വരാനിരിക്കുന്ന സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുമെന്ന് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. 2024ല്‍ പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ആയിരുന്നു പി.എസ്.ജി നേരത്തെ പദ്ധതിയിട്ടിരുന്നത്. താന്‍ 2025ല്‍ ക്ലബ്ബില്‍ തുടരാനാകില്ലെന്ന് താരം പി.എസ്.ജിയുടെ ഉന്നത ഉദ്യോഗസ്ഥരെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
പി.എസ്.ജി വിടുന്നതോടെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈനിങ് നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംബാപ്പെ റയലിലെത്തിയാല്‍ അത് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന് തിരിച്ചടിയാകുമെന്നും താരത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിനീഷ്യസ്. എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് വരുന്നത് തന്റെ അവസരം നഷ്ടപ്പെടുത്താന്‍ അല്ലെന്നും ക്ലബ്ബിലെ പുതിയൊരു താരമായിട്ടാണ് അദ്ദേഹം സൈന്‍ ചെയ്യുകയെന്നും വിനീഷ്യസ് പറഞ്ഞു.
‘എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് വരികയാണെങ്കില്‍ അതെന്നെ ബെഞ്ചിലിരുത്താന്‍ അല്ല. അവന്‍ ലെഫ്റ്റ് അറ്റാക്കറുമല്ല. എംബാപ്പെ ക്ലബ്ബിലെത്തുക ഒരു പുതിയ സെന്റര്‍ ഫോര്‍വേഡ് ആയിട്ടാകും,’ വിനീഷ്യസ് പറഞ്ഞു.
അതേസമയം, മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും എംബാപ്പെക്കായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ (1320 കോടി രൂപ) യൂറോയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
സ്‌പോര്‍ട്‌സ് മാധ്യമങ്ങളായ മാര്‍ക്കയുടെയും സെന്‍ട്രല്‍ ഡിഫന്‍സ് സൈറ്റിന്റെയും റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരിയില്‍ ലോസ് ബ്ലാങ്കോസ് താരത്തെ സ്വന്തമാക്കുകയും അടുത്ത വര്‍ഷം എംബാപ്പെ റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ കളിക്കുകയും ചെയ്യും.
Content Highlights: Vinicius Jr talking about Kylian Mbappe’s arrival to Real Madrid