുള്ള ആശയഐക്യത്തിന്റെ കാര്യകാരണങ്ങള്‍, നിതിന്‍ഗഡ്കരി-സ്മൃതി ഇറാനി-പീയൂഷ് ഗോയല്‍ തുടങ്ങിയ എന്‍.ഡി.എ മന്ത്രിമാരുടെ വളര്‍ച്ചയുടെ ചരിത്രം.. എന്നിങ്ങനെ കാരവന്‍ കഴിഞ്ഞ കാലങ്ങളില്‍ പുറത്തുകൊണ്ടുവന്നിട്ടുള്ള സ്റ്റോറികള്‍ എങ്ങനെയാണ് റിപ്പോര്‍ട്ടിംഗ്് അടിസ്ഥാനമാക്കിയുള്ള സത്യസന്ധമായ ജേര്‍ണലിസം സാധ്യമാക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ്. ഇക്കാലത്ത് എങ്ങനെയാണ് ഈ ജേര്‍ണലിസം സാധ്യമാകുന്നത് എന്നാണ് കാരവന്‍ മാഗസിന്‍ എഡിറ്ററും മലയാളിയുമായ വിനോദ് ജോസ് ആണ് ഡൂള്‍ന്യൂസിനോട് വിശദമാക്കുന്നത്.

ഞാന്‍ അടക്കമുള്ള ആളുകള്‍ക്ക് ഈ ഒഴുക്കിനെതിരെ നീന്തുക എന്നൊക്കെ പറഞ്ഞുപോകാന്‍ എളുപ്പമാണ്. പക്ഷെ ഇത് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരവന്‍ ഇപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് എത്തിയിട്ട് എട്ട് വര്‍ഷമായി. 2010 ല്‍ റീലോഞ്ച് ചെയ്തു. ഇതിനെ 2014 വരെ ഉള്ള ഒരു കാലം, 2014 ലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഒരു കാലം എന്ന് രണ്ടായിട്ട് തിരിക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ തന്നെ അത് എന്തുകൊണ്ടാണ്?

മീഡിയാകോണ്‍ടെക്സ്റ്റില്‍ ഇത് വളരെ ശരിയാണ്. രാഷ്ട്രീയപരമായി ഇന്ത്യയുടെ പോക്ക് നോക്കുമ്പോള്‍ 2014 ന് മുമ്പുള്ള ഇന്ത്യ എന്നും ശേഷമുള്ള ഇന്ത്യ എന്നും വ്യക്തമായി പറയാന്‍ സാധിക്കും. അതിന്റെ ഒരു പ്രധാന കാര്യം രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന എല്ലാ ചലനങ്ങളും മീഡിയയിലും സംഭവിക്കുന്നു എന്നതാണ്. എന്നാലും 2014 എന്ന് വളരെ കൃത്യമായി പറയാന്‍ സാധിക്കില്ല. 2012 -2013 ഓടുകൂടി ആ ചലനങ്ങള്‍ നമ്മളെ ബാധിക്കാന്‍ തുടങ്ങിയിരുന്നു.

2009 ല്‍ ആണ് ന്യൂയോര്‍ക്കില്‍ നിന്നും ഞാന്‍ ദല്‍ഹിയിലേക്ക് തിരിച്ചു വരുന്നത്. കാരവന്‍ ലോഞ്ച് ചെയ്യുക എന്ന ഒരു ഉദ്ദേശത്തില്‍ പത്തന്‍പത് വര്‍ഷം പഴക്കമുള്ള ഒരു കമ്പനി അതിന്റെ ഫസ്റ്റ് എംപ്ലോയി എന്ന നിലയ്ക്ക് എന്നെ കൊണ്ട് വരുന്നു. ആ സമയത്ത് ഇന്ത്യ എന്ന് പറയുന്നത് ഒരു ഗ്ലോബല്‍ സക്സസ് സ്റ്റോറി ആയിട്ടാണ് ലോകത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്.

നമ്മള്‍ ന്യൂക്ലിയര്‍ ഡീല്‍ സൈന്‍ ചെയ്തു. അതിന് വേണ്ടി അമേരിക്കന്‍ സെനറ്റും കോണ്‍ഗ്രസ്സും ഒരിക്കലും മാറ്റാന്‍ പറ്റും എന്ന് തോന്നാതിരുന്ന പല നിയമങ്ങളും മാറ്റി. ജോര്‍ജ് ബുഷ്- മന്‍ മോഹന്‍സിംഗ് കെമിസ്ട്രി എന്നൊക്കെ പറഞ്ഞ് ഒരുപാട് സെലിബ്രേറ്റ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ ഇക്കണോമിക്സ് സക്സസ് സ്റ്റോറി. 2007-2008 ഗ്ലോബല്‍ മെല്‍റ്റ് ഡൗണ്‍ നടക്കുമ്പോള്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നു. ഇന്ത്യന്‍ ഇക്കോണമിക്ക് ഒരു കുഴപ്പവും പറ്റുന്നില്ല. 2009 ലെ റീ ഇലക്ഷന് ശേഷം പിന്നെ വളരെ സെലിബ്രേറ്റ് ചെയ്യപ്പെടുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. ഇന്ത്യ എന്ന് പറയുന്ന രാജ്യം ഒരു വലിയ ഇന്റര്‍നാഷണല്‍ ഗെയിംസില്‍. ഒരുപാട് വര്‍ഷത്തിന് ശേഷം വേള്‍ഡ് ക്ലാസ്സ് രീതിയില്‍ അത് നടത്തുന്നു. പല മാധ്യമ സ്ഥാപനങ്ങളും ഞാന്‍ ദല്‍ഹിയില്‍ നിന്ന് വരാന്‍ തുടങ്ങിയപ്പോള്‍ ഇനി അടുത്തത് ഒളിമ്പിക്സ് ആണ് നമ്മള്‍ കൊണ്ടുവരേണ്ടത് എന്നതരത്തില്‍ ആഘോഷിച്ചിരുന്നു.

ആ ഒരു സമയത്താണ് കാരവന്‍ ലോഞ്ച് നടക്കുന്നത്. തുടക്കത്തില്‍ തന്നെ പ്ലാനിംഗിന്റെ ഭാഗമായി ഒരു ലോങ് ഫോം ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറീസ് അല്ലെങ്കില്‍ അതുപോലെ ഒരു മാഗസിന്‍ കള്‍ച്ചര്‍, പൊളിറ്റിക്സ്, എല്ലാം ചെയ്യുന്ന ഒരു മാഗസിന്‍ ആണ് പ്ലാന്‍ ചെയ്തത്. തുടക്കത്തില്‍ തന്നെ പല സ്റ്റോറികളും നേരത്തെ കമ്മീഷന്‍ ചെയ്യുകയും സ്പെഷ്യല്‍ ആയി നടത്തേണ്ടുന്ന ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയും ചെയ്തതിന്റെ കൂട്ടത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്‍ ചെയ്തു.

അന്നെല്ലാവരും പറഞ്ഞത് എന്തിനാണ് ഇത് ചെയ്യുന്നത്, ഇന്ത്യയിലേക്ക് ഇത് വരുന്നത് നല്ല കാര്യമല്ലേ എന്നാണ്. എന്നാല്‍ കാരവന്‍ സ്റ്റോറി ജുലൈ മാസം പുറത്ത് വരുന്നു. പതിനായിരം വാക്കുകള്‍, ആറ് മാസം എടുത്ത് ചെയ്ത വളരെ ഡെപ്ത്തുള്ള ഒരു സ്റ്റോറി ആയിരുന്നു അത്. എട്ട് പത്ത് അഴിമതി അന്ന് ഞങ്ങള്‍ പുറത്തു കൊണ്ട് വരുന്നു. അതിനുശേഷം ടൈംസ് ഓഫ് ഇന്ത്യ ഏറ്റെടുക്കുകയും, അര്‍ണാബ് ഗോസ്വാമി കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി തെളിയിച്ച് കൊണ്ട് വാര്‍ത്ത നല്‍കുകയും ചെയ്തു.

