| Saturday, 2nd December 2023, 1:27 pm

തണ്ണീര്‍മത്തന്റെ ആദ്യ ക്ലൈമാക്‌സ് മാറ്റുകയായിരുന്നു; കാരണം വ്യക്തമാക്കി വിനോദ് ഇല്ലംമ്പള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019ല്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച മാത്യു തോമസും വിനീത് ശ്രീനിവാസനുമായിരുന്നു സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്.

ഇപ്പോള്‍ ഈ സിനിമയിലെ ക്ലൈമാക്‌സ് ആദ്യം മറ്റൊരു രീതിയിലായിരുന്നു തീരുമാനിച്ചിരുന്നതെന്ന് പറയുകയാണ് വിനോദ് ഇല്ലംമ്പള്ളി. സഫാരി ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലെ ക്ലൈമാക്‌സ് സത്യത്തില്‍ ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അതായത്, ബസ് നിര്‍ത്തി അവര്‍ ഇറങ്ങിയ ശേഷം അതിന്റെ അടുത്തുള്ള സ്ഥലങ്ങളില്‍ വെച്ചായിരുന്നു ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ഷൂട്ട് ചെയ്ത് പകുതി ആയപ്പോഴേക്കും ശരിയാവില്ലെന്ന് മനസിലായത് കൊണ്ടായിരുന്നു ജാതിക്ക തോട്ടത്തില്‍ ഷൂട്ട് ചെയ്തത്. അതായത് പാതിവഴിയില്‍ ബസില്‍ ഇറങ്ങി ജാതിക്ക തോട്ടത്തിലേക്ക് ഓടുന്നതും അവിടേക്ക് അമ്മയും വരുന്നതും.

അതിന് മുന്‍പ് ക്ലൈമാക്‌സിന് ബസ് സ്റ്റോപ്പില്‍ ഇറങ്ങി ഒരു ആലിന്റെ അടുത്ത് വെച്ച് ആ ഭാഗം ഷൂട്ട് ചെയ്തിരുന്നു. അതില്‍ അത്ര സംതൃപ്തി തോന്നിയില്ല. അതുകൊണ്ടാണ് പിന്നീട് ജാതിക്ക തോട്ടത്തിലേക്ക് മാറ്റിയത്.

ക്ലൈമാക്‌സിലെ ആ ചെറിയ മാറ്റം സിനിമയില്‍ വലിയ മാറ്റം കൊണ്ടുവന്നു. ആദ്യത്തെ രീതിയില്‍ ആയിരുന്നെങ്കില്‍ അത്രത്തോളം നന്നാകില്ലായിരുന്നു,’ വിനോദ് ഇല്ലംമ്പള്ളി പറഞ്ഞു.

ഒരു സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അധ്യാപകനായാണ് വിനീത് എത്തിയത്. പ്രണയവും കലഹവും സൗഹൃദവും ഒത്തുചേര്‍ന്നതായിരുന്നു ഈ ചിത്രം.

വിനീത് ആദ്യമായി ഒരു വില്ലന്‍ പരിവേഷത്തില്‍ എത്തിയതും ചിത്രത്തിലാണ്. വിനീതിനെ പറ്റിയും വിനോദ് ഇല്ലംമ്പള്ളി അഭിമുഖത്തില്‍ സംസാരിച്ചു.

‘ഞാന്‍ വിനീതിന്റെ കൂടെ ചെയ്ത എല്ലാ സിനിമയും ഹിറ്റായിരുന്നു. ‘ഒരു സെക്കന്റ് ക്ലാസ്സ് യാത്ര’, ‘മുത്തശ്ശി ഗഥ’ ‘ഓം ശാന്തി ഓശാന’ ഇതില്ലെല്ലാം വിനീത് ഉണ്ടായിരുന്നു. അതൊക്കെ ഹിറ്റായി.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ വന്നപ്പോള്‍ ഈ പടവും ഹിറ്റാണെന്ന് വിനീത് പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. വിനീത് ആദ്യമായി നെഗറ്റീവ് കഥാപാത്രമാകുന്നത് ഈ സിനിമയില്‍ ആയിരുന്നു,’ വിനോദ് ഇല്ലംമ്പള്ളി പറയുന്നു.


Content Highlight: Vinod Illambally Talks About Thaneer Mathan Dinangal

We use cookies to give you the best possible experience. Learn more