| Monday, 22nd May 2023, 12:23 pm

റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ, ക്രിസ്റ്റിയാനോ, മെസി എന്നിവരുടെ ലീഗ് ഇപ്പോള്‍ വെറും വംശീയമാണ്, ഫെഡറേഷന്‍ റേസിസം പ്രോത്സാഹിപ്പിക്കുന്നു; വിനിഷ്യസ് ജൂനിയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കളത്തില്‍ നേരിട്ട വംശീയാധിക്ഷേപത്തിന് പിന്നാലെ മറുപടിയുമായി റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനഷ്യസ് ജൂനിയര്‍. ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് – വലന്‍സിയ മത്സരത്തിനിടെയാണ് താരത്തിനെതിരെ വംശീയാധിക്ഷേപമുണ്ടായത്.

‘ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവമുണ്ടാകുന്നത്. രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയുമല്ല. ലാ ലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാവുകയാണ്. ഇത് സാധാരണമാണെന്നാണ് ഇവിടെ കരുതുന്നത്. ഫെഡറേഷനും എതിരാളികളും അതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ, ക്രിസ്റ്റിയാനോ, മെസി എന്നിവരുടെ ലീഗ് ഇപ്പോള്‍ പൂര്‍ണമായും വംശീയമാണ്. ഞാന്‍ സ്‌നേഹിക്കുന്ന, എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു രാജ്യപ്പോള്‍ ലോകത്തിന് മുമ്പില്‍ വംശീയവിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ മുഖമാണ്.

ഇപ്പോള്‍ ബ്രസീലുകാരുടെ മനസില്‍ സ്‌പെയ്ന്‍ എന്നത് വംശീയ വെറിയന്‍മാരുടെ രാജ്യമായി മാറിയിരിക്കുന്നു, അംഗീകരിക്കാത്തവര്‍ ക്ഷമിക്കുക.

നിര്‍ഭാഗ്യവശാല്‍ അത് എല്ലാ ആഴ്ചയും തുടരുന്നതിനാല്‍ അതിനെ പ്രതിരോധിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇക്കാര്യം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ ശക്തനാണ്, വംശീയവാദികള്‍ക്കെതിരെ ഞാന്‍ അവസാന നിമിഷം വരെ പോരാടും, അത് ഒത്തിരി ദൂരെയാണെങ്കിലും പോരാട്ടം തുടരുക തന്നെ ചെയ്യും,’ വിനീഷ്യസ് പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

റയല്‍ മാഡ്രിഡ് – വലന്‍സിയ മത്സരത്തിലായിരുന്നു സംഭവം നടന്നത്. വലന്‍സിയയുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ സ്‌റ്റേഡിയമൊന്നാകെ വിനീഷ്യസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. കുരങ്ങനെന്നും ഇഡിയറ്റ് എന്നുമാണ് സ്‌റ്റേഡിയമൊന്നാകെ ചാന്റ് ചെയ്ത്.

ഇതിന് പുറമെ വലന്‍സിയ താരവുമായി വിനീഷ്യസ് കയ്യാങ്കളിയിലേര്‍പ്പെടുകയും റെഡ് കാര്‍ഡ് വാങ്ങുകയും ചെയ്തിരുന്നു.

വംശീയാധിക്ഷേപത്തിന് പിന്നാലെ വിനീഷ്യസിന് പിന്തുണയുമായി നെയ്മര്‍ അടക്കമുള്ള വിവിധ താരങ്ങളുമെത്തിയിരുന്നു. റയല്‍ കോച്ച് അന്‍സലോട്ടിയും വിനിയെ പിന്തുണച്ചിരുന്നു.

മത്സരത്തില്‍ എതിരിലാത്ത ഒരു ഗോളിന് റയല്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. മത്സരത്തിന്റെ 33ാം മിനിട്ടില്‍ ഡിയാഗോ ലോപസിന്റെ ഗോളില്‍ മുമ്പിലെത്തിയ വലന്‍സിയ മത്സരത്തിലുടനീളം ലീഡ് കാത്തുസൂക്ഷിക്കുകയായിരുന്നു.

Content Highlight: Vinicius Jr responds to racial abuse

We use cookies to give you the best possible experience. Learn more