| Friday, 11th March 2022, 11:57 am

ക്രിസ്ത്യന്‍ എയിഡഡ് സ്ഥാപനങ്ങളിലെ തീവ്ര ജാതീയത

വിനില്‍ പോള്‍

കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളും ഉദ്യോഗസ്ഥരുടെ മെറിറ്റില്ലായ്മയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരള പൊതുസമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഈ മേഖലയില്‍ സാമൂഹിക പ്രവര്‍ത്തകനും ഗവേഷകനുമായ ഒ.പി. രവീന്ദ്രന്റെ ഇടപെടലുകളും അദ്ദേഹത്തിന്റെ ‘പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍‘ എന്ന പുസ്തകവും ഈ മേഖലയിലെ ചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജം പകരുകയുണ്ടായി.

കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളുടെ നിലവിലുള്ള പ്രാതിനിധ്യം പരിശോധിച്ചാല്‍ ഏറ്റവും അനീതി നിറഞ്ഞ നിയമനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരളത്തിലെ ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങളാണെന്ന് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

ഇതര മാനേജ്മെന്റുകള്‍ക്കുള്ളില്‍ സാമ്പത്തിക അന്തരം മാത്രം നിലനില്‍ക്കുമ്പോള്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ക്കുള്ളില്‍ ജാതി ശ്രേണി പ്രകടമായി നിലനില്‍ക്കുന്ന കാരണത്താലാണ് ക്രിസ്ത്യന്‍ എയിഡഡ് സ്ഥാപനങ്ങള്‍ ഇരട്ട അനീതിയുടെ ഉറവിടമായി അറിയപ്പെടുന്നത്.

ക്രൈസ്തവ ന്യൂനപക്ഷത്തിനുള്ളില്‍ സുറിയാനി – ലത്തീന്‍ – എസ്.ഐ.യു.സി ക്രിസ്ത്യാനികളാണ് പ്രബലരും സമ്പന്നരുമായ വിഭാഗം. കൊളോണിയല്‍ കാലത്ത് കേരളത്തില്‍ എത്തിയ മിഷനറി പ്രസ്ഥാനങ്ങള്‍ വാങ്ങിക്കൂട്ടിയ ഭൂമിയ്ക്കും, സമ്പത്തിനും പിന്തുടര്‍ച്ച ലഭിച്ചത് ഈ മൂന്ന് കൂട്ടര്‍ക്കുമായിരുന്നു.

ക്രൈസ്തവ സഭകളിലെ പരമോധികാര സ്ഥാനമായ ബിഷപ്പ് / മെത്രാന്‍ എന്ന പദവികളില്‍ ഈ കൂട്ടരില്‍ നിന്നുള്ള ആളുകളെ മാത്രമേ തെരഞ്ഞെടുക്കു. കേരളത്തിലെ പ്രബല സഭകളില്‍ സി.എസ്.ഐ. മധ്യകേരള ഡയോസിസില്‍ മാത്രമാണ് ഒരു ദളിത് ബിഷപ്പ് ഒരുവട്ടം നിയമിതനായത്.

ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍ ലത്തീന്‍ സമുദായം ബിഷപ്പ് പദവികള്‍ കുത്തകയാക്കി വെച്ചിരിക്കുകയാണെങ്കിലും നാടാര്‍ ക്രിസ്ത്യാനികളെയും ബിഷപ്പ് പദവികളില്‍ വാഴിക്കാറുണ്ട്. തെക്കന്‍ കേരളത്തിലെ സി.എസ്.ഐ സഭയില്‍ എസ്.ഐ.യു.സി നാടാര്‍ മാത്രമാണ് എല്ലാ സ്ഥാനമാനങ്ങളും വഹിക്കുന്നത്.