ആ ഒരു കാലത്തൊക്കെ അത്തരത്തില്‍ മറ്റ് വാര്‍ത്തകളോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളോ വന്നിരുന്നെങ്കില്‍ അത് ഹിന്ദുവോ, റിപ്പബ്ലിക്കോ, കാരവനോ ആര് ചെയ്താലും നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ജേര്‍ണലിസത്തിനെ സംബന്ധിച്ച് ഒരു പബ്ലിക്ക് പ്രഫഷണല്‍ ഡ്യൂട്ടി ആണ് ഇതിന്റെ ധര്‍മ്മം എന്ന ഒരു കണ്ടീഷന്‍ എല്ലാസ്ഥലത്തും ഉണ്ടായിരുന്നു. കോമണ്‍വെല്‍ത്തിന് ശേഷം ഒരുപാട് ഇന്‍വെസ്റ്റിഗേഷന്‍ കാരവന്‍ ചെയ്തിരുന്നു.

2012 ഓടെ ഇതിന്റെ കാറ്റ് തിരിഞ്ഞു വീശുന്നതായി തോന്നി. കാരണം കോണ്‍ഗ്രസ്സ് ഒരു ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് നടത്തുന്നു. അത് പക്ഷെ ഉപകാരപ്പെട്ടത് 2009 ലൊക്കെ വളരെ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യയിലെ ഹിന്ദു റൈറ്റ്മൂവ്‌മെന്റിന് ആയിരുന്നു. അതില്‍ തന്നെ അദ്വാനി ആയിരിക്കും അടുത്ത പ്രധാനമന്ത്രി ആയി വരുന്നത് എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ അതിന് ഒരു ഷോക്ക് കൊടുത്തുകൊണ്ട് മോദി വരികയും ചെയ്യുന്നു. മോദി ക്യാമ്പയിന്‍ ലീഡര്‍ ആയിട്ടാണ് ആദ്യം വരുന്നത്. അതിന് ശേഷമാണ് പ്രധാനമന്ത്രി ആകുന്നത്.

ആദ്യ വരവില്‍ തന്നെ മീഡിയയില്‍ അതിന്റെ ചലനങ്ങള്‍ കണ്ട് തുടങ്ങി. പല ചാനലിന്റെയും എഡിറ്റര്‍മാരെ പുറത്താക്കുന്നു ചാനലുകളുടെ വില്‍പ്പന നടക്കുന്നു. റിലയന്‍സ് പോലുള്ള ഗ്രൂപ്പുകള്‍ വരുന്നു. പക്ഷെ നമ്മള്‍ അന്ന് മനസ്സിലാക്കാത്ത ഒരു കാര്യം 2009 ല്‍ തന്നെ 4005 കോടി എന്‍.ഡി.ടി.വിയില്‍ ഇന്‍വെസ്റ്റ് ചെയ്ത് റിലയന്‍സ് നില്‍ക്കുന്നുണ്ടായിരുന്നു എന്നതാണ്. 2014 ല്‍ കാരവന്‍ ഒരു സ്റ്റോറി ചെയ്തപ്പോള്‍ ആണ് അത് പുറത്തുവരുന്നത്. അത് മാത്രമല്ല, മിക്കവാറും എഡിറ്റേഴ്‌സിന് ജോലി നഷ്ടപ്പെടുന്ന അവസ്ഥ.

ഞാന്‍ കാരവന്റെ എഡിറ്റര്‍ ആയി വരുന്ന സമയത്ത് ഒരു ബേബി എഡിറ്റര്‍ എന്ന് വിളിക്കാവുന്ന അവസ്ഥയില്‍ ആയിരുന്നു. ഇന്നിപ്പോള്‍ സീനിയറായി തോന്നുന്നത് പ്രായം കൂടിയതുകൊണ്ടു മാത്രമല്ല, അന്നുണ്ടായിരുന്ന പല എഡിറ്റര്‍മാരും ഇന്ന് ജോലിയിലില്ല എന്നുള്ളത് കൊണ്ടാണ്. ഇതൊക്കെ സംഭവിക്കുന്നത് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിന് ഇടയ്ക്കാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ തുടങ്ങി ഏത് സ്ഥാപനങ്ങള്‍ നമ്മള്‍ എടുത്തു നോക്കിയാലും ഇത് കാണാന്‍ സാധിക്കും. ഓപ്പണ്‍ പോലുള്ള മാഗസിനില്‍ നിന്നും രണ്ട് എഡിറ്റര്‍മാര്‍ക്ക് പുറത്ത് പോകേണ്ടി വന്നു. അതില്‍ ഒരാള്‍ ഇപ്പോള്‍ ഞങ്ങളുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആണ്. ഇങ്ങനെ ഉള്ള ഒരു വലിയ ചലനം നടക്കുന്നത് 2012- 13 കാലഘട്ടത്തില്‍ വ്യക്തമായി മനസ്സിലായി തുടങ്ങി.

പക്ഷെ, അതൊക്കെ ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ ആയിരുന്നു എന്നാണ് ഇന്ന് ഈ 2018 ല്‍ മനസിലാകുന്നത്. കാരണം പഴയ ഒരു പൊളിറ്റിക്കല്‍ സിസ്റ്റം, ഒരു നൂറോ ഇരുന്നൂറോ പേര്‍ ലാഭം ഉണ്ടാക്കുന്ന അഴിമതി വളരെ ആഴത്തില്‍ എംമ്പഡഡ് ആയിട്ടുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയും അവരുടെ റീജണല്‍ പാര്‍ട്ടികളും പരസ്പരം മനസിലാക്കി പോയിരുന്ന ഒരു രീതി ആയിരുന്നുവെങ്കില്‍, 2014 ന് ശേഷം ഇത് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു ഒളിഗാര്‍ക്കി ക്യാപ്പിറ്റലിസം ഉണ്ടായി. ഇത് ഒരു റഷ്യന്‍ മോഡലിലേക്ക് നമ്മളെ നീക്കി.

ഒരു പവര്‍സെന്റര്‍, അതിന് ആവശ്യമുള്ള ഒരു നാലോ അഞ്ചോ പേര്‍ എന്നരീതി ആയി. അവര്‍ക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുക, ബാക്കി എല്ലാം വോട്ടിന് വേണ്ടി ചെയ്യുന്ന രീതി ആയി മാറി. അതിന് തടസ്സം നില്‍ക്കുന്ന കോടതികള്‍, പത്രസ്ഥാപനങ്ങള്‍, ഇന്‍സ്ന്റിന്റ്യൂഷന്‍ തുടങ്ങി എന്തിനേയും നശിപ്പിക്കുന്ന രീതി എല്ലാ മേഖലയേയും എന്ന പോലെ ജേര്‍ണലിസത്തേയും ബാധിച്ചു. പരസ്യം, മാധ്യമ പ്രവര്‍ത്തക ടീം, ആളുകള്‍ എത്ര സ്റ്റോറി ചെയ്യുന്നു, ഏത് ചെയ്യണം, ഏത് രീതിയില്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വരെ മറ്റുള്ളവര്‍ ആയിപ്പോകുന്ന ഒരു ഇടപെടല്‍.

ഇപ്പോഴത്തെ സര്‍ക്കാരിനെതിരെ എന്തെങ്കിലും ആരോപണം പുറത്ത് കൊണ്ട് വന്നെങ്കില്‍ അതിനെ രണ്ട് രീതിയില്‍ ആണ് ഇവര്‍ നേരിടുന്നത്. ഒന്ന് കമ്മ്യൂണിസ്റ്റ്- മാവോയിസ്റ്റ് ഗ്രൂപ്പാണ് എന്ന് പറയും. അല്ലെങ്കില്‍ മുസ്ലീം ഗ്രൂപ്പ് എന്നാണ് പറയുക. ഈ രണ്ട് ആരോപണങ്ങളും ഏല്‍ക്കാതെ പിടിച്ചു നില്‍ക്കാന്‍ കാരവന് കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. അത് എങ്ങിനെ ആണ്?

