'ഗോളടിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തെ കവച്ചുവെക്കാന്‍ ആരുമില്ല'; ഇതിഹാസത്തെ കുറിച്ച് വിനീഷ്യസ്
Football
'ഗോളടിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തെ കവച്ചുവെക്കാന്‍ ആരുമില്ല'; ഇതിഹാസത്തെ കുറിച്ച് വിനീഷ്യസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th August 2023, 1:11 pm

ആധുനിക ഫുട്ബോളില്‍ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. സ്പാനിഷ് മാഗസിനായ മാഡ്രിഡിസ്റ്റ റയലിന് നല്‍കിയ അഭിമുഖത്തില്‍ ഫുട്ബോളിലെ ലെജന്‍ഡ്സിന്റെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോക്ക് പുറമെ അദ്ദേഹം നെയ്മര്‍, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ നസാരിയോ, ലൂക്ക മോഡ്രിച്ച് എന്നിവരുടെയും പേരുകള്‍ പറഞ്ഞു.

‘ഗോളടിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോയെ കവച്ചുവെക്കാന്‍ ആരുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് മുറിയിലെ ചുവരുകളില്‍ നിറയെ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചുവെക്കാറുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്റെ ഐഡല്‍,’ വിനീഷ്യസ് പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വിനീഷ്യസ് പറഞ്ഞിരുന്നു. മാഡ്രിഡ് എക്സ്ട്രയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ജുവാനിറ്റോയെയും പോലുള്ള ഇതിഹാസ താരങ്ങളുടെ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാന്‍ എന്നെ തെരഞ്ഞെടുത്തതില്‍ എനിക്കേറെ സന്തോഷവും അഭിമാനവുമുണ്ട്,’ വിനീഷ്യസ് പറഞ്ഞു.

റയലിന്റെ എക്കാലത്തേയും മികച്ച ഗോളടിവീരനാണ് റൊണാള്‍ഡോ. 450 ഗോളുകളാണ് ലോസ് ബ്ലാങ്കോസിനായി റൊണള്‍ഡോ നേടിയത്. വിനീഷ്യസിന് പുറമെ റൊണാള്‍ഡോയെ മാതൃകയാക്കുന്ന നിരവധി താരങ്ങളുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് തൊട്ട് പി.എസ്.ജി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുള്‍പ്പെടെ നിരവധി യുവതാരങ്ങളുടെ ഇഷ്ട കളിക്കാരനാണ് റൊണാള്‍ഡോ.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.ചരിത്രത്തില്‍ ആദ്യമായി അല്‍ നസര്‍ അറബ് കപ്പില്‍ മുത്തമിട്ടിരുന്നു. റോണോയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അല്‍ നസര്‍ ചാമ്പ്യന്മാരായത്.

Content Highlights: Vinicius Junior praises Cristiano Ronaldo