ന്യൂദല്‍ഹി: ഒന്നര പതിറ്റാണ്ട് നീണ്ട കാരവന്‍ മാഗസിനിലെ മാധ്യമപ്രവര്‍ത്തന ജീവിതം അവസാനിപ്പിക്കുന്നതായി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ്.
ഒരു ഇന്ത്യന്‍ എഡിറ്ററുടെ ശരാശരി കാലാവധി ആറോ ഏഴോ വര്‍ഷമായിരിക്കെ അതിന്റെ ഇരട്ടി കാലം താന്‍ കടന്നുപോയതായും, അതിനാല്‍ താന്‍ അനുഗ്രഹിക്കപ്പെട്ടവനായി തോന്നുന്നുവെന്നും വിനോദ് കെ. ജോസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2009ല്‍ ദല്‍ഹിയിലെ ഏറ്റവും ചെറിയ ന്യൂസ് റൂമായിരുന്നു കാരവന്റേതെന്നും, എന്നാലിപ്പോഴത് പതിന്മടങ്ങ് വലുതായെന്നും, സബ്‌സ്‌ക്രിപ്ഷന്‍ ഫസ്റ്റ് ബിസിനസ് മോഡല്‍ കാരവനെ മികവുറ്റതാക്കി മാറ്റിയെന്നും അദ്ദേഹം കുറിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഹിന്ദു ഭീകരവാദ നെറ്റ്‌വര്‍ക്കുകള്‍, അദാനിയുടെ കല്‍ക്കരി കുംഭകോണം, അമിത് ഷാ പ്രതിയായ ജഡ്ജി ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ്, റഫാല്‍ അഴിമതി, അമിത് ഷായുടെ മകന്റെ ബാങ്ക് വായ്പകള്‍, യെദ്യൂരപ്പ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കോടിക്കണക്കിന് രൂപയുമായി ബന്ധപ്പെട്ട യെഡി ഡയറി, തുടങ്ങിയ നിരവധി സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനും അതിന്റെ ഭാഗമാകാനും തനിക്ക് സാധിച്ചുവെന്നും വിനോദ് കെ. ജോസ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍മാരുടെയും എഡിറ്റര്‍മാരുടെയും ഒരു മികച്ച ടീമിനെ തനിക്ക് ലഭിച്ചതുകൊണ്ടാണ് ഇതെല്ലാം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
2023ല്‍ ജേണലിസത്തിന്റെ 25ാം വര്‍ഷമാണെന്നും, സട്രിങ്ങര്‍, ഫിക്‌സര്‍. കബ് റിപ്പോര്‍ട്ടര്‍, ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍, ഫീല്‍ഡ് പ്രൊഡ്യൂസര്‍, പബ്ലിഷര്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, 25 വര്‍ഷം നീണ്ട ഈ ഓട്ടത്തില്‍ അനുഭവങ്ങളില്ലാതെ ഒരു ദിനവും കടന്നുപോയിട്ടില്ലെന്നും വിനോദ് കുറിച്ചു.
അടുത്തതായി ഒരു പുസ്തകമെഴുതാന്‍ പ്രമുഖ പ്രസാധകനുമായി കരാറുണ്ടെന്നും, അത് പൂര്‍ത്തിയാക്കാന്‍ പദ്ധതിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റര്‍ എന്ന നിലയില്‍ നിന്ന് തല്‍ക്കാലം വിടപറയുന്നുവെന്നും ഇനിയൊരു വായനക്കാരനും എഴുത്തുകാരനുമായിരിക്കുമെന്നും വിനോദ് കെ. ജോസ് കൂട്ടിച്ചേര്‍ത്തു.
വയനാട് സ്വദേശിയായ വിനോദ് കെ. ജോസ് 2009 മുതല്‍ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് കമ്മ്യൂണിക്കേഷനിലും കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ദല്‍ഹി ജാമിഅ മിലിയ സര്‍വകലാശാലയില്‍ നിന്ന് മാധ്യമ സാമൂഹിക ശാസ്ത്രത്തില്‍ പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി. നിലവില്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ റാഡ്ക്ലിഫ് ഫെലോയാണ്.
കാരവനില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ എക്സ്പ്രസ്, എന്‍.പി.ആര്‍, ബി.ബി.സി, പസിഫിക് റേഡിയോ എന്നിവയ്ക്കായി ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പസിഫിക് റേഡിയോ ഗ്രൂപ്പ് പ്രൊഡ്യൂസറുമായിരുന്നു.