കാരവനെ സംബന്ധിച്ച് ഞങ്ങള്‍ ഓള്‍ഡ് ഫാഷന്‍ ജേര്‍ണലിസം സ്‌കൂള്‍ ആണ് എന്ന് സ്വയം വിശ്വസിക്കുന്നു. ഇവിടെ റിപ്പോര്‍ട്ടിംഗിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഡോക്യുമെന്റ് ബേസ് ആയിട്ടുള്ള, അക്കൗണ്ട്് ബേസ് ആയിട്ടുള്ള ഓള്‍ഡ് ഫാഷന്‍ റിപ്പോര്‍ട്ടേഴ്‌സ്. ഞാന്‍ അടക്കമുള്ള എല്ലാവരും റിപ്പോര്‍ട്ടര്‍ കൂടി ആണ്. ഞങ്ങളുടെ ഒപ്പീനിയന്‍ സത്യത്തെ ബേസ് ചെയ്തിട്ടുള്ളതാണ്. ചില ന്യൂസ് റൂമുകളില്‍ ഒപ്പീനിയന്‍ കൂടുതലും റിപ്പോര്‍ട്ടിംഗ്് കുറവും ആയിരിക്കും. എനിക്ക് കൂടുതല്‍ നല്ലതായിട്ട് തോന്നിയത് റിപ്പോര്‍ട്ടിംഗ് എലമെന്റ് കൂടുതലുള്ള ന്യൂസ് ആണ്.

ഹിന്ദുസേന പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ കാരവന്‍ ഓഫീസിന് പുറത്ത് പ്രതിഷേധിക്കുന്നു

മറച്ചുവക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിക്കുക എന്നതാണ് ജേര്‍ണലിസത്തിന്റെ ഏറ്റവും പ്രാഥമികമായ കടമ. വാര്‍ത്തകളെ കൃത്യമായി ഫോളോ ചെയ്ത്, എല്ലാവിവരങ്ങളും ശേഖരിച്ച് കൊണ്ട് വാര്‍ത്തയെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയണം. ചെയ്യുന്ന സ്റ്റോറികള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതാകാം അല്ലാത്തതാകാം. അത് നമ്മള്‍ നോക്കാറില്ല. വാര്‍ത്തകള്‍ എത്തിക്കുന്നതിലാണ് കാര്യം. ആദ്യ കാലത്ത് മീഡിയയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചെയ്തത്. എല്ലാ മീഡിയകളേയും ഞങ്ങള്‍ കണ്ട രീതി ഒന്നാണ്. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു സ്‌പേസ് കിട്ടാറുണ്ട്.

കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ബി.ജെ.പി വളരെ അധികം അടുപ്പം കാണിച്ചിരുന്നു. കാരണം അന്നത്തെ പല വാര്‍ത്തകളും കോണ്‍ഗ്രസ്സിന്റെ അഴിമതി തെളിയിക്കുന്നതായിരുന്നു. ബി.ജെ.പി ഭരിക്കുന്ന സമയത്ത് അവര്‍ക്ക് വളരെ ദേഷ്യമാണ് ഞങ്ങളോട്. കാരണം, പല അന്വേഷണങ്ങളും അവര്‍ക്ക് എതിരാകുന്നതാണ്. എന്നാല്‍ ഞങ്ങള്‍ ചെയ്യുന്നതാണ് മീഡിയയുടെ ധര്‍മ്മം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ടാണ് ഞങ്ങള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്.

രണ്ട് യു.പി.എ സര്‍ക്കാറുകളുടെ കാലത്തും അഴിമതി പോലുള്ള വിഷയമാണ് ചൂണ്ടികാണിക്കാന്‍ ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഒരു ഭാഗത്ത് വ്യാപകമായ അഴിമതി നടക്കുമ്പോള്‍ തന്നെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൂടി നടക്കുന്നുണ്ട് എന്നതാണ്. ഈ പ്രശ്‌നത്തെ നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെ എങ്കിലും ദേശീയ തലത്തില്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ?

ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്, കാരണം ടോപ്പ് ആയിട്ടുള്ള ഒരു ഏഴ് ആള്‍ക്കാരെ തൊടാന്‍ നമ്മുടെ മീഡിയ ഇന്ന് ഭയക്കുന്നുണ്ട്. അതില്‍ ഒന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ആണെങ്കില്‍, രണ്ട് അമിത്ഷാ ആണ്. പിന്നെ അരുണ്‍ ജെയ്റ്റലി, പീയുഷ്‌ഗോയല്‍, അജിത് ഡോവല്‍, പിന്നെ ഉള്ളത് രണ്ട് പ്രധാന കോര്‍പ്പറേഷന്‍സ് ആണ്. മുകേഷ് അംബാനിയുടെ റിലയന്‍സും, ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും. ഈ ഏഴ് ഇന്‍ട്രസ്റ്റുകളെ തൊടാന്‍ ഇന്ത്യന്‍ മീഡിയ ഭയക്കുന്നു.

പല മീഡിയകളും ഒരു കള്‍ച്ചറല്‍ നാഷണലിസത്തിന്റെ സ്‌പേസില്‍ ഒരു ഒപ്പോസിഷനില്‍ നില്‍ക്കുന്നു. പക്ഷേ ഡൊണാള്‍ഡ് ട്രംപിന് നേരെ അമേരിക്കന്‍ മീഡിയ കാണിക്കുന്ന ഒരു രീതിയല്ല നമ്മുടേത്. അതാണ് ലിബറല്‍ ജേര്‍ണലിസം. ഇന്ത്യയിലേത് ലിബറല്‍ ജേര്‍ണലിസം ആണെന്ന് പറഞ്ഞ് വിഡ്ഢികളാക്കുകയാണ് ശരിക്കും നമ്മള്‍ ചെയ്യുന്നത്. ഇത് നെഹ്‌റു 1950കളില്‍ പറഞ്ഞിട്ടുണ്ട്. “ഇത് ജൂട്ട് പ്രസ്സ്” ആണ് എന്ന്. രണ്ടര്‍ത്ഥം ഉണ്ട്. ജൂട്ട് അഥവാ ചണ വ്യാപാരികള്‍ ആരംഭിച്ച മാധ്യമങ്ങള്‍ എന്നത്. രണ്ട് കള്ളത്തരം കാണിക്കുന്ന, നുണ പറയുന്ന പ്രസ്സ് എന്ന്.

ഇന്ന് രാഹുല്‍ ഗാന്ധിയെ പോലെയുള്ളവരോ, മറ്റ് ആരും തന്നെയോ അത് പറയുന്നില്ല. പണ്ടത്തേതിനേക്കള്‍ എത്രയോ മോശം ആയി ഇന്ന് ജേര്‍ണലിസം മാറിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വിദേശത്ത് പോയി പഠിച്ചത് കൊണ്ടോ, ഫെലോഷിപ്പ് കിട്ടുന്നതിലോ ഒന്നും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മളുടേത് ലിബറല്‍ പ്രസ്സ് ആകുന്നിടത്തേ അത് കൊണ്ട് കാര്യം ഉണ്ടാവൂ. നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത് പബ്ലിക്ക് ഡ്യൂട്ടിയല്ല, ബിസിനസ്സിന്റെ ഭാഗമായുള്ള ജോലി മാത്രമാണ് നമുക്കിന്ന് ജേര്‍ണലിസം.

