| Thursday, 10th October 2024, 2:35 pm

റിലീസിന് മൂന്ന് ദിവസം മുമ്പാണ് ആ പൃഥ്വിരാജ് ചിത്രത്തിന് സ്റ്റേ കിട്ടിയത്: വിനോദ് ഗുരുവായൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയരാജ്, ലോഹിതദാസ് എന്നിവരുടെ സഹായിയായി ഒരുപാട് കാലം വര്‍ക്ക് ചെയ്തയാളാണ് വിനോദ് ഗുരുവായൂര്‍. സകല കലാശാല, ശിഖാമണി എന്നീ ചിത്രങ്ങള്‍ക്ക് വിനോദ് കഥയൊരുക്കുകയും ചെയ്തു. ലോഹിതദാസുമായി തനിക്ക് വളരെ കാലത്തെ ബന്ധമുണ്ടെന്ന് പറയുകയാണ് വിനോദ് ഗുരുവായൂര്‍. മലയാളത്തില്‍ ആദ്യമായി പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന പദവി തനിക്ക് തന്നത് ലോഹിതദാസെന്ന് വിനോദ് പറഞ്ഞു.

ലോഹിതദാസുമായി ചെയ്ത സിനിമകളില്‍ തനിക്ക് മറക്കാനാകാത്ത അനുഭവമാണ് ചക്രം എന്ന സിനിമ തന്നതെന്ന് വിനോദ് കൂട്ടിച്ചേര്‍ത്തു. ആ ചിത്രം ആദ്യം പ്ലാന്‍ ചെയ്തത് മോഹന്‍ലാലിനെയും ദിലീപിനെയും വെച്ചായിരുന്നെന്നും കമലായിരുന്നു ആ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നതെന്നും വിനോദ് പറഞ്ഞു. എന്നാല്‍ ആ ചിത്രം പല സൗന്ദര്യപിണക്കങ്ങള്‍ കാരണം മുടങ്ങിപ്പോയെന്നും നിര്‍മാതാവ് അതില്‍ നിന്ന് പിന്മാറിയെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

പിന്നീട് ലോഹിതദാസ് ആ സിനിമയുടെ സംവിധാനം ഏറ്റെടുത്തെന്നും കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം പൃഥ്വിരാജിനെ നായകനാക്കിയെന്നും വിനോദ് പറഞ്ഞു. പഴയ നിര്‍മാതാവിനോട് ആ പാട്ടുകള്‍ ഉപയോഗിച്ചോട്ടേ എന്ന് ചോദിച്ചുവെന്നും അയാള്‍ അപ്പോള്‍ സമ്മതിച്ചെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റിലീസിന് മൂന്ന് ദിവസം ബാക്കിയുള്ളപ്പോള്‍ പഴയ നിര്‍മാതാവ് കോടതിയില്‍ നിന്ന് സിനിമക്ക് സ്‌റ്റേ കൊണ്ടുവന്നെന്നും പാട്ടുകള്‍ ഉപയോഗിക്കാന്‍ സമ്മതമല്ലെന്ന് പറയുകയും ചെയ്‌തെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. രവീന്ദ്രന്‍ മാഷും ഗിരീഷ് പുത്തഞ്ചേരിയും കൂടി വളരെ കുറച്ചുസമയം കൊണ്ട് പാട്ട് റെഡിയാക്കി അത് സിനിമയില്‍ ഉപയോഗിച്ചെന്നും പറഞ്ഞ ദിവസം തന്നെ ചിത്രം റിലീസ് ചെയ്‌തെന്നും വിനോദ് പറഞ്ഞു. അബാക്ക് മീഡിയയോട് സംസാരിക്കുകയായിരുന്നു വിനോദ് ഗുരുവായൂര്‍.

‘മലയാളസിനിമയില്‍ എനിക്ക് മറക്കാനാകാത്ത അനുഭവങ്ങള്‍ ലഭിച്ചത് ലോഹിതദാസ് സാറിനോടൊപ്പം വര്‍ക്ക് ചെയ്തപ്പോഴായിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന ലേബലിലായിരുന്നു ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വര്‍ക്ക് ചെയ്തത്. അങ്ങനെയൊരു ലേബല്‍ മലയാളത്തില്‍ ആദ്യമായി കിട്ടിയത് എനിക്കാണ്.

ലോഹി സാറിന്റെ സ്‌ക്രിപ്റ്റില്‍ മോഹന്‍ലാലിനെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഷൂട്ട് ചെയ്ത സിനിമയായിരുന്നു ചക്രം. എന്നാല്‍ ചില സൗന്ദര്യപിണക്കങ്ങള്‍ കാരണം ഷൂട്ട് മുടങ്ങി. പിന്നാലെ നിര്‍മാതാവും അതില്‍ നിന്ന് പിന്മാറി. കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയ ശേഷം ലോഹി സാര്‍ ആ സിനിമ പൃഥ്വിയെ വെച്ച് ചെയ്തു. അന്ന് പൃഥ്വിക്ക് 20 വയസ്സേയുള്ളൂ.

ആ സിനിമക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടുകള്‍ ഉപയോഗിച്ചോട്ടേ എന്ന് പഴയ നിര്‍മാതാവിനോട് ചോദിച്ചു. അയാള്‍ അന്ന് സമ്മതിച്ചു. പക്ഷേ റിലീസിന് മൂന്ന് ദിവസം ബാക്കിയുള്ളപ്പോള്‍ പാട്ടുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ആ നിര്‍മാതാവ് സിനിമയുടെ റിലീസ് സ്റ്റേ കൊണ്ടുവന്നു.

ഒടുക്കം രവീന്ദ്രന്‍ മാഷും ഗിരീഷേട്ടനും കൂടി പെട്ടെന്ന് ഒരു പാട്ട് കമ്പോസ് ചെയ്ത് ആ സിനിയമില്‍ ആഡ് ചെയ്തിട്ടാണ് പടം റിലീസായത്,’ വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

Content Highlight: Vinod Guruvayoor about Lohithadas and Chakram movie

We use cookies to give you the best possible experience. Learn more