| Tuesday, 26th March 2024, 2:59 pm

'എനിക്ക് ഫുട്‌ബോള്‍ കളിക്കണം'; വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് വിനീഷ്യസ് ജൂനിയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ കളിയോടുള്ള താല്‍പ്പര്യമെല്ലാം കുറഞ്ഞുവെന്ന് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍. സ്‌പെയിനില്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ മുന്‍നിര്‍ത്തി സംസാരിക്കുകയായിരുന്നു താരം. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചുള്ള വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കരഞ്ഞു കൊണ്ടാണ് വിനീഷ്യസ് ജൂനിയര്‍ പ്രതികരിച്ചത്.

‘എനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമേ മാത്രമാണ് ആഗ്രഹം. പക്ഷേ, മുന്നോട്ട് പോകുന്നത് കഠിനമാണ്. സ്‌പെയിന്‍ വിടുകയെന്ന ചിന്ത ഒരിക്കലും എന്റെ മനസിലൂടെ കടന്നുപോയിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ അവരുടെ ആഗ്രഹം നടപ്പാകും,’ വിനീഷ്യസ് ജൂനിയര്‍ പറഞ്ഞു.

‘ഞാന്‍ ഇവിടെ തന്നെ തുടരും. വംശീയവാദികള്‍ക്ക് തുടര്‍ന്നും എന്റെ മുഖം കാണാനാകുമല്ലോ. ഞാന്‍ ബോള്‍ഡായൊരു താരമാണ്. ഞാന്‍ റയല്‍ മാഡ്രിഡിനുവേണ്ടിയാണ് കളിക്കുന്നത്. ഞങ്ങള്‍ ഒരുപാട് കിരീടങ്ങള്‍ നേടും. ഒരു പക്ഷേ, ഇത് പലര്‍ക്കും ഇഷ്ടപ്പെടുന്നുണ്ടാകില്ല, സ്‌പെയ്ന്‍ ഒരു വംശീയ രാജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ധാരാളം വംശീയവാദികളുണ്ട്. അവരില്‍ പലരും സ്റ്റേഡിയത്തിലുമുണ്ട്,’ വിനീഷ്യസ് ജൂനിയര്‍ കൂട്ടിച്ചേര്‍ത്തു.

വിനീഷ്യസിന്റെ അവസ്ഥയെക്കുറിച്ച് ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായ ഡോറിവല്‍ ജൂനിയര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

‘വംശീയമായി അധിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ കഴിയും. പോലീസ് മനസ് വെക്കണമെന്ന് മാത്രം. ദിവസവും നിരവധി പേരാണ് കഷ്ടതകളിലൂടെ കടന്നുപോകുന്നത്. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തക്കുറവുമൂലം അവര്‍ക്ക് നിശബ്ദരായി കഴിയേണ്ടി വരുന്നു,’ ഡോറിവല്‍ ജൂനിയര്‍ പറഞ്ഞു.

2018 മുതല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ ഭാഗമാണ് വിനീഷ്യസ് ജൂനിയര്‍. ടീമിലെത്തിയശേഷം നിരവധി തവണ വിനീഷ്യസ് ജൂനിയര്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് ലാ ലിഗ വ്യക്തമാക്കുന്നത്.

Content Highlight: Vinicius J.r reacts to racial abuse

We use cookies to give you the best possible experience. Learn more