നാഷണല്‍ ഹിസ്റ്ററിയുടെ ഭാഗമാണെന്ന് പല മാധ്യമങ്ങളും ഇന്ന് അവകാശപ്പെടുന്നത് ശുദ്ധ അസംബന്ധമാണ്. 1947ന് മുന്‍പ് സീരിയസ് ആയിട്ടുള്ള ഒരു പ്രശ്‌നവും ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുപ്പത് ലക്ഷം ആളുകള്‍ ഭക്ഷണം ഇല്ലാതെ വടക്കേ ഇന്ത്യയില്‍ മരിക്കുന്ന സംഭവം ഉണ്ടായിരുന്നു. ഈ വാര്‍ത്ത ബ്രിട്ടീഷുകാരുടെ പത്രമായ സ്റ്റേസ് മാന്‍ ആണ് വളരെ താമസിച്ചെങ്കിലും അന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ഇന്ത്യന്‍ എക്‌സ്പ്രസ്സും, ഹിന്ദുവും, ഹിന്ദുസ്ഥാന്‍ ടൈംസും അന്ന് ഉണ്ടായിരുന്നില്ല.

മരിച്ചു കിടക്കുന്ന ശരീരം കണ്ട് കൊണ്ട് ന്യൂസ് റൂമിലേക്ക് കയറിപോയ റിപ്പോര്‍ട്ടേഴ്‌സ് ഉണ്ടായിരുന്നു. നൂറ് കണക്കിന് ശരീരങ്ങള്‍ കണ്ട് കൊണ്ട് മുന്നോട്ട് പോയവര്‍. ബ്രിട്ടീഷുകാരുടെ കോണ്‍ട്രാക്റ്റുകള്‍ക്ക് വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതാണോ നാഷണല്‍ ഹിസ്റ്ററി അവകാശപ്പെടുന്ന നമ്മുടെ പ്രസ്സിന്റെ ഹിസ്റ്ററി. ഇത് ജൂട്ട് പ്രസ്സിന്റെ ഹിസ്റ്ററി ആണ്. അങ്ങനെ ഉള്ള ആളുകള്‍ പിന്നീട് ഉണ്ടാക്കിയെടുത്ത വ്യാജ ഹിസ്റ്ററി ആണ് മറ്റുള്ളതൊക്കെ.

ജൂട്ട് പ്രസ്സിന്റെ ട്രഡീഷന്‍, ഫ്രീപ്രസ്സിന്റെ ട്രഡീഷന്‍ എന്നിങ്ങനെ രണ്ട് രീതിയില്‍ ജേര്‍ണലിസത്തെ നമുക്ക് വേര്‍തിരിക്കാം. ഫ്രീപ്രസ്സിന്റെ ട്രഡീഷന്‍ റീജ്യണല്‍ മാധ്യമങ്ങളില്‍ നമുക്ക് കാണാം. മാതൃഭൂമി, മനോരമ പോലുള്ളവ ഇന്ന് കാണുന്ന ഒരു സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായ ഒരു സംഭാവന സ്വാതന്ത്ര്യസമര കാലത്തും മറ്റും മാധ്യമ മേഖലയില്‍ കൊടുത്തിരുന്നു. ഇന്ന് ബിസിനസ് താല്‍പര്യങ്ങള്‍ക്ക് അവര്‍ എത്രത്തോളം മുന്‍തൂക്കം കൊടുക്കുന്നുണ്ട് എന്ന് അവര്‍ സ്വയം വിശകലനം നടത്തേണ്ടുന്ന കാര്യമാണ്. പക്ഷെ ഈ ട്രഡീഷനകത്ത് കോര്‍പ്പറേറ്റ്‌വത്ക്കരണം കയറി വന്നത് ഒരുതരത്തില്‍ മാധ്യമ പ്രവര്‍ത്തനത്തിനെ ബിസിനസ്വത്ക്കരിച്ചു എന്നതില്‍ സംശയമില്ല.

ജൂട്ട് പ്രസ്സിന്റെ ഇപ്പോഴത്തെ ഒരു ഫംഗ്ഷനിംഗ്് ലാഭവും താല്‍പര്യവും സംരക്ഷിക്കുക എന്ന് കൂടി പറയുന്നതാണ്. പ്രത്യേകിച്ചും ഇവര്‍ ലാഭം സംരക്ഷിക്കുന്നുണ്ട്. സര്‍ക്കാറിനെ സംരക്ഷിക്കുന്നുണ്ട്, താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. അതേ പോലെ തന്നെ നമ്മുടെ ഫ്രീ പ്രസ്സിന് ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ വന്നത് എത്രമാത്രം പ്രയോജനം ചെയ്തിട്ടുണ്ട്? അല്ലെങ്കില്‍ ഫ്രീപ്രസ്സിന് എങ്ങനെ നിലനില്‍ക്കാന്‍ പറ്റും ?

ആദ്യത്തെ ചോദ്യത്തിന്, അവരുടെ നിലനില്‍പ്പ് തന്നെയാണ് ഏറ്റവും പ്രധാനം. പലര്‍ക്കും അറിയാത്ത ഒരു കാര്യം പത്രങ്ങള്‍ക്ക് കിട്ടുന്ന നാല്‍പ്പത്, അമ്പത് ശതമാനം പരസ്യങ്ങളും പരസ്യവരുമാനങ്ങളും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ആണ് വരുന്നത്. അത് കൊണ്ട് തന്നെ ഗവണ്‍മെന്റിന് എതിരായി നിന്നിട്ടുണ്ടെങ്കില്‍ അത് വരില്ല. അത് എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്. അതാണ് നിലനില്‍പ്പിന് വേണ്ടിയിട്ടുള്ള കാര്യം.

രണ്ടാമത്തേത് താല്‍പര്യമാണ്. ഇവിടെ നമ്മള്‍ ചരിത്രത്തിലേക്ക് ഇത്തിരി പുറകോട്ട് പോയിക്കഴിഞ്ഞാല്‍ മനസ്സിലാകുന്ന ഒരു കാര്യം ഗോയെങ്കയും ബിര്‍ളയും ഒക്കെ എന്തൊക്കെ ചെയ്തിട്ടാണ് ഇന്നീ കാണുന്ന അവസ്ഥയില്‍ എത്തിയത് എന്നതാണ്. ഓപിയം (കറുപ്പ്) ട്രേഡ് വഴിയാണ് ബിര്‍ള കാശുണ്ടാക്കിയത്. ഗോയെങ്ക മണിലെന്‍ഡിങ്ങും സ്പെക്യുലേറ്റീവ് ട്രേഡും നടത്തി. സദാനന്ദനെ പോലെ ഒരു എഡിറ്ററില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസ് പിടിച്ചെടുക്കുന്നത് വേറൊരു ചരിത്രം. ഇതാണ് ട്രഡിഷന്‍.

ആ ഒരു കോണ്‍ടെക്സ്റ്റിലാണ് ഡിജിറ്റല്‍ സ്പെയിസ് വളരെ പ്രാധാന്യമുള്ള കാര്യമായി മാറുന്നത്. ജനങ്ങള്‍ കുറേ ഒക്കെ തിരിച്ചറിയേണ്ടതാണത്. ഒരു മാധ്യമത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചിലവ് വരുന്നത് ഡിസ്ട്രിബ്യൂഷനില്‍ ആണ്. എത്രത്തോളം ആളുകള്‍ വാങ്ങിക്കുന്നു എന്നതൊക്കെ വടക്കേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്ട്രീറ്റ് ഗെയിം ആണ്. അതിലേക്ക് ഒരു പുതിയ സ്ഥാപനം അടിച്ചു കയറി വന്ന് ആ സ്ട്രീറ്റ് ഗെയിം ജയിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊളിറ്റിക്കല്‍ പവര്‍ ആയാലും, മസില്‍ പവര്‍ ആയാലും, പൈസയുടെ കാര്യം ആയാലും മുന്‍നിര്‍ത്തി പല ഗെയിമുകള്‍ കളിച്ചാല്‍ മാത്രമേ അതില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളു.

