ഈ സീസണില്‍ മികച്ച പ്രകടനമാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ കാഴ്ചവെക്കുന്നത്. താരത്തെ സൈന്‍ ചെയ്യിക്കാന്‍ രണ്ട് വമ്പന്‍ ക്ലബ്ബുകളാണ് രംഗത്തെത്തിയത്. ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങാണ് ഇക്കൂട്ടത്തില്‍ ആദ്യം.
സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരില്‍ രണ്ട് പേരെ നിലനിര്‍ത്തി ഒരാളെ പി.എസ്.ജി റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എംബാപ്പെയെ ക്ലബ്ബിലെ സ്ഥിര സാന്നിധ്യമാക്കിക്കൊണ്ടുള്ള പദ്ധതികളാണ് പാരീസിയന്‍സ് മെനയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറെ റിലീസ് ചെയ്ത് 22കാരനായ വിനീഷ്യസിനെ ടീമിലെത്തിക്കുമെന്നാണ് സൂചന.
പി.എസ്.ജിയുടെ പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി റയല്‍ മാഡ്രിഡുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് വിനീഷ്യസിനായി രംഗത്തെത്തിയിരിക്കുന്ന രണ്ടാമത്തെ ക്ലബ്ബ്. റാഫേല്‍ വരാനെയും കാസെമിറോയെയും ക്ലബ്ബിലെത്തിച്ചതില്‍ കോച്ച് എറിക് ടെന്‍ ഹാഗ് അതീവ സന്തോഷവാനാണെന്നും അതിനാല്‍ വിനീഷ്യസിനെ സൈന്‍ ചെയ്യിക്കുന്നത് യുണൈറ്റഡിന് നേട്ടുമുണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായ് റിപ്പോര്‍ട്ടുണ്ട്.
എന്നിരുന്നാലും വിനീഷ്യസ് പുതിയ ക്ലബ്ബുമായി സൈനിങ് നടത്തുന്ന വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. താരം റയല്‍ മാഡ്രിഡില്‍ സന്തുഷ്ടനാണെന്നും അവിടെ തന്നെ തുടരാനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സി ലീഗില്‍ ലിവര്‍പൂളിനെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയം നേടാന്‍ റയലിന് സാധിച്ചിരുന്നു.
രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ ജയം. സൂപ്പര്‍താരം കരിം ബെന്‍സെമക്ക് പുറമെ റയലിനായി ഇരട്ട ഗോളുകള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. മാര്‍ച്ച് 16നാണ് രണ്ടാം പാദ മത്സരം.