മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലെയും ക്യാമറ ചലിപ്പിച്ച സിനിമാട്ടോഗ്രാഫറാണ് വിനോദ് ഇല്ലംപള്ളി. ഓം ശാന്തി ഓശാന, കനകം കാമിനി കലഹം, ഹെവൻ, അപ്പൻ, ജോണി ജോണി യെസ് അപ്പ, മാസ്റ്റർപീസ് ,ചേട്ടായീസ് ,ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവഹിച്ചത് വിനോദ് ഇല്ലംപള്ളിയാണ്.
ഓം ശാന്തി ഓശാന സിനിമയിലെ ചില അനുഭവങ്ങൾ സഫാരി ചാനലുമായി പങ്കുവെക്കുകയാണ് വിനോദ്. നസ്രിയക്ക് ബൈക്ക് ഓടിക്കാൻ അറിയില്ലെന്നും പ്ലാറ്റ്‌ഫോമിലൂടെയാണ് അത് ഓടിച്ചതെന്നും വിനോദ് പറയുന്നുണ്ട്. ബൈക്ക് ചെറിയ വഴിയിലൂടെ പോകുന്നത് പോലെ തോന്നണമെന്നതുകൊണ്ട് പ്ലാറ്റ്‌ഫോഫോമിലൂടെ ബൈക്ക് വലിച്ചു കൊണ്ട് വരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ബസ്സുകൾ പോകുന്നതിനും ബൈക്ക് പോകുന്നതിനും റോഡുകൾ ആയിരുന്നു വേണ്ടിയിരുന്നത്. എപ്പോഴും എനിക്ക് ഫ്രെയിം വെക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ ഒരു മല പോലെ ഒരു സാധനം വേണമെന്നുള്ളത് നിർബന്ധമുണ്ടായിരുന്നു. ഒരു സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാൻ അത് അത്യാവശ്യമാണെന്ന് ഞാൻ ജൂഡിനോട് പറഞ്ഞു.
നസ്രിയ ബൈക്ക് ഓടിച്ച് വരുന്നതും ഇവനെ കാണുന്നതുമൊക്കെ അത് നമ്മൾ പ്ലാറ്റ്‌ഫോം പോലുള്ളൊരു സാധനത്തിലോട്ട് ബൈക്ക് എടുത്ത് വെച്ചിട്ടാണ് ചെയ്തത്. അതിൽ നിന്നാണ് പുള്ളിക്കാരത്തി ബൈക്ക് ഓടിച്ച് വരുന്ന സീനെല്ലാം എടുത്തിട്ടുള്ളത്.
നസ്രിയക്ക് ശരിക്കും ബൈക്ക് ഓടിക്കാൻ അറിയില്ല. ഇനിയിപ്പോൾ അത് പറയാം, അന്ന് അത് പറയാൻ പറ്റില്ല. ആ പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ടാണ് പുള്ളിക്കാരി ഓടിക്കുന്നതൊക്കെ, അതുകഴിഞ്ഞിട്ട് സി.ജിയിൽ നമ്മൾ അത് റിമൂവ് ചെയ്തു കാണിക്കും. അങ്ങനെയുള്ള വഴികൾ പ്രധാനപെട്ടതാണല്ലോ!
പ്ലാറ്റ്‌ഫോം ഉപയോഗിച്ചാൽ വലിയ വീതി വരും. എന്നാൽ ബൈക്ക് ചെറിയ വഴിയിലൂടെ പോകുന്ന പോലെ നമുക്ക് ഫീൽ ചെയ്യണം, ഇതിൻ്റെ ഹൈറ്റ് ഡിഫറെൻസ് ഉണ്ട്. പ്ലാറ്റ്‌ഫോമിൽ കയറ്റി വെച്ചിട്ട് വേണം ഈ ബൈക്ക് വലിച്ച് കൊണ്ട് വരാൻ, ബോംബയിലൊക്കെ അതിൻ്റെ പ്രോപ്പർ സാധനം കിട്ടും. ടക്ക് ചെയ്ത് വലിച്ച് കൊണ്ട് പോവാനായിട്ട് പറ്റും. ഇവിടെ നമ്മൾ ഉണ്ടാക്കിയിരിക്കുന്ന സാധനമായിരുന്നു. പക്ഷേ അതൊക്കെ രസകരമായിട്ട് നസ്രിയ ഓടിക്കുന്നത് പോലെ ഫീൽ ചെയ്തു . രസകരമായിട്ട് പുള്ളിക്കാരി ചെയ്യുകയും ചെയ്തു,’ വിനോദ് ഇല്ലംപള്ളി പറഞ്ഞു.
Content Highlight: Vinod Illampally says that Nazriya does not really know how to ride a bike