ഡിജിറ്റലിനകത്ത് ഒരു സാധ്യത എന്ന് പറയുന്നത് സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഡിസ്ട്രിബ്യൂഷന്‍ കുറേക്കൂടി എളുപ്പമായി എന്നതാണ്. അത് നശിപ്പിക്കാന്‍ ഉള്ള വ്യാപക ശ്രമങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല രാജ്യവ്യാപകമായി നടക്കുന്നുണ്ട്.

കാരവന്‍, ജഡ്ജ് ലോയ പോലത്തെ സ്റ്റോറി ചെയ്തപ്പോള്‍ ആദ്യത്തെ കുറേ ദിവസങ്ങള്‍-ഏകദേശം 42 ദിവസമെടുത്തിട്ടാണ് ഒരു പ്രിന്‍സിപ്പാള്‍ ഒപ്പോസിഷന്‍ പാര്‍ട്ടിക്ക് ഒരു പത്രസമ്മേളനം നടത്താന്‍ സാധിച്ചത്. സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയ ശേഷം മാത്രമാണ് പ്രിന്‍സിപ്പാള്‍ ഒപ്പോസിഷന്‍ ഇത് ചെയ്യുന്നത്. പല മുഖ്യധാര മാധ്യമങ്ങളും കാരവന്‍ സ്റ്റോറി റിപ്പോര്‍ട്ട് ചെയ്തില്ല എന്ന് മാത്രമല്ല, ചിലര്‍ ഇത് മുക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം മറ്റ് സ്റ്റോറികള്‍ വാങ്ങിക്കുകയും ചെയ്തിരുന്നു.

ഈ ഒരു സമയത്ത് സോഷ്യല്‍ മീഡിയ ആയിരുന്നു കാരവനെ പോലെയുള്ള ഒരു മീഡിയാഹൗസിനെ പോലും ഡിസ്ട്രിബ്യൂഷന് സഹായിച്ചത്. എനിക്ക് തോന്നുന്നു, ഡൂള്‍ന്യൂസോ, ഇംഗ്ളിഷില്‍ വരുന്ന വയറോ പോലുള്ള ഓണ്‍ലൈനുകള്‍ക്ക് ഡിജിറ്റല്‍ എന്ന് പറയുന്നത് വളരെ ഹെല്‍പ്പ്ഫുള്‍ ആയിട്ടുള്ള ഒരു സ്പേസ് ആണ്. പഴയകാലത്തെ ലിറ്റില്‍ മാഗസിന്‍ പോലെ പാംഫ്‌ലറ്റേറിയന്‍ പോലെ ആ ഒരു രീതിയില്‍ ഡിജിറ്റല്‍ സ്പേസ് ഉണ്ട്. പക്ഷെ ആ ഡിജിറ്റല്‍ സ്പേസും ഫേസ്ബുക്ക് പോലെയുള്ള വലിയ കമ്പനികളെ നശിപ്പിക്കാന്‍ വേണ്ടി കൂടുതല്‍ പൈസ കൊടുക്കുന്നവര്‍ക്ക് കൂടുതല്‍ പ്രമോഷന്‍ എന്ന നിലയ്ക്ക് വന്നിട്ടുണ്ട്. ഈയിടം നശിക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. കാരണം ഇത് വളരെ ഹെല്‍പ്പ് ഫുള്‍ ആയിട്ടുള്ള സ്പേസ് ആണ് ക്വാളിറ്റി ജേര്‍ണലിസത്തിനും ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിനും.

ക്വാളിറ്റി ജേണലിസത്തിന്റെ കാര്യം പറയുമ്പോള്‍ കാരവന്‍ ഏറ്റവും കൂടുതല്‍ സമയം എടുത്ത് ചെയ്ത് തീര്‍ത്ത സ്റ്റോറിയാണ് ജസ്റ്റിസ് ലോയയുടെ മരണവും അസീമാനന്ദയുമായി ബന്ധപ്പെട്ട സ്റ്റോറിയും. രണ്ടും വ്യാപകമായി കോളിളക്കം ഉണ്ടാക്കുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തുവെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളിലേക്ക് എത്തുന്നതിന് ഏറെ സമയം എടുത്തു. മാത്രമല്ല കോടതികളില്‍ എത്തുമ്പോള്‍ തെളിവുകള്‍ നിഗ്രഹിക്കപ്പെടുന്നു. ഇത് എങ്ങനെ ആണ് സാധ്യമാകുന്നത്?

നമ്മുടെ ട്രഡീഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ മൂല്യച്യുതിയാണ് ഇവിടെ കാണുന്നത്. സെന്‍സ് ഓഫ് ജസ്റ്റിസും സെന്‍സ് ഓഫ് ട്രൂത്തും ഒക്കെ ആണ് ഡെമോക്രസിയുടെ അടിസ്ഥാനം എന്ന് പറയുന്നത്. മാര്‍ട്ടിന്‍ ലൂത്ഥര്‍ കിങിന്റെ പ്രസംഗത്തില്‍ പറയുന്നത് പോലെ ഒരു പൗരന് കിട്ടാവുന്ന ഏറ്റവും വലിയ ജസ്റ്റിസ് എന്ന് പറയുന്നത് സെന്‍സ് ഓഫ് ജസ്റ്റിസ് ആണ്. ആളുകള്‍ പണ്ട് കാലത്ത് പറയുമായിരുന്നു അത് ടി.വിയില് കണ്ടു അല്ലെങ്കില്‍ പത്രത്തില്‍ വായിച്ചു, ഞാന്‍ പത്രത്തില്‍ കൊടുക്കും എന്നെല്ലാം, എന്ത് കൊണ്ടെന്നാല്‍ ആളുകള്‍ ചിന്തിച്ച് വച്ചിരുന്നത് ഇതൊക്കെ ജസ്റ്റിസിന് വേണ്ടി പോകേണ്ട ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആയിരുന്നു എന്നാണ്.

.

അധികാര സ്ഥാനത്ത് ഇരിക്കുന്ന അഴിമതി, അത് എന്ത് തന്നെ ആയാലും വളരെ വലിയ തെറ്റാണ്. അസീമാനന്ദ വിഷയവും, ജസ്റ്റിസ് ലോയ വിഷയവും ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. അസീമാനന്ദ സ്റ്റോറിയില്‍ ഉണ്ടായിരുന്നത് രണ്ട് വര്‍ഷം എടുത്ത് ജയിലിനകത്ത് വച്ച് അസീമാനന്ദ പൂര്‍ണ്ണ സമ്മതത്തോടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആണ്. അതില്‍ അദ്ദേഹം പൂര്‍ണ്ണമായി സമ്മതിക്കുന്നുണ്ട്. എങ്ങനെ ആര്‍.എസ്.എസിന്റെ അന്നത്തെ ചീഫായ മോഹന്‍ ഭാഗവത് പല ടെററിസ്റ്റ് ആക്റ്റിവിറ്റീസും നടത്തിയതെന്ന്. 2005-06-07വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായ പല ബ്ലാസ്റ്റുകളിലും ഗ്രൂപ്പുകളെ ഒരുക്കിയതും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി എവിടെയൊക്കെ, എങ്ങനെയൊക്കെ പോകണം, ചെയ്യണം എന്ന് പറഞ്ഞതും അസീമാനന്ദ സമ്മതിക്കുന്നുണ്ട്.

