തണ്ണീര്‍മത്തന്റെ ക്ലൈമാക്‌സ് മറ്റൊന്ന്; ഷൂട്ട് ചെയ്ത സീനില്‍ സംതൃപ്തി തോന്നാതെ മാറ്റം വരുത്തുകയായിരുന്നു: വിനോദ് ഇല്ലംമ്പള്ളി
Entertainment
തണ്ണീര്‍മത്തന്റെ ക്ലൈമാക്‌സ് മറ്റൊന്ന്; ഷൂട്ട് ചെയ്ത സീനില്‍ സംതൃപ്തി തോന്നാതെ മാറ്റം വരുത്തുകയായിരുന്നു: വിനോദ് ഇല്ലംമ്പള്ളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd July 2024, 9:04 am

ഹൈപ്പിലാതെ വന്ന് 2019ല്‍ വലിയ ഹിറ്റടിച്ച ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. സൗഹൃദവും പ്രണയവും കലഹവും ഒത്തുചേര്‍ന്നതായിരുന്നു ഈ ചിത്രം. അനശ്വര രാജനും വിനീത് ശ്രീനിവാസനും മാത്യു തോമസുമായിരുന്നു സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്.

സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ വിനീത് എത്തിയത് ഒരു അധ്യാപകനായാണ്. താരം ആദ്യമായി വില്ലന്‍ പരിവേഷത്തില്‍ എത്തിയതും തണ്ണീര്‍മത്തന്‍ ദിനങ്ങളിലാണ്. സിനിമയിലെ ക്ലൈമാക്‌സ് ആദ്യം തീരുമാനിച്ചത് മറ്റൊരു രീതിയിലായിരുന്നെന്ന് പറയുകയാണ് ക്യാമറാമാനായ വിനോദ് ഇല്ലംമ്പള്ളി. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ക്ലൈമാക്സ് ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ബസ് നിര്‍ത്തി അവര്‍ ഇറങ്ങിയ ശേഷം അതിന് അടുത്തുള്ള സ്ഥലങ്ങളില്‍ വെച്ചായിരുന്നു ക്ലൈമാക്സ് ഷൂട്ട് ചെയ്യാനിരുന്നത്. എന്നാല്‍ ഷൂട്ട് ചെയ്ത് പകുതി ആയപ്പോഴേക്കും അത് ശരിയാവില്ലെന്ന് മനസിലായത് കൊണ്ടായിരുന്നു പിന്നീട് ജാതിക്ക തോട്ടത്തിലേക്ക് ഷൂട്ട് മാറ്റിയത്. ബസില്‍ നിന്ന് പാതിവഴിയില്‍ ഇറങ്ങി രണ്ടുപേരും ജാതിക്ക തോട്ടത്തിലേക്ക് ഓടുന്നതും അവിടേക്ക് അമ്മയും വരുന്നതുമൊക്കെയാണ് സിനിമയില്‍ ഉള്ളത്.

എന്നാല്‍ അതിന് മുമ്പ് തീരുമാനിച്ച ക്ലൈമാക്സ് പ്രകാരം ഇരുവരും ബസ് സ്റ്റോപ്പിലിറങ്ങി ഒരു ആലിന് അടുത്ത് വെച്ച് സംസാരിക്കുന്നത് ഷൂട്ട് ചെയ്തിരുന്നു. പക്ഷെ അതില്‍ അത്ര സംതൃപ്തി തോന്നിയില്ല എന്നതായിരുന്നു സത്യം. അതുകൊണ്ടാണ് ആ സീന്‍ പിന്നീട് ജാതിക്ക തോട്ടത്തിലേക്ക് മാറ്റിയത്. എന്നാല്‍ ക്ലൈമാക്സിലെ ആ ചെറിയ മാറ്റം സിനിമയില്‍ കൊണ്ടുവന്നത് വലിയ മാറ്റമാണ്. എനിക്ക് തോന്നുന്നത് ആദ്യം തീരുമാനിച്ച രീതിയിലായിരുന്നു ക്ലൈമാക്‌സെങ്കില്‍ സിനിമ അത്രത്തോളം നന്നാകില്ലായിരുന്നു എന്നാണ്,’ വിനോദ് ഇല്ലംമ്പള്ളി പറഞ്ഞു.


Content Highlight: Vinod Illambally Talks About The Climax Of Thanneer Mathan Dinangal