ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആര്? തുറന്നുപറഞ്ഞ് വിനീഷ്യസ് ജൂനിയര്‍
Football
ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആര്? തുറന്നുപറഞ്ഞ് വിനീഷ്യസ് ജൂനിയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th May 2023, 12:01 pm

ആധുനിക ഫുട്‌ബോളില്‍ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. സ്പാനിഷ് മാഗസിനായ മാഡ്രിഡിസ്റ്റ റയലിന് നല്‍കിയ അഭിമുഖത്തില്‍ ഫുട്‌ബോളിലെ ലെജന്‍ഡ്‌സിന്റെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോക്ക് പുറമെ അദ്ദേഹം നെയ്മര്‍, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ നസാരിയോ, ലൂക്ക മോഡ്രിച്ച് എന്നിവരുടെയും പേരുകള്‍ പറഞ്ഞു.

‘ഗോളടിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോയെ കവച്ചുവെക്കാന്‍ ആരുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് മുറിയിലെ ചുവരുകളില്‍ നിറയെ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചുവെക്കാറുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്റെ ഐഡല്‍,’ വിനീഷ്യസ് പറഞ്ഞു.

വിനീഷ്യസിന് പുറമെ റൊണാള്‍ഡോയെ മാതൃകയാക്കുന്ന നിരവധി താരങ്ങളുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തൊട്ട് പി.എസ്.ജി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുള്‍പ്പെടെ നിരവധി യുവതാരങ്ങളുടെ ഇഷ്ട കളിക്കാരനാണ് റൊണാള്‍ഡോ.

ക്രിസ്റ്റ്യാനോയുടെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ മികച്ച ഫോമില്‍ തുടരുകയാണ് വിനീഷ്യസ്. ഈ സീസണില്‍ തന്റെ പ്രകടന മികവ് കൊണ്ട് ലോസ് ബ്ലാങ്കോസിനായി മികച്ച സ്‌കോര്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ വിശ്വസ്ത കളിക്കാരിലൊരാളായി മാറാനും ഇതിനകം 21കാരന് സാധിച്ചു.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.

എന്നാല്‍, കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.

മത്സരത്തിന് ശേഷം താരത്തെ വാനോളം പുകഴ്ത്തി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിനി മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ ആളുള്‍ പ്രശംസിക്കുകയായിരുന്നു.

സൗദി പ്രോ ലീഗില്‍ ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 17 ജയവും 56 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇതിഹാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Content Highlights: Vinicius Junior praises Cristiano Ronaldo