സീറോ മലബാര്‍ – മലങ്കര തുടങ്ങിയ സഭകളെ കുറിച്ച് പിന്നെ ചിന്തിക്കുകയെ വേണ്ട. മാത്രമല്ല പുരോഹിതരുടെ എണ്ണം കൂടുതല്‍ സുറിയാനി – ലത്തീന്‍- എസ്.ഐ.യു.സി വിഭാഗങ്ങളില്‍ നിന്നായിരിക്കും. പുലയര്‍ (ചേരമര്‍), പറയര്‍ (സാംബവര്‍), കുറവര്‍ (സിദ്ധനര്‍), ഐനവര്‍, ചെറുമര്‍ എന്നീ ജാതികളില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരാണ് ദളിത് ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ എന്ന വിഭാഗം.

പട്ടിക ജാതിയില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയവര്‍ എന്ന പ്രയോഗം കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പറയുമെങ്കിലും കേരളത്തിലെ ക്രിസ്തുമതത്തില്‍ ഒരു വിഭാഗം പിന്നാക്ക – പട്ടിക ജാതികള്‍ (വേട്ടുവ, പരവ, മണ്ണാന്‍, വേലന്‍, ഈഴവ) സുറിയാനി ക്രിസ്ത്യാനികളായി ലയിച്ചു ചേരുകയുണ്ടായി.

സ്വന്തമായി സ്ഥാപനങ്ങള്‍ ഇല്ലാത്തവരും, പ്രബല സഭകളുടെ ഔദ്യോഗിക പദവികളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുന്നതുമായ വിഭാഗമായ ദളിത് ക്രൈസ്തവര്‍ കേരളത്തിലെ എല്ലാ പ്രബല സഭകളിലും അംഗങ്ങളാണ്.

മുന്‍ ധനമന്ത്രിയായിരുന്ന കെ. എം. മാണി 2015ല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കേരളത്തില്‍ ഇരുപത് ലക്ഷത്തോളം ജനസംഖ്യയുള്ള വിഭാഗമാണ് പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

കെ. എം. മാണി

ഇത്രയും ജനസംഖ്യയുള്ള ദളിത് ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ പി.എസ്.സി മേഖലയില്‍ നല്‍കുന്നത് കേവലം ഒരു ശതമാനം സംവരണവും, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എസ്.ഐ.യു.സിയുമായി പങ്കിട്ടുകൊണ്ടുള്ള ഒരു ശതമാനം സംവരണവുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ മേഖലയിലെ വിവേചനത്തിന് തുല്യമായ വിവേചനമാണ് ക്രൈസ്തവ സഭകള്‍ നടത്തുന്ന എയിഡഡ് സ്ഥാപനങ്ങളില്‍ നിന്നും ദളിത് ക്രൈസ്തവര്‍ നേരിടുന്നത്.

”ദളിത് ക്രൈസ്തവര്‍ക്ക് ഇവിടെ പ്രവേശനമില്ല”

2021ലെ കണക്കുകള്‍ പ്രകാരം 95 എയിഡഡ് കോളേജുകളാണ് മുന്നാക്ക – ലത്തീന്‍ – എസ്.ഐ.യു.സി ക്രിസ്ത്യാനികള്‍ സ്വന്തമായി നടത്തുന്നത്. ഇതിന്റെ രണ്ട് ഇരട്ടി മുന്നോക്ക- ലത്തീന്‍ – എസ്.ഐ.യു.സിക്രിസ്ത്യാനികള്‍ ജോലി ചെയ്യുന്നത് ക്രിസ്ത്യന്‍ സഭകള്‍ നടത്തുന്ന സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി മേഖലയിലാണ്.

2021ല്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ 2596 എയിഡഡ് സ്‌കൂളുകളാണ് സ്വന്തമായി നടത്തിവരുന്നത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷ പദവിയില്‍ സ്ഥാപിതമായ കേരളത്തിലെ ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ നിന്നും ദളിത് ക്രൈസ്തവരെ പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്.