മലയാളിയായ ലീനയാണ് അന്ന് ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യന്‍ മീഡിയില്‍ മറ്റൊന്നിലും ഒരുപക്ഷെ ഇത്രയും സമയം എടുത്തു ചെയ്ത മറ്റൊരു ഇന്‍വെസ്‌ററിഗേറ്റീവ് സ്റ്റോറി ഉണ്ടാകില്ല. പക്ഷെ ആ സ്റ്റോറി വന്നതിന് ശേഷവും അസീമാനന്ദ പുറത്താണ്. അദ്ദേഹം എല്ലാ കേസുകളിലും ബെയില്‍ വാങ്ങിക്കുകയോ അക്വിറ്റ് ചെയ്യപ്പെടുകയോ ചെയ്തു. 2013 ല്‍ റിപ്പോര്‍ട്ടിംഗിനിടെ ബംഗാളില്‍ പോയി അദ്ദേഹത്തിന്റെ സഹോദരനോട് സംസാരിച്ചപ്പോള്‍ അടുത്തവര്‍ഷം മോദി അധികാരത്തില്‍ വരുമെന്നും എന്റെ സഹോദരന്‍ പുല്ലുപോലെ പുറത്തു വരും എന്നുമാണ് പറഞ്ഞത്. അത് പോലെ തന്നെ സംഭവിക്കുന്നു. ആരോ പറഞ്ഞ് വച്ച പോലെ സി.ബി.ഐ കേസില്‍ തോറ്റ് കൊടുക്കുന്നു. വക്കീലന്മാരെ പറഞ്ഞ് വിടുന്നു. ലോയക്കേസും ഇത് പോലെ തന്നെ.

സൊഹ്റാബുദ്ദീന്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നത് ചെറിയ ആളുകള്‍ അല്ല. അദ്ദേഹത്തെ കൊല്ലുന്നു. ഭാര്യയെ റേപ്പ് ചെയ്ത് ശരീരം കഷണങ്ങളായി മുറിച്ച് പല ഭാഗങ്ങളില്‍ കൊണ്ടു ചെന്നിടുന്നു. അതില്‍ മുഴുവനായും ഇന്നും കിട്ടിയിട്ടില്ല. ഇതിനൊക്കെ സാക്ഷിയായിരുന്ന തുളസീദാസ് പ്രജാപതി എന്ന് പറയുന്ന ഒരു സാക്ഷിയേയും കൊലചെയ്യുന്നു. ഈ മൂന്ന് പേരുടെ കൊലപാതകം സുപ്രീം കോടതി ഒറ്റക്കേസായി ഉള്‍പ്പെടുത്തി. അത് പതിനൊന്നായിരം പേജ് ഉള്ള സി.ബി.ഐ റിപ്പോര്‍ട്ട് ഉണ്ട്.

ലീന ഗീത രഘുനാഥ്

ഗുജറാത്തില്‍ നിന്ന് മാറ്റി മഹാരാഷ്ട്രയില്‍ കേസ് നടത്താന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി, കേസ് കഴിയുന്നത് വരെ ഒറ്റ ജഡ്ജ് ആയിരിക്കണം ട്രാന്‍സ്ഫര്‍ ചെയ്യരുതെന്നും പറഞ്ഞിട്ട്, 2014 മെയ്യില്‍ മോദി അധികാരത്തില്‍ എത്തി, അടുത്തമാസം തന്നെ ജഡ്ജ് ഉദ്പട്ടിനെ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. കോടതിയലക്ഷ്യമായിട്ടും ആരും അതിനെ ചോദ്യം ചെയ്തില്ല. പിന്നീടാണ് ജഡ്ജ് ലോയ വരുന്നത്. ആദ്യ ഘട്ടത്തില്‍ അമിത് ഷായോട് എല്ലാ ദിവസവും ഒന്നും കോടതിയില്‍ ഹാജരാകേണ്ട എന്ന് ലോയ തന്നെ പറയുന്നുണ്ട്. ആറ് മാസം ആകുമ്പോഴേക്കും ലോയയുടെ മീതെ പ്രഷര്‍ കൂടുന്നു.

ഒക്‌ടോബര്‍ ആകുമ്പോഴേക്കും ജസ്റ്റിസ് ലോയയ്ക്ക് അമിത് ഷായോട് കോടതിയില്‍ വച്ച് ക്ഷുഭിതനാവേണ്ടി വരുന്നു. പിന്നീട് അങ്ങനെ ഒരു ഇളവ് നല്‍കിയത് ഒരു കിലോമീറ്റര്‍ ദൂരെ ചെന്നിരിക്കാനല്ല എന്ന് ലോയ പരസ്യമായി പറയുന്നു.തുടര്‍ന്ന് നവംബര്‍ മാസം പകുതിയില്‍ അമിത്ഷായോട് കോടതിയില്‍ ഹാജരാകാന്‍ പറയുന്നു. മുപ്പത് ദിവസത്തിനുള്ളില്‍ ലോയ കൊല്ലപ്പെടുന്നു.

മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് കാരവന്‍ ചെയ്ത മൂന്ന് സ്റ്റോറികളില്‍ ഒരെണ്ണം പോലും മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തില്ല എന്ന് മാത്രമല്ല, കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്ത തെളിവുകള്‍ വെച്ചുള്ള മറ്റ് പല സ്റ്റോറികളും പലരും പുറത്ത് വിടുകയും ചെയ്തു. ആരും ചെയ്യാത്ത വിഷയമായത് കൊണ്ടും ജഡ്ജ് ലോയയുടെ പോസ്റ്റ് മോര്‍ട്ടം ആശുപത്രിയില്‍ സജീവമായി നിന്ന് എല്ലാ തെളിവുകളും ശേഖരിക്കാന്‍ കഴിഞ്ഞത് കൊണ്ടും 22 ഓളം റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ ഒരുമാസം കൊണ്ട് കഴിഞ്ഞു.

സുപ്രീം കോടതിവിധിക്ക് ശേഷവും കാരവന്‍ ആ അന്വേഷണം നിര്‍ത്തിയിട്ടില്ല. 4 ജഡ്ജിമാരുടെ പത്ര സമ്മേളനം വരെ എത്തിയ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിന്റെ ഭാഗമായ തെളിവുകള്‍ ആയി പിന്നീട് കാരവന്‍ വാര്‍ത്ത. ഇന്ത്യന്‍ ജുഡീഷ്യറിയുടെ തകര്‍ച്ചയെക്കുറിച്ച് പോലും 4 ജഡ്ജിമാര്‍ പുറത്ത് വന്ന് സംസാരിക്കേണ്ടി വരുന്നത് ജസ്റ്റിസ് ലോയയുടെ കേസുമായി ബന്ധപ്പെട്ടാണ്. എല്ലാ പാര്‍ട്ടിക്കകത്തും അഴിമതിക്കാരായ ആള്‍ക്കാരുണ്ടെന്നും ഭരിക്കുന്ന പാര്‍ട്ടിക്കകത്ത് അത്തരം ശക്തികള്‍ കുറേക്കൂടി തീവ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തെളിയിക്കുന്ന ഒരു വിഷയമായിരുന്നു അത്.

ഗോള്‍വാള്‍ക്കറിന്റെ ജീവചരിത്രവുമായി ബന്ധപെട്ട് കാരവന്‍ ചെയ്ത സ്റ്റോറി ആയാലും അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ ആയാലും ആര്‍,എസ്.എസ് ഇന്ത്യയില്‍ ചെയ്ത ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടുന്നവയാണ്. അത് ഗാന്ധിയുടെ മരണം മുതലേ ഉള്ളതുമാണ്. എന്നിട്ടും എന്ത് കൊണ്ട് ഇന്ത്യയില്‍ ഇന്നും ആര്‍.എസ്.എസിനെ ഒരു ഭീകരവാദ സംഘടനയായി അംഗീകരിക്കുന്നില്ല?

സ്വാതന്ത്ര്യത്തിന് ശേഷം മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. സ്വാതന്ത്രത്തിന് മുന്‍പ്് ഒരു തവണ പോലും നിരോധിക്കപ്പെടാത്ത സംഘടനയും ആര്‍.എസ്.എസ് ആണ്. കോണ്‍ഗ്രസ്സ് അടക്കമുള്ള എല്ലാ പാര്‍ട്ടികളും സ്വാതന്ത്ര്യത്തിന് മുന്‍പ് നിരോധിക്കപ്പെട്ടപ്പോള്‍ അത് വേണ്ടി വരാത്ത ആര്‍.എസ്.എസും ഹിന്ദുമഹാസഭയും എങ്ങനെ പിന്നീട് നിരോധിക്കപ്പെട്ടു എന്നതില്‍ ഗാന്ധിവധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവര്‍ക്കുള്ള പങ്ക് കൊണ്ടാണ്.

