|

ഇങ്ങനെയൊരു റെക്കോഡ് ഫുട്ബോൾ ചരിത്രത്തിലാദ്യം; ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റയൽ സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

2023-21 യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി നടത്തിയ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ബ്രസീലിയന്‍ യുവതാരം ഈ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളാണ് റയല്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് 10 മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് വിനീഷ്യസ് നേടിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ തങ്ങളുടെ 15 യു.സി.എല്‍ കിരീടം നേടിയത്. ഫൈനല്‍ പോരാട്ടത്തിലും റയലിനായി ഗോള്‍ നേടാന്‍ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു.

ലോസ് കഴിഞ്ഞ സീസണില്‍ 39 മത്സരങ്ങളില്‍ നിന്നും 24 തവണയാണ് വിനീഷ്യസ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. ഇതിന് പുറമേ ഒമ്പത് തവണ തന്റെ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കാനും ബ്രസീലിയന്‍ താരത്തിന് സാധിച്ചു.

2022ലെ ചാമ്പ്യന്‍സ് ലീഗിലെ യങ് പ്ലയെര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും വിനീഷ്യസ് ആയിരുന്നു സ്വന്തമാക്കിയത്. ഇപ്പോള്‍ വീണ്ടും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും തന്റെ ഷെല്‍ഫില്‍ എത്തിച്ചതോടെ ഇതുവരെ ഫുട്ബോളിൽ മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു ചരിത്ര നേട്ടമാണ് ബ്രസീലിയന്‍ താരം തന്റെ പേരില്‍ കുറിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഈ രണ്ട് അവാര്‍ഡുകളും സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനാണ് വിനീഷ്യസിന് സാധിച്ചത്.

അതേസമയം ഈ സീസണിലും കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ മിന്നും പ്രകടനമാണ് വിനീഷ്യസ് നടത്തുന്നത്. ഇതിനോടകം തന്നെ റയലിനായി ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.

നിലവില്‍ സ്പാനിഷ് ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും രണ്ടു സമനിലയുമായി 11 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലോസ് ബ്ലാങ്കോസ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെപ്റ്റംബര്‍ 18ന് നടക്കുന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് വി.എഫ്.ബി സ്റ്റുര്‍ഗാര്‍ട്ടിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം നടക്കുക.

Content Highlight: Vinicius Junior Create a Historical Achievement in UCL

Latest Stories