| Tuesday, 25th July 2023, 6:57 pm

'ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാസ്റ്റാണ് നിവിന്റേത്, അവൻ അപ്പോൾ തന്നെ ഓക്കേ പറഞ്ഞു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വർഷങ്ങൾക്ക്‌ ശേഷം’ എന്ന ചിത്രത്തിലേക്ക് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാസ്റ്റ് നിവിൻ പോളിയുടേതെന്ന് വിനീത് ശ്രീനിവാസൻ. ചിത്രത്തിൻറെ കഥ പോലും കേൾക്കാതെ നിവിൻ പോളി സിനിമയിൽ അഭിനയിക്കാൻ തയ്യാറായിരുന്നെന്നും ചിത്രത്തിൽ ബേസിൽ ജോസഫും താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച് കൊണ്ടുവന്ന കഥാപാത്രമാണെന്നും വിനീത് പറഞ്ഞു. കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത്.

വർഷങ്ങൾക്ക്‌ ശേഷം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെപ്പറ്റി ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘വർഷങ്ങൾക്ക്‌ ശേഷം ചെയ്യാൻ പ്ലാനിടുമ്പോൾ കഥാപാത്രങ്ങളുടെ എണ്ണം ഇത്രയും കൂടുമെന്ന് ഞാൻ കരുതിയില്ല. ഞാൻ ഓരോ കഥാപാത്രവും ചെയ്യാൻ വേണ്ടവരെ വിളിച്ചപ്പോൾ എല്ലാവരും ചെയ്യാമെന്ന് സമ്മതിച്ചു. അത് ഞാൻ വിചാരിച്ചില്ല.

ബേസി (ബേസിൽ) നല്ല തിരക്കുള്ള ആളാണ്. അപ്പോൾ ബേസി ഉണ്ടാകുമോയെന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു. കാരണം അവന്റെ കഥാപാത്രം ചെയ്യാനുള്ള ഡേറ്റ് കുറച്ച് കൂടുതൽ വേണം. പക്ഷെ ഞാൻ വിളിച്ചപ്പോൾ തന്നെ അവൻ ചെയ്യാമെന്ന് പറഞ്ഞു.

അതുപോലെ തന്നെയാണ് നിവിന്റെ കാര്യം. നിവിൻ ഇതിൽ ഉണ്ടാകണമെന്ന് എനിക്കുണ്ടായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാസ്റ്റിൽ ഒന്നാണ് നിവിന്റേത്. പക്ഷെ കേൾക്കുന്നേന് മുൻപ് തന്നെ അവൻ ചെയ്യാമെന്ന് തീരുമാനിച്ചപോലെയാണ് എനിക്ക് തോന്നിയത്. കേട്ടപ്പോൾ തന്നെ ഓക്കേ പറഞ്ഞു,’ വിനീത് പറഞ്ഞു.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ്.

കല്യാണി പ്രിയദര്‍ശനാണ് വർഷങ്ങൾക്കു  ശേഷത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. മുമ്പ് ഇരുവരും ഹൃദയത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ചെന്നൈയിലെ മുന്‍കാല ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട കഥയാണ് ചിത്രത്തിന്റേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബേസില്‍ ജോസഫ്, നീരജ് മാധവ്, അജു വര്‍ഗീസ്, നീത പിള്ള, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി നടത്തിയത്.

വർണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് വിനീത് ശ്രീനിവാസന്റെ റിലീസിനൊരുങ്ങുന്നു ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും.

Content Highlights: Vinmeeth Sreenivasan on Nivin Pauly

We use cookies to give you the best possible experience. Learn more