ഗാന്ധിവധത്തില്‍ തന്നെ ഗോഡ്‌സെ വരുന്നത് ആര്‍.എസ്.എസില്‍ നിന്നാണെങ്കിലും കൊല ചെയ്യുന്ന സമയത്ത് അദ്ദേഹം ഹിന്ദു മഹാസഭയുടെ ആളായിരുന്നു. സംഘപരിവാറിനകത്തെ അറുപതില്‍ പരം സംഘടനകളുടെ ഭാഗമാണ് അത്. സി.ഐ.എ അടക്കം ബാന്‍ ചെയ്ത ഓര്‍ഗ്ഗനൈസേഷന്‍സ് ഉണ്ട്.

ആര്‍.എസ്.എസിന്റെ പ്രഖ്യാപനത്തില്‍ ആകൃഷ്ടരാകുന്ന ചെറുപ്പക്കാര്‍ ഉണ്ടാകും. അവര്‍ ആകെ മനസ്സിലാക്കുന്നത് ഒരു കാര്യം. അത് അവരുടെ ശാഖകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമാണ്. അതിനപ്പുറം ചരിത്രമോ തീവ്രവാദ സ്വഭാവമോ വെറുപ്പിന്റെ രാഷ്ട്രീയമോ ഒന്നും അവര്‍ക്ക് അറിയില്ല. ഇന്ത്യ-പാക് വിഭജനത്തില്‍ ആര്‍.എസ്.എസ്. ഏറ്റവും കൂടുതല്‍ കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസ്സിനെ ആണ്. എന്നാല്‍ അതിന് എത്രയോ മുന്‍പ് ആദ്യത്തെ കരാര്‍ ഒപ്പു വെക്കുന്നത് മുസ്ലീം ലീഗും ഹിന്ദു മഹാസഭയും തമ്മില്‍ ആണ്.

1937 ലെ തെരഞ്ഞെടുപ്പിന് ശേഷം 42 ല്‍ ക്വിറ്റ് ഇന്ത്യ നടക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നിരോധിക്കുകയും ആളുകള്‍ ജയിലില്‍ പോകേണ്ടി വരികയും ചെയ്തു. ഗവണ്‍മെന്റുകള്‍ പിരിച്ചുവിടാന്‍ അന്ന് ബ്രീട്ടീഷ് ഗവണ്‍മെന്റ് തയ്യാറായില്ല. ജയിലില്‍ പോകാത്ത മുസ്ലീം ലീഗും ഹിന്ദു മഹാസഭയും ഒന്നിച്ചുകൂേടയെന്നവര്‍ ചോദിച്ചു. അവരത് കൃത്യമായി അനുസരിക്കയും സിന്ധ് പ്രവിശ്യയിലടക്കം നിരവധി സ്ഥലങ്ങളില്‍ അവര്‍ ഒരുമിച്ച് നില്‍ക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യ-പാക് വിഭജനം ആദ്യമായി ഒപ്പു വെച്ച് പാസാക്കുന്നത് മുസ്ലീം ലീഗും ഹിന്ദു മഹാസഭയും ചേര്‍ന്നാണ്.

1941,42,43,44 ലുമാണ് ഈ പൊളിറ്റിക്കല്‍ ഐഡിയ ഫോം ചെയ്ത് വരുന്നത്. മറ്റൊരുകാര്യം 1945 ന് ശേഷം ഇന്ത്യയ്ക്ക് ഫ്രീഡം കൊടുക്കാനുള്ള ഒരു പ്രപ്പോസല്‍ ബ്രിട്ടനില്‍ അധികാരത്തില്‍ വന്ന ലേബര്‍ പാര്‍ട്ടി മുന്നോട്ട് വയ്ക്കുമ്പോള്‍ ഇവിടെ മുസ്ലീം ലീഗും ഹിന്ദു മഹാസഭയും ഒരുമിച്ച് കലാപം തുടങ്ങുകയാണ്. പിന്നീടാണ് കോണ്‍ഗ്രസ്സ് വിഭജനത്തെ അനുകൂലിച്ച് മുന്നോട്ട് വരുന്നതൊക്കെ. കോണ്‍ഗ്രസ്സ് ചെയ്തത് ശരിയോ തെറ്റോ എന്ന് ചരിത്രം വിലയിരുത്തേണ്ട കാര്യമാണ്. പക്ഷെ ഇത് തുടങ്ങി വച്ചത് അവരല്ല. ഹിന്ദുവിനും, മുസ്ലീമിനും വേറെ വേറെ രാജ്യം വേണം എന്ന ഫിലോസഫിയില്‍ നിന്നുമാണ് അത് ഉണ്ടായത്.

എന്തുകൊണ്ടാണ് ഇന്നും ആ വയലന്‍സ് അത് പോലെ തുടരുന്നത്? എന്ത് കൊണ്ടാണ് പൊളിറ്റിക്കലി അണ്‍ഫിനിഷ്ഡ് ആയിട്ടുള്ള ഒരു ബാറ്റില്‍ ആയിട്ട് തുടരുന്നത്? കാരണം ഒരു ഹിന്ദു പാക്കിസ്ഥാന്‍ പണിയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നത് തന്നെയാണ്. മതേതര ജനാധിപത്യ രാജ്യം അല്ല അവര്‍ മുന്നില്‍ കണ്ടത് എന്നത് തന്നെയാണ് അതിന് കാരണം. ഇതൊരു പൊളിറ്റിക്കല്‍ ഗോള്‍ അല്ല, സിവിലൈസേഷന്‍ ഗോള്‍ ആണ്. അത് കൊണ്ട് തന്നെയാണ് ഇതിനെ നേരിടുന്നതില്‍ ഒപ്പോസിഷന്‍ പാര്‍ട്ടീസും തോറ്റ് പോകുന്നത്. അപ്പോള്‍ എടുക്കുന്ന നിലപാടുകളില്‍ മാറ്റം വരുത്തി അവരെ കൃത്യമായി പഠിച്ചാല്‍ മാത്രമേ അതിന് സാധിക്കുകയുള്ളു.

ഹിന്ദു പാക്കിസ്ഥാന്‍ രൂപവത്കരിക്കാന്‍ സവര്‍ക്കരുടെ പിന്‍ഗാമികള്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ബാബറി മസ്ജിദ് തകര്‍ത്തത് അടക്കമുള്ള വിഷയങ്ങളില്‍ നമ്മളത് കണ്ടതാണ്. അത് ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്കത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ?

തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും പറയേണ്ടത് ഒരു ജേര്‍ണലിസ്റ്റ് അല്ല, എന്നാല്‍ തെരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയും ശക്തമായൊരു എതിര്‍ കക്ഷി ഉണ്ടാവുകയും ചെയ്താല്‍ ജയം എന്നത് മോദിക്ക് ബുദ്ധിമുട്ടായിരിക്കും എന്ന് തോന്നുന്നു. എന്നാല്‍ സത്യസന്ധമായ തെരഞ്ഞെടുപ്പും ശക്തമായ എതിര്‍പക്ഷവും എത്രമാത്രം ഉണ്ടാകും എന്നതാണ് വിഷയം. അതിന് സാധ്യത കുറവാണ്. പിന്നെ ഉള്ളത് ഇന്ത്യ എന്ന് പറയുന്നത് ഒരുപാട് വിഭാഗം ജനങ്ങള്‍ ഉള്ള നാടാണ് എന്നത്.

