കോഴിക്കോട്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് യുവതി നല്‍കിയ സത്യവാങ്മൂലത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങളിലൊന്നായ കാരവന്‍ മാഗസിന്റെ എഡിറ്റര്‍ വിനോദ് കെ. ജോസ്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദഹേം.
തനിക്കുനേരെ നടന്ന ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും വിശദീകരിച്ച് യുവതി നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളാണ് പുറത്തുവിട്ടത്. 37 മിനിറ്റടങ്ങുന്ന ഒരു വീഡിയോയും ചെറിയ മറ്റു രണ്ട് വീഡിയോകളും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് വിനോദ് കെ. ജോസ് പറഞ്ഞു.
ഈ വിഷയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതികരണം തേടിയിരുന്നു. രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ മറുപടിയടക്കം റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വിനോദ് കെ. ജോസ് പറഞ്ഞു.
‘യുവതിയ്‌ക്കെതിരെ ഉണ്ടെന്ന് പറയുന്ന ക്രിമിനല്‍ കേസുകളില്‍ ഒന്ന് സംഭവം നടന്ന് രണ്ടുമൂന്ന് മാസങ്ങള്‍ക്കുശേഷമാണ് വന്നിട്ടുള്ളത്. മറ്റൊന്ന് യുവതിയുടെ ഭര്‍തൃ പിതാവിനെതിരെയുള്ളതാണ്. 2016 ല്‍ തന്നെ ഹൈക്കോടതി തള്ളിയ കേസാണത്. ഈ കേസിന്റെ മെറിറ്റ് എത്രത്തോളമുണ്ട് എന്നത് ഈ കോടെക്സ്റ്റില്‍ പരിശോധിക്കേണ്ട കാര്യമാണെന്നും വിനോദ് കെ. ജോസ് പറഞ്ഞു.
പ്രത്യേക സിറ്റിങ്ങില്‍ ചീഫ് ജസ്റ്റിസ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഉത്തരവാദിത്തത്തോടെ റിപ്പോര്‍ട്ടു ചെയ്യുകയെന്ന മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ വേണ്ടിയാണോയെന്ന സംശയവും ഉയരുന്നുണ്ട്. പ്രത്യേക സിറ്റിങ്ങിന്റെ ആവശ്യമെന്തായിരുന്നു, അതില്‍ എന്താണ് കൂടുതല്‍ പറഞ്ഞത് എന്നതു സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും വിനോദ് കെ. ജോസ് പറഞ്ഞു.
ഒക്ടോബറിലാണ് യുവതി പരാതിയില്‍ പറഞ്ഞ സംഭവങ്ങള്‍ നടന്നത്. ഡിസംബറില്‍ അവരെ ജോലിയില്‍ നിന്നും പുറത്താക്കി. മാര്‍ച്ചിലാണ് യുവതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കാരവന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സുപ്രീം കോടതിയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50000 രൂപ കൈക്കൂലിവാങ്ങിയെന്നതാണ് യുവതിയ്‌ക്കെതിരെ വന്ന കേസ്.
ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് പരാതി നല്‍കിയത്. ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
2018 ഒക്ടോബര്‍ 10ന് രഞ്ജന്‍ ഗോഗോയ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഏതുതരത്തിലുള്ള പീഡനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് വളരെ വിശദമായി സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിട്ടുണ്ട്.
2018 ആഗസ്റ്റില്‍ തനിക്ക് ചീഫ് ജസ്റ്റിസിന്റെ റസിഡന്‍സ് ഓഫീസിലായിരുന്നു ഡ്യൂട്ടി. ചീഫ് ജസ്റ്റിസിനെ തള്ളിമാറ്റിയശേഷം താന്‍ അവിടെ പുറത്തിറങ്ങുകയാണുണ്ടായതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
രണ്ടുമാസത്തിനുശേഷം ഡിസംബര്‍ 21ന് തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അനുമതിയില്ലാതെ ഒരു ദിവസത്തെ കാഷ്വല്‍ ലീവെടുത്തുവെന്നതാണ് പിരിച്ചിവിടാനുള്ള ഒരു കാരണമായി പരാമര്‍ശിച്ചതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
പിരിച്ചുവിട്ടശേഷവും തന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. തന്റെ കുടുംബത്തെ മുഴുവന്‍ അത് ബാധിച്ചു. ദല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ഡിസംബര്‍ 28ന് സസ്‌പെന്റ് ചെയ്തു. 2012ല്‍ ഒത്തുതീര്‍പ്പാക്കിയ കോളനി തര്‍ക്ക കേസുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് യുവതി ആരോപിച്ചത്.