| Wednesday, 18th October 2023, 10:32 am

'ഗോളുകളോട് ആസക്തി!! CR7 ആനിമല്‍'; ക്രിസ്റ്റ്യാനോയെ വാനോളം പ്രശംസിച്ച് വിനീഷ്യസ് ജൂനിയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാനോളം പ്രശംസിച്ച് ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. ചാമ്പ്യന്‍ ലീഗില്‍ റൊണാള്‍ഡോ ഗോള്‍ നേടുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ടാണ് വിനീഷ്യസ് തന്റെ ആരാധനാപാത്രത്തെ പ്രശംസിച്ചത്.

‘ഗോളുകളോട് ആസക്തി!! CR7 ആനിമല്‍!!!’ എന്നാണ് വീഡിയോയ്ക്ക് വിനീഷ്യസ് ശീര്‍ഷകം നല്‍കിയത്. റൊണാള്‍ഡോയെ തന്റെ കുട്ടിക്കാലം മുതല്‍ ആരാധിക്കുന്നുണ്ടെന്ന് വിനീഷ്യസ് പലപ്പോഴും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ എല്ലാ മാച്ചുകളും കണ്ടിരുന്നെന്നും റോണോ തനിക്ക് ഐഡല്‍ ആണെന്നുമാണ് വിനീഷ്യസ് പറഞ്ഞത്.

റയല്‍ മാഡ്രിഡില്‍ റോണോക്കൊപ്പം ബൂട്ടുകെട്ടാന്‍ വിനീഷ്യസിന് അവസരം ലഭിച്ചിരുന്നില്ല. 2018ലാണ് വിനീഷ്യസ് റയലില്‍ എത്തുന്നത്. അതേ വര്‍ഷം തന്നെയാണ് ക്രിസ്റ്റ്യാനോ ലോസ് ബ്ലാങ്കോസ് വിട്ടതും.

അതേസമയം, റയല്‍ മാഡ്രിഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിനീഷ്യസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുമുമ്പ് ക്രിസ്റ്റ്യാനോ ആയിരുന്നു റയലിന്റെ ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞിരുന്നത്.

കഴിഞ്ഞ ജൂലൈയില്‍ നടന്ന ക്ലബ്ബ് സൗഹൃദ മത്സരത്തിലാണ് വിനീഷ്യസ് ആദ്യമായി റയലിന് വേണ്ടി ഏഴാം നമ്പര്‍ ജേഴ്‌സിയിലെത്തിയത്. ടെക്‌സസിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലായിരുന്നു അത്.

റയല്‍ മാഡ്രിഡിനായി ഇതുവരെ കളിച്ച 232 മത്സങ്ങളില്‍ നിന്ന് 65 അസിസ്റ്റുകളും 62 ഗോളുകളുമാണ് വിനീഷ്യസിന്റെ സമ്പാദ്യം. ചാമ്പ്യന്‍സ് ലീഗില്‍ 16 ഗോളും 17 അസിസ്റ്റും വിനീഷ്യസ് നേടി.

Content Highlights: Vinicius Junior praises Cristiano Ronaldo

We use cookies to give you the best possible experience. Learn more