ഹിന്ദുവത്ക്കരണം ഇത്രയുമായിട്ടും 31 ശതമാനം മാത്രമെ അതിന് ജനപിന്തുണ ഉള്ളു. അതിനര്‍ത്ഥം ബാക്കി 69 ശതമാനവും ഗവണ്‍മെന്റിന് വോട്ട് ചെയ്തിട്ടില്ല എന്നാണ്. ആ 31 ശതമാനം തന്നെ കൂടാന്‍ വളരെ ബുദ്ധിമുട്ടാണ്, അഥവാ കൂടിയാലും മൂന്നോ നാലോ ശതമാനമേ വര്‍ധന ഉണ്ടാവുകയുള്ളു. ബാക്കിയുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ ഇത് ഒരു വലിയ സംഖ്യ ആയി തന്നെ നിലനില്‍ക്കും.

പക്ഷെ, ആര്‍.എസ്.എസിനെ സംബന്ധിച്ച് 2019 ല്‍ മോദി അധികാരത്തില്‍ വരുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം, അവരെ സംബന്ധിച്ച് ഇത് വളര്‍ച്ചയുടെ മുകളില്‍ പോകുന്ന ഒരു പ്രക്രിയയാണ്. കാരണം 1951 ല്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രം വോട്ട് കിട്ടിയ പാര്‍ട്ടി. അന്ന് ഇടത് പാര്‍ട്ടികള്‍ക്ക് അതില്‍ കൂടുതല്‍ ഉണ്ട്. ഇന്ന് അത് മാറി. അവര്‍ക്ക് 31 ശതമാനം സപ്പോര്‍ട്ട് കിട്ടാന്‍ തുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം അത് ഇത്രയും ചെറിയ വര്‍ഷത്തിനിടയില്‍ വലിയൊരു വളര്‍ച്ചയാണ്. വര്‍ഷങ്ങള്‍ എടുത്തു നോക്കിയാല്‍ പോലും ആ വളര്‍ച്ച കൂടുതല്‍ ആണ്. അത് കൊണ്ട് തന്നെ അവരെ സൈക്കോളജിക്കല്‍ ആയി നേരിടേണ്ടിയിരിക്കുന്നു. അങ്ങനെ അല്ലായെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വളരെ മോശം ചെയ്യുമെന്ന് മാത്രമല്ല, വരുന്ന 10 വര്‍ഷം ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതുമാണ്.

ആര്‍.എസ്.എസ് അന്നും ഇന്നും ഭരണഘടനയെ കാര്യമായി പരിഗണിച്ചിരുന്നവര്‍ അല്ല. എന്നും എതിരായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതും. എന്നാല്‍ അവര്‍ ഇപ്പോള്‍ കേരളത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഒരു വയലന്‍സും കാര്യങ്ങളും തുടര്‍ന്നും മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും എന്ന് തോന്നുന്നുണ്ടോ?

കേരളത്തിനെ സംബന്ധിച്ചിടത്തോളം ഇവിടെ നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ ഉണ്ട്. ഈ മൂല്യങ്ങള്‍ കൃത്യമായ ചാലഞ്ചിലൂടെ കടന്ന് പോവുകയാണ്. അയോധ്യ വന്നപ്പോഴോ, മണ്ഡല്‍ കമ്മീഷന്‍ വിഷയത്തിലോ അത് ഉണ്ടായിരുന്നില്ല. ശബരിമല ശരിക്കും കേരള സമൂഹം ഏത് രീതിയില്‍ പെരുമാറും എന്ന് തെളിയിക്കുന്ന ഒരു വിഷയമാണ്. മാധ്യമങ്ങളിലൂടെ കാണുന്ന അവസ്ഥയല്ല നേരിട്ട് അവിടെ ചെല്ലുമ്പോള്‍ ഉള്ളത്. അത്രയ്ക്ക് ഭീകരമായ അവസ്ഥയില്‍ അത് എത്തിയിട്ടില്ല. പലരോടും സംസാരിച്ചപ്പോഴും ചോദിച്ചപ്പോഴും മനസ്സിലായ ഒരു കാര്യം അതാണ്. ജാതീയമായ ഒരു വിഷയമാണ് അത്. ആചാരങ്ങളിലും മൂല്യങ്ങളിലും കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ പരമ്പരാഗതമായ മാറ്റി നിര്‍ത്തപ്പെട്ട ഒരു പിന്നോക്ക വിഭാഗത്തിന് അത് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അത് ബി.ജെ.പി അല്ലെങ്കില്‍ ആര്‍.എസ്.എസിന് ഗുണം ചെയ്യും എന്ന് തോന്നുന്നില്ല.

കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയത് നവോത്ഥാന മൂല്യങ്ങള്‍ ആയിരുന്നു. നല്ല മനുഷ്യനെ ഉണ്ടാക്കാനാണ് മതം. മനുഷ്യനെ മനുഷ്യനായി കാണാനും ജാതിയും മതവുമല്ല അതിന് അടിസ്ഥാനമെന്നും പറഞ്ഞ് വയ്ക്കുന്നതാണ് മതത്തിന്റെ അടിസ്ഥാനം. വലിയൊരു ചരിത്ര പാരമ്പര്യം നമുക്കുണ്ട്. അത് എല്ലാ മതത്തില്‍ നിന്നും കിട്ടിയതുമാണ്. ചാവറ കുര്യാക്കോസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്ളിക്കൂടങ്ങള്‍ പണിതതും നാരായണഗുരുവും, പിന്നീടീങ്ങോട്ട് വന്ന എല്ലാ മാറ്റവും അത്തരം പാരമ്പര്യത്തിന്റെ ഭാഗമാണ്. എല്ലാ കമ്മ്യൂണിറ്റിയിലും നമുക്കത് കാണാന്‍ സാധിക്കും. അവിടെ ഒന്നും രാഷ്ട്രീയക്കാര്‍ക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വാതന്ത്രാനന്തരം, പ്രത്യേകിച്ച് മാധ്യമങ്ങളുടെ വരവോടെ നമ്മള്‍ പല രാഷ്ട്രീയ നേതാക്കളേയും നമ്മള്‍ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ ജീവിയായി രാഷ്ട്രീയക്കാരെ മാറ്റി.

സാമൂഹ്യ മാറ്റം വന്ന എല്ലായിടത്തും രാഷ്ട്രീയക്കാര്‍ക്ക് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ സ്ഥാനം എന്നും സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്ക് ആയിരുന്നു. ഇവരെ മാനേജ് ചെയ്യുന്നവര്‍ മാത്രമായിരുന്നു രാഷ്ട്രീയക്കാര്‍. അവരില്‍ നിന്നും ഒരിക്കലും സാമൂഹ്യമാറ്റം ഉണ്ടാകില്ല. എന്നാല്‍ നമ്മള്‍ മാധ്യമങ്ങള്‍ അവരെ അന്തിചര്‍ച്ചകള്‍ക്കും മറ്റും കൊണ്ട് ചെന്നിരുത്തി സാമൂഹ്യമാറ്റം അവരിലൂടെ നടക്കുന്നു എന്ന് വരുത്തി തീര്‍ത്തു. എന്നാല്‍ സാമൂഹ്യമാറ്റം ആരിലൂടെ നടക്കുന്നു എന്നതിനെ കുറിച്ച് ഒരു ധാരണ നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. വെള്ളപ്പൊക്കത്തില്‍ നമ്മള്‍ കണ്ടതാണ് നമുക്ക് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്. ഒരു പ്രകൃതി പ്രതിഭാസത്തില്‍ നമുക്ക് അതിന് കഴിഞ്ഞു എങ്കില്‍ മനുഷ്യ നിര്‍മ്മിതമായ ഒരു പ്രശ്‌നത്തെ അതിജീവിക്കാനും ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തിന് കഴിയും. ശബരിമല വിഷയത്തിലും അത് സാധിക്കും എന്നാണ് ഒരു മലയാളിയായ ഞാന്‍ കരുതുന്നത്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.