സഭകള്‍ ഔദ്യോഗികമായി ദളിത് സംഘടനകള്‍ നടത്തുകയും അവയുടെ വാര്‍ഷികം ആഘോഷിക്കുകയും ചെയ്യുമെങ്കിലും ഉദ്യോഗ – വിദ്യാഭ്യാസ മേഖലയില്‍ ദളിതര്‍ക്ക് കൃത്യമായ പങ്കാളിത്തം ഉറപ്പാക്കാറില്ല. ദളിത് ക്രിസ്ത്യാനികളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷിക ആഘോഷങ്ങള്‍ക്കും മാത്രമാണ് സഭകള്‍ സംവരണം അനുവദിച്ചിരിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദളിത് ക്രിസ്ത്യാനികള്‍ ജോലി ചെയ്യുന്നത് സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. മഹായിടവകയുടെ കീഴിലുള്ള എല്‍.പി – യു.പി സ്‌കൂളുകളില്‍ (220/452) 49 ശതമാനം അധ്യാപകര്‍ ദളിത് ക്രിസ്ത്യാനികളാണ്.

എന്നാല്‍ ഹൈസ്‌കൂളിലേക്ക്‌ വരുമ്പോള്‍ ദളിത് ക്രൈസ്തവ അധ്യാപകരുടെ എണ്ണം (38/190) ഇരുപതു ശതമാനമായും ഹയര്‍ സെക്കണ്ടറിയില്‍ എത്തുമ്പോള്‍ (17/130) പതിമൂന്ന് ശതമാനമായും കോളേജിലേക്ക് എത്തുമ്പോള്‍ അത് ഏഴു ശതമാനമായും കുറയുകയാണ്. ഇതാകട്ടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഉണ്ടായ മാറ്റമാണ് എന്നത് കൂടി നാം തിരിച്ചറിയേണ്ടതാണ്.

മഹായിടവകയുടെ മൂന്ന് കോളേജുകളിലായി ആകെയുള്ള നൂറ്റിയമ്പത്തിയൊന്ന് അധ്യാപകരില്‍ പത്ത് ദളിത് ക്രിസ്ത്യാനികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. അനധ്യാപകരിലാകട്ടെ ആകെയുള്ള എണ്‍പത്തിയേഴ് പോസ്റ്റുകളിലായി മുപ്പത്തിമൂന്ന് ദളിത് ക്രിസ്ത്യാനികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ എണ്‍പത്തിയേഴ് അനധ്യാപകരില്‍ ഡിഗ്രി പാസായവരുടെ എണ്ണം പതിനഞ്ചില്‍ താഴെയാണ്.

എന്നാല്‍ കോട്ടയത്തെ സീറോ മലബാര്‍ സഭയുടെ പാലാ രൂപതയുടെ കീഴിലുള്ള മൂന്ന് കോളേജുകളില്‍ ആകെയുള്ള 113 അധ്യാപകരില്‍ ഒരു ദളിത് ക്രിസ്ത്യാനി പോലുമില്ല എന്നതാണ് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നത്.

രൂപതയുടെ മൂന്ന് കോളേജുകളിലായി അന്‍പത്തിയെട്ട് അനധ്യാപകര്‍ ജോലി ചെയ്യുന്നതില്‍ ദളിത് ക്രിസ്ത്യാനികളുടെ എണ്ണം വെറും ഏഴ് മാത്രമാണ്. 2020-21 സഭാ ഡയറക്ടറി പറയുന്നത് 7120 ദളിത് ക്രൈസ്തവ കുടുംബങ്ങളിലായി 34226 ദളിത് ക്രൈസ്തവര്‍ പാലാ രൂപതയിലുണ്ടെന്നാണ്. അതായത് ഒരു വീട്ടില്‍ അഞ്ച് വ്യക്തികള്‍ പോലുമില്ല.

എന്നാല്‍ 1973ല്‍ കാത്തലിക് യൂണിയന്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ (Report of Harijan Converts welfare enquiry sub-committee 1973) പറയുന്നതാകട്ടെ പാലാ രൂപതയില്‍ 24000 ദളിത് ക്രൈസ്തവരുണ്ടെന്നാണ്. നാല്പത്തിയേഴ് വര്‍ഷങ്ങള്‍കൊണ്ട് ദളിത് ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടായ വര്‍ദ്ധനവ് വെറും 10226 മാത്രമെന്നാണ് സഭയുടെ കണക്ക്.

