ചാമ്പ്യന്‍സ് ലീഗിലെ തകര്‍പ്പന്‍ പ്രകടനം'; ഇതിഹാസ താരത്തിന്റെ റെക്കൊഡിനൊപ്പമെത്തി വിനീഷ്യസ് ജൂനിയര്‍
Football
ചാമ്പ്യന്‍സ് ലീഗിലെ തകര്‍പ്പന്‍ പ്രകടനം'; ഇതിഹാസ താരത്തിന്റെ റെക്കൊഡിനൊപ്പമെത്തി വിനീഷ്യസ് ജൂനിയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th May 2023, 12:01 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു റയല്‍ മാഡ്രിഡ് സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ കാഴ്ചവെച്ചത്. സെന്ത്യാഗോ ബെര്‍ണബ്യൂവില്‍ നടന്ന വാശിയേറിയ പോരാട്ടം 1-1 ന്റെ സമനിലയില്‍ പിരിയുകയായിരുന്നു. വിനീഷ്യസ് ആണ് റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയത്.

ഈ ഗോള്‍ നേട്ടത്തോടെ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് താരം. ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ റൊണാള്‍ഡോയുടേതിന് സമാനമായി തുടര്‍ച്ചയായ 11 യു.സി.എല്‍ മത്സരങ്ങളില്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയിരിക്കുകയാണ് വിനീഷ്യസ്. റെക്കോഡ് നേട്ടത്തിന് പിന്നാലെ നിരവധിയാരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തിന്റെ 36ാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോളിലൂടെ വിനീഷ്യസ് റയല്‍ മാഡ്രിഡിനായി ലീഡ് നേടിയപ്പോള്‍ മാന്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍ 67ാം മിനിട്ടില്‍ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കുകയായിരുന്നു. ഇല്‍ക്കെ ഗുണ്ടോവാന്റെ സഹായത്തോടെയാണ് ഡി ബ്രൂയിന്‍ ഗോള്‍ വലയിലെത്തിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡി ബ്രൂയിനിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ കോര്‍ട്ടോ തടഞ്ഞിരുന്നു. തുടര്‍ന്നാണ് 67ാം മിനിട്ടില്‍ സിറ്റിക്കായി ആശ്വാസ ഗോള്‍ നേടുന്നത്. രണ്ടാം പാദത്തിന്റെ അവസാനം വരെ ഇരുടീമുകളും ജയത്തിനായി പൊരുതിയെങ്കിലും ഗോളാക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

78ാം മിനിട്ടില്‍ ടോണി ക്രൂസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ബെന്‍സെമയുടെ ഹെഡര്‍ എഡേഴ്സണ്‍ തടഞ്ഞിരുന്നു. അവസാന നിമിഷം ലോസ് ബ്ലാങ്കോസ് അസെന്‍സിയോയെയും ചൗമേനിയെയും കളത്തിലിറക്കിയെങ്കിലും ഫലുണ്ടായില്ല. അന്തിമ വിസിലിന് സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ചൗമേനി ഗോള്‍ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച സേവിലൂടെ വിഫലമാക്കി.

മെയ് 18ന് ഇത്തിഹാദില്‍ വെച്ചാണ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിക്കാനായാല്‍ മാത്രമെ റയല്‍ മാഡ്രിഡിന് ഫൈനലില്‍ ഇടം നേടാനാകൂ.

Content Highlights: Vinicius Junior equals the record to Cristiano Ronaldo in UEFA Champions league