Sports News
മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത്? വമ്പന്‍ തെരഞ്ഞെടുപ്പുമായി വിനീഷ്യസ് ജൂനിയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Oct 23, 12:27 pm
Wednesday, 23rd October 2024, 5:57 pm

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോയും. ഇരുവരിലും ആരാണ് മികച്ച താരങ്ങള്‍ എന്ന ചര്‍ച്ചകള്‍ ഇപ്പോഴും അറ്റമില്ലാതെ നീളുകയാണ്.

നിലവില്‍ ഇന്റര്‍മയാമിക്കായി കളിക്കുന്ന മെസി എം.എല്‍.എസിലും കിരീടം സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ്. അതേസമയം സൗദി പ്രോലീഗില്‍ ക്രിസ്റ്റിയാനോ അല്‍ നസറിന് വേണ്ടി മിന്നും നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് മുമ്പോട്ട് പോകുന്നത്.

2017ല്‍ ഒരു ഇന്റര്‍വ്യൂയില്‍ സംസാരിക്കുന്നതിനിടയില്‍ ഇരുവരിലും ആരാണ് മികച്ച താരമെന്ന് ബ്രസീലിന്റെയും റയല്‍ മാഡ്രിഡിന്റെയും മിന്നും താരം വിനീഷ്യസ് ജൂനിയര്‍ പറഞ്ഞിരുന്നു.

24കാരനായ വിനിനീഷ്യസ് ജൂനിയര്‍ അന്ന് തെരഞ്ഞെടുത്തത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയായിരുന്നു. ‘മെസിയോ ക്രിസ്റ്റ്യാനോ? എന്ന അവതാരകന്റെ ചോദ്യത്തിന് … മെസി, മെസി,’ എന്നായിരുന്നു വിനീഷ്യസ് ഉത്തരം പറഞ്ഞത്.

എന്നാല്‍ റയലില്‍ എത്തിയതിന് ശേഷം 2023ല്‍ വിനീഷ്യസ് ജൂനിയറും റൊണാള്‍ഡോയും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവെക്കുകയും ഒരു ആടിന്റെ സ്റ്റിക്കര്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു.

കഴിഞ്ഞ സീസണില്‍ റയലിന് വേണ്ടി 39 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളും 11 അസിസ്റ്റുകളും നേടി വിനി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നിലവില്‍ 106 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.

Content Highlight: Vinicius Jr Talking About Lionel Messi And Cristiano Ronaldo