കേരളത്തിലെ ക്രൈസ്തവ സഭകളില്‍ നവീകരണ പാരമ്പര്യം അവകാശപ്പെടുന്ന മാര്‍ത്തോമാ സഭയില്‍ 1892 മുതല്‍ ദളിത് ക്രൈസ്തവര്‍ അംഗങ്ങളാണ്. എന്നാല്‍ മാര്‍ത്തോമാ സഭയുടെ എയിഡഡ് സ്ഥാപനങ്ങളില്‍ ദളിത് ക്രൈസ്തവര്‍ക്ക് ജോലി കൊടുക്കുന്ന കാര്യത്തില്‍ യാതൊരു നവീകരണവും സഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

വിവരവകാശത്തിലൂടെ ലഭിച്ച മാര്‍ത്തോമാ സഭയുടെ ചില കോളേജുകളില്‍ അനധ്യാപക പട്ടികയില്‍ മാര്‍ത്തോമാ സുറിയാനി ക്രിസ്ത്യാനികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇവരുടെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ എണ്‍പത്തിയഞ്ച് അധ്യാപകര്‍ ജോലി ചെയ്യുന്നതില്‍ ഒരു ദളിത് ക്രിസ്ത്യാനിക്ക് പോലും അവസരം ലഭിച്ചിട്ടില്ല.

മാര്‍ത്തോമാ സഭയുടെ ഹൈസ്‌കൂളുകളില്‍ ആകെ 142 അധ്യാപകര്‍ ജോലി ചെയ്യുന്നതില്‍ ദളിത് ക്രിസ്ത്യാനികളുടെ എണ്ണം വെറും 18 ആണ്. എല്‍.പി, യു.പി സ്‌കൂളുകളില്‍ ആകട്ടെ ആകെയുള്ള 418 അധ്യാപകരില്‍ ദളിത് ക്രിസ്ത്യന്‍ അധ്യാപകരുടെ എണ്ണം കേവലം 39 മാത്രമാണ്. ആകെയുള്ള ദളിത് ക്രൈസ്തവ അനധ്യാപകരുടെ എണ്ണമാകട്ടെ പതിനൊന്ന് മാത്രമാണ്.

ലത്തീന്‍ കത്തോലിക്കാ സഭയുടെ ദളിത് ക്രൈസ്തവ ഭൂരിപക്ഷമുള്ള രൂപതകളാണ് പുനലൂര്‍, വിജയപുരം, കണ്ണൂര്‍ എന്നീ രൂപതകള്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും ഇതിനു കീഴില്‍ ഇല്ലെങ്കിലും നിരവധി സ്‌കൂളുകള്‍ ഈ രൂപതകള്‍ സ്വന്തമായി നടത്തുന്നുണ്ട്.

ഏകദേശം 210 അധ്യാപകര്‍ ജോലി ചെയ്യുന്ന പുനലൂര്‍ രൂപതയില്‍ വെറും 36 ദളിത് ക്രിസ്ത്യാനികള്‍ക്ക് മാത്രമാണ് അധ്യാപകരായി ജോലി ചെയ്യാന്‍ അവസരം നല്‍കിയിരിക്കുന്നത്. അനധ്യാപകരായി വെറും ഏഴ് ദളിത് ക്രൈസ്തവരും ഈ രൂപതയുടെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നു.

620 അധ്യാപകര്‍ ജോലി ചെയ്യുന്ന വിജയപുരം രൂപതയിലാകട്ടെ 102 ദളിത് ക്രൈസ്തവ അധ്യാപകര്‍ക്ക് മാത്രമാണ് ജോലി ചെയ്യാന്‍ അവസരം നല്‍കിയിരിക്കുന്നത്. ലത്തീന്‍ സഭയുടെ കണ്ണൂര്‍ രൂപതയിലാകട്ടെ ആകെയുള്ള 243 അധ്യാപകരില്‍ ദളിത് ക്രൈസ്തവര്‍ വെറും 77 ആളുകള്‍ മാത്രമാണ്.

