ന്യൂദല്‍ഹി: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കി മാറ്റുകയാണെന്ന് അറിയിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്. പഴങ്ങളുടെ പേര് മാറ്റുക മാത്രമാണ് ഇന്ത്യയിലെ ഹിന്ദുത്വ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ശരിക്കും നിലപാടുകളെടുക്കേണ്ട സമയം വരുമ്പോള്‍ വാലും ചുരുട്ടി മാളത്തില്‍ ഒളിക്കുകയാണ് ഇവരെന്നും വിനോദ് കെ ജോസ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വിനോദ് കെ ജോസിന്റെ പ്രതികരണം.
‘എന്താണ് ഇന്ത്യയിലെ ഹിന്ദുത്വ സര്‍ക്കാരുകള്‍ ചെയ്യുന്നത്? പഴങ്ങളുടെ പേര് മാറ്റല്‍. കാണിച്ചുകൂട്ടലുകള്‍, ഉപരിപ്ലവമായ മാറ്റങ്ങള്‍, ഊഹാപോഹങ്ങള്‍ – ഇതാണ് ഹിന്ദുത്വയുടെ മുഖമുദ്രകള്‍. പക്ഷെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറി ഒരു ഗ്രാമം തന്നെ കെട്ടിപ്പൊക്കിയ ചൈനക്കെതിരെ നിലപാടെടുക്കേണ്ടി വരുമ്പോള്‍ ഇവരെല്ലാം വാലും ചുരുട്ടി മാളത്തില്‍ പോയി ഒളിച്ചിരിക്കും,’ വിനോദ് കെ ജോസിന്റെ ട്വീറ്റില്‍ പറയുന്നു.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പുറംഭാഗത്തിന് താമരയോട് സാമ്യമുണ്ടെന്നും അതിനാല്‍ ഈ പഴത്തിന്റെ പേര് താമരയുടെ പര്യായപദമായ കമലം എന്നാക്കി മാറ്റുകയാണെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് നിരവധി ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.
ചൈന അരുണാചലില്‍ പുതിയ ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത് വന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ് ചൈന നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്നാണ് വിദ?ഗ്ധര്‍ വ്യക്തമാക്കുന്നതെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. 4.5 കിലോമീറ്ററോളം സ്ഥലം കയ്യേറിയിട്ടുണ്ട് എന്നാണ് സാറ്റ്‌ലൈറ്റ് ഇമേജ് വ്യക്തമാക്കുന്നത്.
സാരിചു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രാമം സുബാന്‍സിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലായിരുന്നു ഈ ഭൂമിയുടെ വിഷയത്തില്‍. ഹിമാലയത്തിന്റെ കിഴക്കന്‍ നിരയിലാണ് ഗ്രാമം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗാള്‍വാനിലുണ്ടായ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
2020 നവംബര്‍ ഒന്നിനെടുത്ത ചിത്രമാണ് ഇപ്പോള്‍ എന്‍.ഡി.ടി.വി പുറത്തുവിട്ടിരിക്കുന്നത്. ഇതേസ്ഥലത്ത് 2019 ആഗസ്റ്റില്‍ എടുത്ത ചിത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷമാണ് നിര്‍മ്മാണം നടത്തിയത് എന്നാണ് അനുമാനം.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് ചിത്രം അയച്ചുകൊടുത്തെങ്കിലും കൂടുതല്‍ പ്രതികരണം നല്‍കുകയോ ചിത്രം തെറ്റാണെന്ന് പറയുകയോ ചെയ്തില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈന അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
നവംബറില്‍ ഈ ചിത്രമെടുത്തതിന് പിന്നാലെ അരുണാചലില്‍ നിന്നുള്ള ബി.ജെ.പി എം.പി ചൈന കയ്യേറ്റം നടത്തുന്ന വിവരം ലോക്‌സഭയില്‍ അറിയിച്ചിരുന്നു. ഗ്രാമ നിര്‍മ്മിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ധാരണയുടെ അടിസ്ഥാനത്തിലാണോ എന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആരാഞ്ഞെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vinod K Jose against hindutva govt in Dragon fruit renaming controversy