മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ ഹിറ്റായ ആ പാട്ട് കാരണം പൃഥ്വിയുടെ സിനിമക്ക് സ്റ്റേ വന്നു: വിനോദ് ഗുരുവായൂര്‍
Entertainment
മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ ഹിറ്റായ ആ പാട്ട് കാരണം പൃഥ്വിയുടെ സിനിമക്ക് സ്റ്റേ വന്നു: വിനോദ് ഗുരുവായൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th September 2024, 8:28 am

എ.കെ. ലോഹിതദാസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചക്രം. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഈ സിനിമയില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക. എന്നാല്‍ ഈ സിനിമ ആദ്യം ചെയ്യേണ്ടിയിരുന്നത് മോഹന്‍ലാലും ദിലീപുമായിരുന്നു. കമല്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന ആ സിനിമയില്‍ വിദ്യ ബാലനായിരുന്നു നായികയായി എത്തേണ്ടിയിരുന്നത്.

എന്നാല്‍ കുറച്ച് നാളത്തെ ഷൂട്ടിന് ശേഷം സിനിമ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. സംവിധായകന്‍ ലോഹിതദാസിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് വിനോദ്. അബാക്ക് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചക്രം സിനിമയെ കുറിച്ച് സംസാരിച്ചത്.

‘ഞാന്‍ ലോഹിസാറിന്റെ കൂടെ വര്‍ക്ക് ചെയ്ത് തുടങ്ങിയ സമയത്താണ് കമല്‍ സംവിധാനം ചെയ്ത് ലാലേട്ടന്‍ നായകനാകുന്ന ചക്രമെന്ന സിനിമ ഉണ്ടാകുന്നത്. ചില സൗന്ദര്യപിണക്കങ്ങളും ഈഗോകളും കാരണം ആ വലിയ പ്രൊജക്റ്റ് നിന്നുപോയി. ആളുകള്‍ക്ക് ഗംഭീരമായ പ്രതീക്ഷയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു അത്.

ദിലീപ് – മോഹന്‍ലാല്‍ കോമ്പോയില്‍ എത്തേണ്ട സിനിമയായിരുന്നു അത്. എന്തോ കഷ്ടകാലം കൊണ്ടോ ആ സിനിമയുടെ പ്രശ്‌നം കൊണ്ടോവാകണം അങ്ങനെ സംഭവിച്ചത്. ഞാന്‍ അന്ന് അത്ഭുതപ്പെട്ടത് രവീന്ദ്രന്‍ – ഗിരീഷ് പുത്തഞ്ചേരി കോമ്പോയില്‍ വന്ന പാട്ടുകളിലാണ്.

ആ സിനിമ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ അതിലെ പാട്ടുകള്‍ നമ്മുടെ സെറ്റിനിടയില്‍ ഹിറ്റായി പോയിരുന്നു. അത്രയും ഗംഭീരമായ പാട്ടുകളായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. എനിക്ക് ആ സിനിമ നിന്നുപോയപ്പോള്‍ വലിയ സങ്കടം തോന്നി. ആ പാട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാതെ പോകുന്നതിലായിരുന്നു എന്റെ സങ്കടം.

പക്ഷെ എന്തോ ഭാഗ്യം കൊണ്ടാകാം ചക്രം എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ലോഹി സാര്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. കഥകളില്‍ കുറച്ച് മാറ്റം വരുത്തിയാണ് ആ സിനിമ ചെയ്തത്. അന്ന് പൃഥ്വിക്ക് ചെറിയ പ്രായമാണ്. ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നമ്മളെല്ലാവരും ആദ്യം പറഞ്ഞ ഒരു കാര്യമുണ്ട്.

ആ പാട്ടുകള്‍ നമുക്ക് കിട്ടാന്‍ വഴിയുണ്ടോയെന്ന് നോക്കാനാണ് പറഞ്ഞത്. പ്രൊഡ്യൂസറിനോട് ചോദിച്ചു നോക്കാമെന്ന് ലോഹി സാര്‍ മറുപടി പറഞ്ഞു. അങ്ങനെ അയാളുമായി സംസാരിക്കുകയും അയാള്‍ പാട്ട് ഷൂട്ട് ചെയ്‌തോളാന്‍ പറയുകയും ചെയ്തു. പക്ഷെ അതിന്റെ റൈറ്റ്‌സ് അദ്ദേഹത്തിന് തന്നെയായിരുന്നു.

ആ പാട്ട് വെറുതെ കളയേണ്ട തനിക്കും ഉപകാരം വരുമല്ലോ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. പക്ഷെ അതിന് എഗ്രിമെന്റൊന്നും ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ചക്രത്തില്‍ പൃഥ്വിരാജും മീര ജാസ്മിനും ചേര്‍ന്ന് ഡാന്‍സ് ചെയ്യുന്ന ഒരു പാട്ടാണ് അത്.

അന്ന് ഏറ്റവും കൂടുതല്‍ പൈസ മുടക്കിയെടുത്ത ഒരു പാട്ടായിരുന്നു അത്. അങ്ങനെ ആ പാട്ട് ഞങ്ങള്‍ ഷൂട്ട് ചെയ്തു. പക്ഷെ സിനിമയുടെ റിലീസിന്റെ മൂന്ന് ദിവസം മുമ്പ് ചക്രമെന്ന പൃഥ്വിരാജ് ചിത്രത്തിന് സ്റ്റേ വന്നു. പഴയ പ്രൊഡ്യൂസറിന്റെ ഭാഗത്ത് നിന്നായിരുന്നു ആ നീക്കം. ഈ പാട്ട് ആ സിനിമയില്‍ ഉപയോഗിച്ചതാണ് അതിന്റെ കാരണം,’ വിനോദ് ഗുരുവായൂര്‍ പറഞ്ഞു.


Content Highlight: Vinod Guruvayoor Talks About Chakram Movie