ദളിത് ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള മറ്റൊരു സഭയാണ് ലൂഥറന്‍ സഭ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൂഥറന്‍ മിഷനറി പ്രവര്‍ത്തകര്‍ നിരവധി സ്‌കുളുകളും ആശുപത്രികളും സ്ഥാപിച്ചിരുന്നു. ലൂഥറന്‍ സഭയുടെ മേല്‍നോട്ടത്തിലുള്ള ഈ സ്ഥാപനങ്ങളിലെ ഉദ്യോഗ മേഖലയില്‍ നിന്നും ദളിത് ക്രൈസ്തവരെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്.

ലൂഥറന്‍ സഭ മലപ്പുറത്ത് നടത്തുന്ന ആശുപത്രയില്‍ ദളിത് ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ഒരു ഡോക്ടറോ, നഴ്സോ അവിടെ ജോലി ചെയ്യുന്നില്ല. ഓഫിസ് ഉദ്യോഗസ്ഥരില്‍ മാത്രമാണ് ഒരു ദളിത് ക്രിസ്ത്യാനി ജോലി ചെയ്യുന്നത്.

ലൂഥറന്‍ സഭയുടെ ഇരുപത്തിമൂന്ന് സ്‌കൂളുകളിലായി 120 അധ്യാപകര്‍ ജോലി ചെയ്യുന്നതില്‍ ദളിത് ക്രൈസ്തവരില്‍ നിന്നും വെറും ഏഴ് പേര്‍ മാത്രമാണ് അവിടെ ജോലി ചെയ്യുന്നത്. അനധ്യാപകരാകട്ടെ വെറും ഏഴ് പേര്‍ മാത്രമാണ്.

തെക്കന്‍ കേരളത്തിലെ സി.എസ്.ഐ സഭയില്‍ ആധിപത്യം നേടിയിരിക്കുന്ന നാടാര്‍ ക്രിസ്ത്യാനികള്‍ ദളിത് ക്രൈസ്തവരെ പരിപൂര്‍ണ്ണമായി ഒഴിവാക്കികൊണ്ടാണ് നിയമനങ്ങള്‍ നടത്തുന്നത്. സഭയുടെ ഭരണഘടനയില്‍ ദളിത് ക്രിസ്ത്യാനികള്‍ക്ക് ഇരുപത് ശതമാനം സംവരണം എന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും ഇരുപതിന്റെ പകുതിയുടെ പകുതി സംവരണം പോലും അവര്‍ നടപ്പിലാക്കിയിട്ടില്ല. 1500 ഉദ്യോഗസ്ഥരുള്ള ഇവരുടെ രണ്ട് ആശുപത്രികളിലായി വെറും ഇരുപത്തി രണ്ട് ദളിത് ക്രിസ്ത്യാനികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്.

തിരുവനന്തപുരത്തെ സി.എസ്.ഐ. ദളിത് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് മറ്റ് ചില വിവരങ്ങള്‍ കൂടി പൊതുജന മധ്യത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂളിലെ അധ്യാപക നിയമങ്ങളില്‍ 35% സംവരണം ലഭിക്കേണ്ടത് ദലിത് ക്രൈസ്തവര്‍ക്കാണ്.

ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂള്‍

എന്നാല്‍ അവിടെ ദളിത് ക്രിസ്ത്യാനികള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല. 29 അധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്ന ഈ സ്‌കൂളില്‍ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള രണ്ടുപേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഈ സ്‌കൂളിലെ 12-അംഗ മാനേജ്മെന്റ് ബോര്‍ഡില്‍ ഒരു ദളിത് പ്രതിനിധിപോലുമില്ല.

ക്രിസ്ത്യന്‍ കോളേജുകളില്‍ ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നവരുടെ ജാതിയും, യോഗ്യതയും പരിശോധിച്ചാല്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ ദളിത് ക്രിസ്ത്യാനികളോട് കാണിക്കുന്ന വിവേചനത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും.

