| Sunday, 3rd September 2023, 10:03 pm

മെസിയല്ല; ആധുനിക ഫുട്‌ബോളിലെ മികച്ച താരത്തെ കുറിച്ച് വിനീഷ്യസ്

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോളില്‍ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. സ്പാനിഷ് മാഗസിനായ മാഡ്രിഡിസ്റ്റ റയലിന് നല്‍കിയ അഭിമുഖത്തില്‍ ഫുട്‌ബോളിലെ ലെജന്‍ഡ്‌സിന്റെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോക്ക് പുറമെ അദ്ദേഹം നെയ്മര്‍, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ നസാരിയോ, ലൂക്ക മോഡ്രിച്ച് എന്നിവരുടെയും പേരുകള്‍ പറഞ്ഞു.

‘ഗോളടിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോയെ കവച്ചുവെക്കാന്‍ ആരുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് മുറിയിലെ ചുവരുകളില്‍ നിറയെ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചുവെക്കാറുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്റെ ഐഡല്‍,’ വിനീഷ്യസ് പറഞ്ഞു.

അതേസമയം, കരിയറില്‍ 850 ഗോള്‍ നേടുന്ന ആദ്യ താരം എന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഹസമിനെതിരായ മത്സരത്തില്‍ നേടിയ ഗോളിന് പിന്നാലെയാണ് റൊണാള്‍ഡോ 850 എന്ന മാജിക്കല്‍ നമ്പര്‍ പൂര്‍ത്തിയാക്കിയത്.

അല്‍ ഹസത്തിനെതിരായ മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. ഈ ഗോളാണ് അദ്ദേഹത്തെ ചരിത്രനേട്ടത്തിന് ഉടമയാക്കിയത്. അല്‍ നസറിന് വേണ്ടി റൊണാള്‍ഡോ നേടുന്ന 26ാം ഗോളാണിത്.

കരിയറില്‍ റൊണാള്‍ഡോ ഏറ്റവുമധികം ഗോള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. പകുതിയിലധികം ഗോളും താരം നേടിയത് ലോസ് ബ്ലാങ്കോസിന് വേണ്ടിയായിരുന്നു. 450 തവണയാണ് റൊണാള്‍ഡോ റയലിനായി എതിരാളികളുടെ വല കുലുക്കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുണ്ടായിരുന്ന രണ്ട് കാലഘട്ടങ്ങളിലുമായി 145 ഗോള്‍ നേടിയപ്പോള്‍ 123 ഗോളുകള്‍ പോര്‍ച്ചുഗീസ് നാഷണല്‍ ടീമിന് വേണ്ടിയായിരുന്നു സ്‌കോര്‍ ചെയ്തത്. യുവന്റസിനായി 101 ഗോളുകള്‍ നേടിയ റൊണാള്‍ഡോ, താന്‍ കളിയടവ് പഠിച്ച ബോയ്ഹുഡ് ക്ലബ്ബായ സ്പോര്‍ട്ടിങ് ലിബ്സണിന് വേണ്ടി അഞ്ച് ഗോളാണ് സ്വന്തമാക്കിയത്.

Content Highlights: Vinicius Jr praises Cristiano Ronaldo

We use cookies to give you the best possible experience. Learn more