കോഴിക്കോട്: അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ പ്രതിസന്ധികള്‍ക്കെതിരെ രംഗത്തു വന്ന നടന്‍ ആസിഫ് അലിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസനും. സിനിമയ്ക്ക് തിയേറ്ററുകളില്‍നിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാത്തതില്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ ആസിഫ് നിരാശ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടന് പിന്തുണയുമായി വിനീത് എത്തിയത്. തന്റെ ചിത്രമായ തിര റിലീസായ സമയത്തും ഇതേ പ്രശ്‌നം നേരിട്ടതായാണ് വിനീത് പറയുന്നു.
ആസിഫ് സംസാരിച്ചതുകേട്ടപ്പോള്‍ വിഷമം തോന്നിയെന്നും തന്റെ രണ്ടു മൂന്നു സുഹൃത്തുക്കള്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ സിനിമ കണ്ടിട്ട് വ്യത്യസ്തമായ സിനിമയാണെന്നു പറഞ്ഞതെന്നും വിനീത് പറയുന്നു. എന്നാല്‍, തനിക്ക് ഇതുവരെ സിനിമ കാണാന്‍ പറ്റിയിട്ടില്ല. താന്‍ ചെന്നൈയിലാണുളളത്. തിര റിലീസ് ആയ സമയത്ത് ഇതുപോലൊരു സാഹചര്യം ഉണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. എല്ലാവരും ഓണ്‍ലൈനില്‍ അഭിപ്രായം പറയും, പക്ഷേ തിയേറ്ററില്‍ പോയി ആരും സിനിമ കാണില്ല. അന്ന് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥലയിലായിരുന്നു ഞങ്ങള്‍. വിനീത് പറയുന്നു.
എന്തെങ്കിലും വ്യത്യസ്തമായ രീതിയില്‍ മലയാള സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് പുതിയ സംവിധായകര്‍ ഓരോ സിനിമയും ചെയ്യുന്നത്. നിങ്ങള്‍ക്ക് ഇത്തരത്തിലൊരു സിനിമ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ സമയം മാറ്റിവച്ച് തിയേറ്ററില്‍ പോയി കാണണമെന്നും വിനീത് വീഡിയോയില്‍ പറയുന്നു.
“ഞാന്‍ ഉറപ്പായും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ കാണും. ആസിഫിനും അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്റെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും എന്റെ പൂര്‍ണ പിന്തുണയുണ്ട്.” വിനീത് പറയുന്നു.
നേരത്തെ, മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം തീയറ്ററുകളില്‍ നിന്നും പുറത്താകുന്ന അവസ്ഥയിലായിരുന്നു.
“കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, അല്ലെങ്കില്‍ ഇപ്പോ തെറിക്കും തിയേറ്ററില്‍ നിന്ന്” എന്ന ചിത്രത്തിന്റെ സംവിധായകനായ രോഹിത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
തുടര്‍ന്ന് ആഷിക് അബു, മിഥുന്‍ മാനുവല്‍, അജു വര്‍ഗീസ്, റിമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ പിന്തുണയുമായി എത്തി അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്റെ ഒപ്പം റിലീസ് ചെയ്ത് ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് പോലും രോഹിത്തിന് പിന്തുണയുമായി എത്തി.
ഇതിന് പിന്നാലെ വികാരഭരിതനായി നടന്‍ ആസിഫ് അലിയും ഫേസ്ബുക്ക് ലൈവില്‍ എത്തി. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓര്‍ത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളില്‍ നിന്നും വിട്ടുനിന്നതെന്നും തന്റെ മുന്‍കാല ചിത്രങ്ങളെ താരതമ്യം ചെയ്താണ് സിനിമ കാണാതിരിക്കുന്നതെങ്കില്‍ തന്നെ മറന്ന് ഈ സിനിമ കാണണമെന്നും ആസിഫ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന പോസ്റ്റേര്‍സ് ഇല്ല ഫ്ളക്സ് ഇല്ല, അങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. ഈ സിനിമ തിയറ്ററുകളില്‍ ഓടാന്‍ വേണ്ടിയാണ് ഞാന്‍ നിങ്ങളോട് ഇങ്ങനെ അപേക്ഷിക്കുന്നത്. ഞാന്‍ ഇത്രയും നെര്‍വസ് ആയി ഫേസ്ബുക്കില്‍ വന്നിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഈ സിനിമ ഓടണം. അതുകൊണ്ടാണ് ഇത്രയും ഡെസ്പറേറ്റ് ആയി സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആസിഫിന്റെ അഭ്യര്‍ത്ഥന.
എന്തായാലും സിനിമാ ആരാധകര്‍ ആ അഭ്യര്‍ഥന കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ തിരുവനന്തപുരം ഏരീസ് തീയേറ്ററിലെ 10.15ലെ ഷോ ഹൗസ്ഫുള്‍ ആയിരുന്നെന്ന് സിനിമയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.