കേരളത്തിലെ നാല്‍പത് ക്രിസ്ത്യന്‍ എയിഡഡ് കോളജുകളില്‍ ജോലി ചെയ്യുന്ന അധ്യാപ – അനധ്യാപകരുടെ ജാതി തിരിച്ചുള്ള പട്ടിക കേരളത്തിലെ ദളിത് ക്രൈസ്തവരെ എങ്ങനെയാണ് ക്രിസ്ത്യന്‍ സഭകള്‍ പരിഗണിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കി തരുന്നതാണ് (കോട്ടയം സി.എം.എസ് കോളേജിനെ ഒഴിവാക്കിയാണ് ഈ ടേബിള്‍ അവതരിപ്പിച്ചിരിക്കുന്നത്).

മുന്നാക്ക ക്രിസ്ത്യാനികളും നായന്മാരും അടക്കിവാഴുന്നയിടമാണ് കേരളത്തിലെ ക്രിസ്ത്യന്‍ എയിഡഡ് സ്ഥാപനങ്ങള്‍. അതായത് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ജാതി ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളാണ് എന്നതിന്റെ നേര്‍ ചിത്രമാണ് ഈ ടേബിള്‍ നമുക്ക് നല്‍കുന്നത്.

1467 അധ്യാപകരില്‍ 1447 ആളുകളുടെ ജാതി തിരിച്ചുള്ള വിവരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ബാക്കി വരുന്ന ഇരുപത് അധ്യാപകര്‍ മുന്നാക്ക ഹിന്ദുക്കളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരാണ്. ഇതില്‍ നാല് കോളേജുകളില്‍ ക്രിസ്ത്യാനികളായ അധ്യാപകരും അനധ്യാപകരും മാത്രമാണ് ജോലി ചെയ്യുന്നത്.

അധ്യാപകരായ പിന്നാക്ക ജാതിയിലെ 81 പേരില്‍ 60 പേര്‍ ഈഴവ/തിയ്യ ജാതിയില്‍ നിന്നുള്ളവരാണ്. ഈ 40 കോളേജുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ലത്തീന്‍ കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലാകട്ടെ ദളിത് ക്രൈസ്തവരില്‍ നിന്ന് ആരെയും അധ്യാപകരായും അനധ്യാപകരായും പരിഗണിച്ചിട്ടില്ല.

നാമമാത്രമായ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം മാത്രമാണ് ഇവരുടെ സ്ഥാപനങ്ങളില്‍ നിലനിര്‍ത്തയിരിക്കുന്നത്. ഡാറ്റ കാണിക്കുന്നത് ഇതര ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് ഈഴവരേക്കാള്‍ കൂടുതല്‍ പ്രാധിനിത്യം ലഭിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ ക്രിസ്ത്യന്‍ കോളേജുകളിലെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം നോക്കുമ്പോള്‍ പട്ടിക ജാതി/വര്‍ഗത്തിനേക്കാള്‍ പ്രാതിനിധ്യം കുറവാണ് ദളിത് ക്രിസ്ത്യാനികള്‍ക്ക് എന്ന് മനസിലാക്കാന്‍ സാധിക്കും.

ഏറ്റവും കുറവ് പ്രതിനിധ്യമാകട്ടെ മുസ്‌ലിങ്ങള്‍ക്കാണ്. സാമൂഹികമായി ദളിത് ക്രൈസ്തവരെ അവഗണിക്കുന്നതിന്റെ നേര്‍ കാഴ്ചയാണ് ക്രിസ്ത്യന്‍ കോളേജുകളില്‍ കാണാന്‍ സാധിക്കുന്നത്. എന്തുകൊണ്ടാണ് ക്രൈസ്തവ ന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദളിത് ക്രൈസ്തവരെ സഭകളുടെ സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങളില്‍ നിയമിക്കാത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഇതിന്റെ ഉത്തരം ജാതി വിവേചനം എന്നത് മാത്രമാണ്. എന്നാല്‍ ദളിത് ക്രൈസ്തവരെ ഒഴിവാക്കുന്നതിന് കാരണം പറയുന്നതാകട്ടെ മെറിറ്റ് ഇല്ല എന്നതാണ്. എന്തുകൊണ്ടാണ് ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു വന്ന ഒരു വിഭാഗത്തിന് മാത്രമായി മെറിറ്റ് ഇല്ലാതായത് എന്ന ചോദ്യമാണ് ഇത്തരം വാദങ്ങള്‍ക്ക് വിപരീതമായി ഉയരുന്നത്.

