ഖത്തർ ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയാണ് റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിര താരം വിനീഷ്യസ് ജൂനിയർ. ബ്രസീലിയൻ അറ്റാക്കിന്റെ കുന്തമുനയായ താരം തന്റെ ആദ്യ ലോകകപ്പ് ഗോളും ടൂർണമെന്റിൽ കാനറികൾക്കായി നേടിയിരുന്നു.
വിവിധ ആഗോള ബ്രാൻഡുകളുടെ അംബാസിഡർ കൂടിയായ താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ആഗോള സ്‌പോര്‍ട്‌സ് നിര്‍മാതാക്കളായ നൈക്കിയുമായുള്ള കരാര്‍ അവസാനിപ്പിക്കാൻ തയാറെടുക്കുന്നെന്ന വാർത്തകളുടെ പേരിലാണ്.
ലോകത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായ തനിക്ക് നൈക്കി ആവശ്യമായ പരിഗണന നൽകുന്നില്ലെന്നതാണ് താരത്തെ ചൊടിപ്പിച്ചത്.
2028 വരെ നൈക്കിയുമായി കരാറിലേർപ്പെട്ടിരിക്കുന്ന വിനീഷ്യസിന് കഴിഞ്ഞ സീസണിൽ ബ്രാൻഡ് പഴയ മോഡൽ ബൂട്ടുകൾ നൽകിയതോടെയാണ് താരം നൈക്കിയുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കൂടാതെ പല പ്രമുഖ ബ്രാൻഡുകളും പരസ്യം ചെയ്യാനായി ക്ഷണിക്കാറുള്ള തനിക്ക് നൈക്കി അവരുടെ പരസ്യങ്ങളിൽ വേണ്ടത്ര പ്രാധാന്യം നൽകാത്തതും വിനീഷ്യസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
2020 ൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറും നൈക്കിയുടെ മോശം സമീപനത്തിൽ പ്രതിഷേധിച്ച് നൈക്കിയുമായുള്ള കരാർ കാലാവധിതീരും മുമ്പ് അവസാനിപ്പിച്ചിരുന്നു.
പെപ്സി, വൺ ഫുട്ബോൾ, വിവോ മുതലായ ആഗോളബ്രാൻഡുകളുടെ അംബാസിഡർ കൂടിയായ വിനീഷ്യസ് അഭിഭാഷകർ മുഖേന നൈക്കിയുമായുള്ള കരാർ അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
കരാർ അവസാനിക്കും വരെ നൈക്കിയുടെ ബൂട്ടണിഞ്ഞു തന്നെയാവും താരം കളിക്കുക. ഖത്തറിലും നൈക്കി അണിഞ്ഞാണ് താരം കളിക്കുന്നത്.
Content Highlights:Vinicius Junior try to cancel nike’s contract