മെറിറ്റ് വാദം മുന്‍പോട്ട് വെയ്ക്കുന്ന ക്രിസ്ത്യന്‍ എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഗവേഷണ – വിദ്യാഭ്യാസ മേഖലയ്ക്ക് എന്ത് സംഭാവനയാണ് നല്‍കിയിരിക്കുന്നത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

സ്വന്തമായി പണം മുടക്കി നിലവാരം കുറഞ്ഞതും യാതൊരു മാനദണ്ഡവുമില്ലാത്ത ജേര്‍ണലുകളില്‍ ലേഖനം അച്ചടിപ്പിക്കുകയും അതേപോലെ ഗൈഡുകള്‍ മാത്രം തയ്യാറാക്കാന്‍ അറിയാവുന്ന അധ്യാപകരെ ചൂണ്ടിക്കാണിച്ചാണ് മെറിറ്റിനെ കുറിച്ച് അവര്‍ സംസാരിക്കുന്നത്.

എന്നാല്‍ വിദ്യാഭ്യാസ യോഗ്യത കേവലം ഡിഗ്രി, ഹൈസ്‌കൂള്‍ എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന അനധ്യാപക തസ്തികകളില്‍ നിന്നും ദളിത് ക്രൈസ്തവരെ ഒഴിവാക്കുന്നയിടത്തിലാണ് സഭകള്‍ ജാതി കേന്ദ്രമായി മാറുന്നത്. 40 കോളേജുകളിലായി ആകെയുള്ള 652 അനധ്യാപകരില്‍ 649 ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് മുകളിലെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ബാക്കി മൂന്ന് പേരാകട്ടെ മുന്നാക്ക ഹിന്ദുക്കളില്‍പ്പെട്ടവരാണ്.

അധ്യാപകരുടെ പട്ടികപോലെ അനധ്യാപക പട്ടികയിലും മുന്നാക്ക ക്രിസ്ത്യാനികള്‍ തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പട്ടിക ജാതിയേക്കാള്‍ കുറവാണ് ഇവിടെയും ദളിത് ക്രൈസ്തവരുടെ എണ്ണം. മുസ്‌ലിങ്ങളില്‍ നിന്നാകട്ടെ ഒരാളെ പോലും പരിഗണിച്ചിട്ടില്ല.

ഇനി ഈ പട്ടികയിലെ ചില അനധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത കൂടി പരിശോധിക്കേണ്ടതാണ്. അപ്പോഴാണ് കേരളത്തിലെ ദളിത് ക്രൈസ്തവര്‍ അകറ്റിനിര്‍ത്തപ്പെട്ടത് ജാതിയുടെ പേരിലാണെന്ന് വ്യക്തമാകുക.

വിവരാവകാശ രേഖാപ്രകാരം മറുപടി ലഭിച്ചതില്‍ 34 കോളേജുകള്‍ മാത്രമാണ് അനധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത നല്‍കാന്‍ തയ്യാറായത്. ഈ കാരണത്താല്‍ ചുവടെയുള്ള പട്ടികയില്‍ 34 കോളേജിലെ കണക്ക് മാത്രമാണ് സൂചിപ്പിക്കുന്നത്.

34 കോളേജുകളിലായി ജോലി ചെയ്യുന്ന 13 ദളിത് ക്രിസ്ത്യാനികളെ ഒഴിവാക്കിയാണ് ഈ പട്ടിക നിര്‍മ്മിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലെ കടുത്ത ജാതി വിവേചനം കാരണമാണ് അവര്‍ ദളിത് ക്രൈസ്തവരെ സ്ഥാപനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നത് എന്നതിനെ വ്യക്തമാക്കി തരുന്നതാണ് ഈ പട്ടിക.

34 കോളേജുകളില്‍ ജോലി ചെയ്യുന്ന ദളിത് ക്രൈസ്തവരുടെ ആകെയെണ്ണം പതിമൂന്നാണ് എന്നാല്‍ ഇതര ക്രിസ്ത്യാനികളില്‍ വെറും പ്രൈമറി വിദ്യാഭ്യാസ യോഗ്യതയുള്ള 20 പേരും, ഹൈസ്‌കൂള്‍ യോഗ്യതയുള്ള 31 ആളുകളും, എസ്.എസ്.എല്‍.സി തോറ്റ 30 പേരും ജോലി ചെയ്യുന്ന ഇടത്തില്‍ ദളിത് ക്രിസ്ത്യാനികളെ അകറ്റി നിര്‍ത്തുന്നതിനു പിന്നില്‍ മെറിറ്റ് ആണോ, ജാതിയാണോ എന്ന് തിരിച്ചറിയാന്‍ സാമാന്യ ബോധം മാത്രം മതി. ഈ പട്ടികയില്‍ നിന്നും കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളുടെ മെറിറ്റ് വാദം എന്താണ് എന്ന് നമുക്ക് ഏവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

സര്‍ക്കാരിന്റെയും ക്രൈസ്തവ സഭകളുടെയും സംവിധാനങ്ങളില്‍ യാതൊരു പ്രാതിനിധ്യവും ലഭിക്കാത്ത ദളിത് ക്രൈസ്തവര്‍ അവരുടെ സംഘടനകളിലൂടെ മുന്‍പോട്ട് വെച്ചത് തികച്ചും വിചിത്രമായ വാദങ്ങള്‍ മാത്രമായിരുന്നു.

അതായത് പട്ടിക ജാതി പദവി എന്ന മുദ്രാവാക്യത്തിന് പിന്നാലെയായിരുന്നു ബഹുഭൂരിപക്ഷം ദളിത് ക്രൈസ്തവ സംഘടനകളും യാത്ര ചെയ്തത്. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങങ്ങളിലെ അസമത്വം എന്താണ് എന്ന് ചോദ്യം ചെയ്യുന്നതിനോ, അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്രൈസ്തവ സഭകളിലെ ഉദ്യോഗ പ്രാതിനിധ്യമെന്താണ് എന്നതിനെ കുറിച്ചോ ഒന്നും തന്നെ ഇവര്‍ സംസാരിച്ചിരുന്നില്ല.

ക്രൈസ്തവ സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഉദ്യോഗ പ്രാതിനിധ്യം എന്ന അവകാശം ഉന്നയിക്കുന്ന നിമിഷത്തില്‍ മാത്രമാണ് കേരളത്തില്‍ ദളിത് ക്രൈസ്തവ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സഭയുടെ ഔദ്യോഗിക പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥ വിമോചന ദളിത് സംഘടനയായി മാറുകയുള്ളൂ.

അതായത്, വര്‍ഷത്തില്‍ ഒരു ഞായറാഴ്ച വാര്‍ഷികം ആഘോഷിക്കുന്ന പിന്നാക്കാവസ്ഥയില്‍ നിന്നും മോചിതരാകുന്ന നിമിഷത്തില്‍ മാത്രമാണ് അതൊരു സാമൂഹ്യ പ്രസ്ഥാനമായി മാറുകയുള്ളൂ എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരേണ്ടതാണ്.

കേരളത്തിലെ ക്രൈസ്തവ സഭയാകട്ടെ ആധുനിക ജനാധിപത്യക്രമത്തിലേക്കും തുല്യത എന്ന സങ്കല്‍പ്പത്തിലേക്കും എത്തിച്ചേര്‍ന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഉദ്യോഗസ്ഥ മേഖലയില്‍ ഇവര്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഈ ജാതി കോട്ടകള്‍. ഇവരുടെ ജാതി കോട്ടകളിലൂടെ ഇല്ലാതാകുന്നത് മനുഷ്യന്‍ എന്ന തിരിച്ചറിവും ആധുനിക ജനാധിപത്യ മുല്യങ്ങളുമാണ്.

Content Highlight: Vinil Paul about Severe casteism in Christian aided institutions

വിനില്‍ പോള്‍

ഗവേഷകന്‍, എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more